പഞ്ചാബ് ഭരണം നിലനിർത്താൻ കോൺഗ്രസ്.. ചെന്നിത്തലയ്ക്ക് നിർണായക ചുമതല? ഹൈക്കമാന്റ് നീക്കം
തിരുവനന്തപുരം; പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്ക് ഒടുവിൽ പരിഹാരം കണ്ടിരിക്കുകയാണ് കോൺഗ്രസ് ഹൈക്കമാന്റ്. വിമത സ്വരം ഉയർത്തിയ യുവ നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കി കൊണ്ടാണ് പ്രശ്ന പരിഹാരത്തിന് വഴി തേടിയിരിക്കുന്നത്. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകളിലേക്ക് കോൺഗ്രസ് ഉടൻ കടക്കും. അതിനിടെ കോൺഗ്രസ് നീക്കങ്ങൾക്ക് കരുത്ത് പകരാൻ രമേശ് ചെന്നിത്തലയ്ക്ക് സംസ്ഥാനത്തിന്റെ ചുമതല നൽകിയേക്കുമെന്നാണ് വിവരം. വിശദാംശങ്ങളിലേക്ക്

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കി വിഡി സതീശനെ തത്സ്ഥാനത്ത് നിയോഗിച്ചത്. ഇതോടെ കടുത്ത അതൃപ്തിയിലായിരുന്നു ചെന്നിത്തല. ഹൈക്കമാന്റ് തിരുമാനത്തിനെതിരെ ചെന്നിത്തല പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അതേസമയം പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ചെന്നിത്തലയ്ക്ക് പ്രത്യേക പദവികളൊന്നും നൽകിയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാക്കി പ്രവർത്തിക്കാൻ അവസരം നൽകിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ തന്നെ ശക്തമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ ചുമതല നൽകിയേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

പഞ്ചാബ് , ഗുജറാത്ത് എന്നിവയിൽ അതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ചുമതല നൽകിയേക്കുമെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിനാല്‍ പഞ്ചാബിന്‍റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തിനെ മാറ്റിയേക്കുമെന്നുള്ള റിപ്പോർട്ടുണ്ട്. തന്നെ ഒഴിവാക്കണമെന്ന് റാവത്ത് ഹൈക്കമാന്റിനോട് അഭ്യർത്ഥിച്ചിരുന്നു.

എഐസിസി സെക്രട്ടറിയായ രാജീവ് സത്വയുടെ മരണത്തോടെ ഗുജറാത്തിലും ഒഴിവ് നിലനിൽക്കുന്നുണ്ട്. അതേസമയം നിലവിലെ സാഹചര്യത്തിൽ ചെന്നിത്തലയെ പഞ്ചാബിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ ചെന്നിത്തല പദവി ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനില്ലെന്നാണ് നേരത്തേ ചെന്നിത്തല ഹൈക്കമാന്റിനോടും നിലപാട് അറിയിച്ചത്. അതേസമയം കേരളത്തിൽ നിന്നും മറ്റൊരു നേതാവിനെ കൂടി കേന്ദ്ര നേതൃത്വത്തിൽ ഉൾപ്പെടുത്തുന്നതിൽ ഉത്തരേന്ത്യയിലെ നേതാക്കൾക്ക് കടുത്ത എതിർപ്പുണ്ട്.

നിലവിൽ കെസി വേണുഗോപാൽ , ഉമ്മൻചാണ്ടി എന്നീ നേതാക്കൾ ജനറൽ സെക്രട്ടറിമാരാണ്. എതിർപ്പ് കടുത്താൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കി ചെന്നിത്തലയെ ഉൾപ്പെടുത്തിയേക്കാനാണ് സാധ്യത കൂടുതൽ. അത് കേരളത്തിൽ എ ഗ്രൂപ്പിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാകും. എന്തായാലും അന്തിമ തിരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് പഞ്ചാബ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് പാർട്ടി കടക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ.

അതിനിടെ പഞ്ചാബിൽ നവജ്യോത് സിംഗ് സിദ്ധുവിനെ പിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് മുഖ്യമന്ത്രിയുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. സിദ്ധുവിന്റെ നിയമനത്തെ ആദ്യം എതിർത്ത അമരീന്ദർ ഇപ്പോൾ നേതൃത്വത്തിന്റെ തിരുമാനത്തിന് വഴങ്ങിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിദ്ധുവിനെ അധ്യക്ഷനാക്കുന്നതിനൊപ്പം നാല് വാർക്കിംഗ് പ്രസിഡന്റുമാരേയും നിയമിച്ചേക്കും.












Click it and Unblock the Notifications