തമിഴ്നാട്ടില്‍ ഗവർണറുടെ അസാധാരണ നടപടി: സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി
ചെന്നൈ: അഴിമതി കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി ഗവർണറുടെ അസാധാരണ നീക്കം. മുഖ്യമന്ത്രിയുടെ ശുപാർശ ഇല്ലതെയാണ് മന്ത്രിയെ ഗവർണർ ആർഎന്‍ രവി പുറത്താക്കിയത്. ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ നേരത്തെ മറ്റ് മന്ത്രിമാർക്കാർക്കായി മുഖ്യമന്ത്രി സ്റ്റാലിന്‍ വിഭജിച്ച് നല്‍കിയിരുന്നെങ്കിലും മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നില്ല.
വകുപ്പില്ലാ മന്ത്രിയായ ബാലാജി മന്ത്രിസഭയില്‍ തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴിവെക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഗവർണർ ഇപ്പോള്‍ സെന്തില്‍ ബാലാജിയെ പുറത്താക്കിയിരിക്കുന്നത്. ഗവർണ്ണറുടെ നടപടിയില്‍ ഡിഎംകെ കേന്ദ്രങ്ങളില്‍ നിന്നും വ്യാപക വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത ഇതോടെ കൂടുതൽ രൂക്ഷമാകുകയും ചെയ്തേക്കും.

സെന്തില്‍ ബാലാജിക്കെതിരായ കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്നയാള്‍ മന്ത്രി സഭയില്‍ തുടരുന്നത് കേസ് അന്വേഷണത്തെ വഴി തെറ്റിക്കുമെന്നും തമിഴ്നാട് രാജ്ഭവന്‍ പുറത്തിറക്കിയ പന്ത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം, ഗവർണ്ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്നാട് സർക്കാർ. മന്ത്രിസഭയിലെ ഒരു അംഗത്തെ മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ നീക്കാന്‍ ഗവർണർക്ക് അധികാരമില്ലെന്നും നടപടിയെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, സെന്തില്‍ ബാലാജിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി കോടതി കഴിഞ്ഞ ദിവസം ജുലൈ 12 വരെ നീട്ടിയിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സെന്തില്‍ ബാലാജിയെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
18 മണിക്കൂറിലേറെ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ജൂണ്‍ 13 നായിരുന്നു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2011-ൽ സെന്തിൽ ബാലാജി ഗതാഗത മന്ത്രിയായിരിക്കെ നടന്നതായി പറയപ്പെടുന്ന തൊഴില്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലായിരുന്നു ഇഡി നടപടി.
നേരത്തെ എഐഎഡിഎംകെ നേതാവും കാരൂർ ജില്ലയിലെ പാർട്ടിയുടെ ശക്തനുമായിരുന്നു സെന്തില്‍ ബാലാജി. 2011-15 കാലയളവില്‍ ജയലളിത സർക്കാറില്‍ മന്ത്രിയായിരുന്ന ഇദ്ദേഹം പിന്നീട് ഡിഎംകെയില്‍ ചേരുകയായിരുന്നു. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ജോലിക്കായി കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മന്ത്രിക്കെതിരായ പ്രധാന ആരോപണം.












Click it and Unblock the Notifications