മേക്ക് ഇൻ ഇന്ത്യ മേക്ക് ഇൻ ഫ്രാൻസായി മാറി; റാഫേലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ്
ദില്ലി: റഫേല്‍ കാരാറിലെ ഓഫ്സൈറ്റ് കരാറുകള്‍ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് വിമര്‍ശിച്ചുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കേന്ദ്രത്തെ വിമർശനമുന്നയിച്ച് കോൺഗ്രസ്. ഇന്ത്യക്ക് റഫാൽ യുദ്ധവിമാനങ്ങൾ കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായുള്ള ചില സുപ്രധാന നിബന്ധനകൾ വിമാന നിർമാതാക്കളായ ദസോ ഏവിയേഷൻ പാലിച്ചില്ലെന്നാണ് പാര്‍ലമെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാണിക്കുന്നത്. റഫാലിന് മിസൈല്‍ സംവിധാനം നല്കുന്ന യൂറോപ്യന്‍ കമ്പനിയായ എംബിഡിഎയും ഉന്നത സാങ്കേതിക വിദ്യ നൽകാമെന്ന നിബന്ധനകൾ ഇതുവരെയും പാലിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
വ്യാജ പേരില്‍ അഭിജിത്തിന് ട്രോളുകളുടെ പെരുമഴ! അഭി എംകെയ്ക്ക് യൂത്ത് ലീഗ് വക വീടെന്ന്...

മേക്ക് ഇൻ ഫ്രാൻസ്
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറിന്റെ ചരിത്രമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല സിഎജി റിപ്പോർട്ട് പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ചത്. റാഫേൽ ഓഫ്സെറ്റ് കരാറുകളിലെ സാങ്കേതിക കൈമാറ്റം നിർത്തിവെച്ചിരിക്കുകയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് പുതിയ സിഎജി റിപ്പോർട്ട്. ആദ്യം മേക്ക് ഇൻ ഇന്ത്യ മേക്ക് ഇൻ ഫ്രാൻസ് ആയി മാറി. ഇപ്പോൾ ഡിആർഡിഒ സാങ്കേതിക കൈമാറ്റം ഉപേക്ഷിക്കുകയും ചെയ്തെന്നും സുർജേവാല ചൂണ്ടിക്കാണിക്കുന്നു.

റിപ്പോർട്ടിലെ വെളിപ്പെടുത്തൽ
സിഎജി റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി ചിദംബരവും രംഗത്തെത്തിയിട്ടുണ്ട്. റാഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടുമായി ബന്ധപ്പെട്ട് നിർമാതാക്കളായ ദസോ ഏവിയേഷൻ വാഗ്ധാനങ്ങൾ പാലിച്ചതായാണ് സർക്കാർ വ്യക്തമാക്കിയത്. സാങ്കേതിക കൈമാറ്റം സംബന്ധിച്ച വാഗ്ധാനങ്ങൾ രണ്ട് ഫ്രഞ്ച് കമ്പനികളും പാലിച്ചില്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. സിഎജി റിപ്പോർട്ട് പുഴുക്കളുടെ പാത്രം തുറന്നുവിടുകയാണോ എന്നാണ് ചിദംബരത്തിന്റെ ട്വീറ്റുകളിലൊന്ന്. ഫ്രഞ്ച് നിർമാതാക്കൾ ബുധനാഴ്ചയോടെയെങ്കിലും കരാർ പ്രകാരമുള്ള ആദ്യത്തെ വാർഷിക ഓഫ്സൈറ്റ് ബാധ്യതകൾ പൂർത്തിയാക്കിയിരിക്കണമെന്നാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്.

പിഴവ് ചൂണ്ടിക്കാണിച്ചു
2005 മുതൽ 2018 മാർച്ച് വരെ 46 ഓഫ്സെറ്റ് കരാറുകളിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒപ്പുവെച്ചിട്ടുള്ളത്. 66,472 കോടി വരുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള റാഫേൽ കരാറെന്നാണ് സിഎജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ഈ കരാറുകൾക്ക് കീഴിൽ 2018 ഡിസംബറിൽ 19, 223 കോടി രൂപ ലഭിക്കേണ്ടതായിരുന്നു. ഇതുവരെ 11,396 കോടി രൂപ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നാണ് സിഎജി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. കരാറിൽ പിഴവ് വരുത്തിയ ഇരു കമ്പനികളിൽ നിന്നും പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള ഒരു നടപടികളും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ധാരണ പ്രകാരം 2024 ഓടെ 66,427 കോടിയും ലഭ്യമാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ചട്ടങ്ങൾ പാലിച്ചില്ല
ഓഫ്സെറ്റ് കരാർ അനുസരിച്ച് ആയുധ ഇടപാടിലെ തുകയുടെ ഒരു നിശ്ചിത ശതമാനം വിദേശനിക്ഷേപമായി കരാർ ഒപ്പുവെക്കുന്ന രാജ്യത്തിന് കൈമാറണമെന്നാണ് ചട്ടം. 300 കോടിയ്ക്ക് മുകളിലുള്ള എല്ലാ കരാറുകൾക്കും ഇത് ബാധകമാണ്. യുദ്ധസാമഗ്രികളുടെ സാങ്കേതിക കൈമാറ്റവും യുദ്ധസാമഗ്രികളുടെ പ്രാദേശിക നിർമാണവും ഇതിനായി നടത്തേണ്ടതുണ്ട്. ഇത് അനുസരിച്ച് തന്നെ ദസോ ഏവിയേഷനും എംബിഡിഎയും നിർമാണ സാങ്കേതിക വിദ്യയുടെ 30 ശതമാനമാണ് ഡിആർഡിഒയ്ക്ക് കൈമാറേണ്ടതുണ്ട്. ഈ കരാറാണ് ഇരു കമ്പനികളും പാലിച്ചില്ലെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നനത്.