രാമക്ഷേത്രത്തിലുണ്ടായത് ഗുരുതര വീഴ്ച; സിസിടിവി മറച്ചു, തട്ടിയെടുത്ത പണം സൂക്ഷിച്ചത് ടോയ്‌ലറ്റില്‍
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച കോടിക്കണക്കിന് രൂപയുടെ കാണിക്കപ്പണം ജീവനക്കാര്‍ തന്നെ തട്ടിയെടുത്തു എന്ന വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ക്ഷേത്രത്തിലെ ഹുണ്ടികകളില്‍ നിന്ന് വന്‍തോതില്‍ പണം ചോര്‍ന്നതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയാണ് രാമക്ഷേത്ര ട്രസ്റ്റിന് നേരിടേണ്ടി വന്നിരിക്കുന്നത്.
ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ട്രസ്റ്റ് ഭാരവാഹികളായ ചമ്പത് റായ്, അനില്‍ മിശ്ര എന്നിവര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ രാജിവെച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തലുകളാണ് ഈ വന്‍ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഏഴ് മുതല്‍ ഏഴര കോടി രൂപയോളം ക്ഷേത്ര കാണിക്കയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

നിലവില്‍ എട്ട് പേരെ േെപാലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രതികളില്‍ ഒരാളുടെ വീട്ടില്‍ നിന്ന് പത്ത് ലക്ഷം രൂപയും ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. ഇതുവരെ വ്യക്തമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എഴുപത് ലക്ഷത്തോളം രൂപ അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്. വീണ്ടെടുക്കുന്ന തുക ഇനിയും ഉയരുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ബാങ്ക് നിക്ഷേപങ്ങളിലെ തുക പരിശോധിച്ചപ്പോഴാണ് ക്ഷേത്ര അധികൃതര്‍ക്ക് ആദ്യം സംശയം തോന്നിയത്. സാധാരണയായി ഒരു ഹുണ്ടിക തുക തിട്ടപ്പെടുത്തുമ്പോള്‍ ആറ് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കാറുണ്ട്. എന്നാല്‍ കുറച്ചു ആഴ്ചകളായി അഞ്ഞൂറ് രൂപ നോട്ടുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പണം എണ്ണുന്ന മുറിയില്‍ ട്രസ്റ്റ് അധികൃതര്‍ രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചു.
ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മോഷ്ടാക്കളുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നത്. പണം എണ്ണുന്നതിനിടയില്‍ ഒരു ജീവനക്കാരന്‍ സിസിടിവി ക്യാമറയ്ക്ക് മുന്നില്‍ ബോധപൂര്‍വം മറഞ്ഞു നില്‍ക്കുകയും ഈ സമയം കൊണ്ട് കൂട്ടാളി നോട്ടുകെട്ടുകള്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുകയുമായിരുന്നു പതിവ്. മറ്റൊരു രീതിയും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു.
പണം തിട്ടപ്പെടുത്തുമ്പോള്‍ ഓരോ നോട്ടുകെട്ടിലും അധികമായി നോട്ടുകള്‍ ഇവര്‍ തിരുകിക്കയറ്റുമായിരുന്നു. വൗച്ചറുകള്‍ എഴുതുമ്പോള്‍ നോട്ടുകെട്ടുകളുടെ എണ്ണം മാത്രമാണ് പരിശോധിച്ചിരുന്നത്. ഈ പണം ബാങ്കിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ച് നോട്ടുകെട്ടുകളില്‍ തിരുകിയിരുന്ന അധിക നോട്ടുകള്‍ പ്രതികള്‍ തട്ടിയെടുക്കും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ വൗച്ചറുകളിലെയും ബാങ്കില്‍ എത്തുന്ന നോട്ടുകെട്ടുകളുടെയും എണ്ണം കൃത്യമായിരിക്കുകയും പണം ചോരുകയും ചെയ്യും.
ക്ഷേത്രത്തിനുള്ളില്‍ വെച്ച് മോഷ്ടിക്കുന്ന പണം ഉടനടി പുറത്തേക്ക് കടത്തുക അസാധ്യമായിരുന്നു. അതിനാല്‍ താല്‍ക്കാലികമായി ഈ പണം ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികളിലാണ് പ്രതികള്‍ ഒളിപ്പിച്ചിരുന്നത്. പിന്നീട് സുരക്ഷിതമായ അവസരങ്ങളില്‍ ഇത് പുറത്തേക്ക് കടത്തുകയും മറ്റൊരു സ്ഥലത്തുവെച്ച് വീതം വെയ്ക്കുകയുമായിരുന്നു പതിവ്. രാംലല്ലയ്ക്ക് ചാര്‍ത്താനായി ഭക്തര്‍ സമര്‍പ്പിച്ച കമ്മലുകള്‍, മൂക്കുത്തികള്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങിയ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും ഈ സംഘം കവര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്.
പണം എണ്ണുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും സ്വാധീനമുള്ള വ്യക്തികളുടെ ശുപാര്‍ശയോടെ ജോലിയില്‍ പ്രവേശിച്ചവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ചമ്പത് റായുടെ ഡ്രൈവറും അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന ടിന്നു യാദവ് എന്ന രാംശങ്കര്‍ യാദവ് തന്റെ സ്വാധീനം ഉപയോഗിച്ച് ബന്ധുവായ മനീഷ് യാദവിന് ഈ ജോലി വാങ്ങി നല്‍കിയിരുന്നു.
അതുപോലെ മറ്റൊരു പ്രതിയായ അനുകല്‍പ് മിശ്ര തന്റെ അളിയനായ ലവ്കുശ് മിശ്രയെ ഇതേ സംഘത്തില്‍ നിയമിച്ചു. തട്ടിപ്പില്‍ പരസ്പരം വിശ്വസിക്കാന്‍ സാധിക്കുന്ന ബന്ധുക്കളുടെ ഒരു ശൃംഖല രൂപീകരിക്കാന്‍ ഇത്തരത്തിലുള്ള നിയമനങ്ങള്‍ പ്രതികളെ സഹായിച്ചു. തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാര്‍ ടിന്നു യാദവും സുഭാഷ് ശ്രീവാസ്തവയുമാണ്. അറസ്റ്റിലായ മറ്റ് പ്രതികളായ അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കര്‍ മിശ്ര എന്നിവരെയും തട്ടിപ്പിലേക്ക് ആകര്‍ഷിച്ചതും കൂടെക്കൂട്ടിയതും സുഭാഷ് ശ്രീവാസ്തവയാണ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാവരും നിരവധി തവണ പണം മോഷ്ടിക്കുന്നത് വ്യക്തമായിട്ടുണ്ട്. തട്ടിപ്പിലൂടെ കിട്ടിയ പണത്തില്‍ വലിയൊരു പങ്ക് പ്രതിയായ അവിനാഷ് ശുക്ല സ്വന്തം ബാങ്ക് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്. അതിസുരക്ഷാ മേഖലയായ അയോധ്യ ക്ഷേത്രത്തില്‍ സംഭവിച്ച ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇത്രയും വലിയൊരു കൊള്ളയ്ക്ക് വഴിതുറന്നത്.
കാണിക്ക പണം എണ്ണുന്ന ജീവനക്കാര്‍ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ യാതൊരു വിധത്തിലുള്ള ദേഹപരിശോധനയ്ക്കും അധികൃതര്‍ മുന്‍കൈ എടുത്തിരുന്നില്ല. ഈ അശ്രദ്ധ പ്രതികള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നു. ക്ഷേത്രത്തില്‍ നിന്നും ലഭിച്ച കാണിക്കപ്പെട്ടി തുറന്ന് പണം തിട്ടപ്പെടുത്തുന്ന സ്ഥലത്തുനിന്നും നേരിട്ട് തന്നെ പണം തട്ടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചതും ഈ സുരക്ഷാ വീഴ്ച കാരണമാണ്.
കൂടാതെ, ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ട്രസ്റ്റിന്റെ ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച അന്വേഷണ സംഘം ക്ഷേത്രത്തിലെ ഹുണ്ടികകളുടെ എണ്ണത്തിലും രേഖകളിലും വലിയ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാണിക്ക തരംതിരിക്കുന്നതിലും പണം കൈകാര്യം ചെയ്യുന്നതിലും യാതൊരു സുതാര്യതയും ഉണ്ടായിരുന്നില്ല.
സിസിടിവി ക്യാമറകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്നും ഉന്നത തലത്തിലുള്ള മേല്‍നോട്ടം പൂര്‍ണമായും പരാജയമായിരുന്നുവെന്നും എസ്‌ഐടിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ മുന്‍കരുതലുകള്‍ വെറും കടലാസില്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും പ്രയോഗതലത്തില്‍ അത് വെറുമൊരു ചടങ്ങായി മാറിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 27 നും ജൂണ്‍ 5 നും ഇടയില്‍ മാത്രം എഴുപതിലധികം തവണ പണം കവര്‍ന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് അന്വേഷണ സംഘം വീണ്ടെടുത്തിരിക്കുന്നത്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യത. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതല്‍ ബാങ്ക് ജീവനക്കാരിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.















Click it and Unblock the Notifications