പ്രതിഫലത്തിൽ ഷാറൂഖിനേയും രജനീകാന്തിനേയും വീഴ്ത്തി ഈ താരം ;ലഭിച്ചത് 325 കോടി രൂപ?
മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന താരമായി ബോളിവുഡ് നടൻ രൺവീർ സിംഗ്. വിജയങ്ങളിലൊന്നായ 'ധുരന്ധർ' പരമ്പരയിൽ നിന്നും 325 കോടി രൂപയാണ് താരത്തിന് ലഭിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകമെമ്പാടുമായി 3,200 കോടി രൂപയാണ് 'ധുരന്ധർ' ഒന്നും രണ്ടും നേടിയത്. ഇന്ത്യയിൽ മാത്രം 1,900 കോടി രൂപയ്ക്കു മുകളിൽ നെറ്റ് കളക്ഷനും സ്വന്തമാക്കി.
സാധാരണ പോലെ നിശ്ചിത പ്രതിഫലം വാങ്ങുന്നതിനുപകരം ലാഭത്തിൽ പങ്കാളിയാകുന്ന രീതിയാണ് രൺവീർ സിങ് തെരഞ്ഞെടുത്തതെന്നാണ് വിവരം. ചിത്രത്തിന്റെ ബജറ്റ് ഉയർന്നപ്പോൾ നിർമാണത്തിലും താരം പണം മുടക്കിയിരുന്നു. അതോടെ സിനിമയുടെ വരുമാനത്തിൽ വലിയ വിഹിതമാണ് താരത്തിന് ലഭിച്ചത്.

തിയറ്റർ കളക്ഷനിൽ നിന്നുള്ള വിഹിതം, വിതരണാവകാശങ്ങളുമായി ബന്ധപ്പെട്ട ബോണസ്, ഒടിടി പ്ലാറ്റ്ഫോം റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ്, മ്യൂസിക് റൈറ്റ്സ് എന്നിവയിൽ നിന്നുള്ള വരുമാനം എന്നിവ ചേർത്താണ് 325 കോടി രൂപയെന്ന കണക്ക് .ചിത്രത്തിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളിലും ഏറ്റവും വലിയ വിഹിതം താരത്തിനാണ് ലഭിച്ചതെന്നും ഇന്ത്യൻ സിനിമയിൽ ഒരു നടന് ഒരൊറ്റ പ്രൊഡക്ഷനിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമാണിതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിന് മുമ്പ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടിയ നടനെന്ന റെക്കോർഡ് രജിനികാന്തിന്റെ പേരിലായിരുന്നു. 'ജയിലർ' സിനിമയിലൂടെ 250 കോടി രൂപയ്ക്കു മുകളിൽ താരം നേടിയെന്നായിരുന്നു റിപ്പോർട്ടുകൾ. 'പുഷ്പ 2: ദ റൂൾ' സിനിമയുടെ വിജയത്തിന് പിന്നാലെ അല്ലു അർജുനും 'കൽക്കി 2898 എഡി'യിലൂടെ പ്രഭാസും 200 കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം നേടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ബോളിവുഡിൽ ഷാരൂഖിൻ്റെ 2023ൽ പുറത്തിറങ്ങിയ 'പഠാൻ', 'ജവാൻ' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് പിന്നാലെ ഓരോ സിനിമയിൽ നിന്നും ഏകദേശം 200 കോടി രൂപ വീതം താരം നേടിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ. അതിന് മുമ്പ് ആമിർ ഖാനും സൽമാൻ ഖാനും ലാഭവിഹിത കരാറുകളിലൂടെ വലിയ തുകകൾ സ്വന്തമാക്കിയവരായിരുന്നു.
നിശ്ചിത പ്രതിഫലത്തിൽ മാത്രം ഒതുങ്ങാതെ സിനിമയുടെ ലാഭത്തിൽ പങ്കാളികളാകുന്ന രീതിയിലേക്ക് ഇപ്പോൾ പല മുൻനിര താരങ്ങളും മാറിയിട്ടുണ്ട്. ഇതുവഴി ഒരു സിനിമ വൻ വിജയം നേടിയാൽ അതിന്റെ സാമ്പത്തിക നേട്ടം നേരിട്ട് താരങ്ങൾക്കും ലഭിക്കും.
ട്രേഡ് റിപ്പോർട്ടുകളിലെ കണക്കുകൾ കൃത്യമാണെങ്കിൽ, 'ധുരന്ധർ' സിനിമാ പദ്ധതിയിലൂടെ രൺവീർ സിങ് നേടിയ 325 കോടി രൂപ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരു നടന് ഒരൊറ്റ സിനിമാ പദ്ധതിയിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പ്രതിഫലമായി രേഖപ്പെടുത്തപ്പെടും.












Click it and Unblock the Notifications