കൈകൊടുത്ത് യോഗിയും അഖിലേഷും; യുപി നിയമസഭയില്‍ അപൂര്‍വ നിമിഷങ്ങള്‍
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമായിരുന്നു എസ്പി നേതാവ് അഖിലേഷ് യാദവും ബിജെപി നേതാവ് യോഗി ആദിത്യനാഥും തമ്മില്‍. സീറ്റുകള്‍ അല്‍പ്പം കുറഞ്ഞെങ്കിലും ബിജെപി തന്നെ യുപിയില്‍ അധികാരം പിടിച്ചു. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച അഖിലേഷ് യാദവും യോഗി ആദിത്യനാഥും മികച്ച വിജയം നേടി. അഖിലേഷ് യാദവ് കര്‍ഹാലില്‍ നിന്നും യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ നിന്നുമാണ് ജയിച്ചത്. യോഗി വീണ്ടും ചരിത്രം കുറിച്ച് യുപിയുടെ മുഖ്യമന്ത്രിയായി. അഖിലേഷ് യാദവ് പ്രതിപക്ഷ നേതാവുമായി. ഇന്ന് അഖിലേഷ് പ്രതിപക്ഷ നേതാവായി സത്യപ്രതിജ്ഞ ചെയ്തു. ശേഷം അപൂര്‍വ നിമിഷങ്ങള്‍ക്കാണ് യുപി നിയമസഭ സാക്ഷിയായത്. അഖിലേഷും യോഗിയും കൈകൊടുത്ത് ദേശീയ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി. ഇതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. അഖിലേഷിനെ തോളില്‍ തട്ടിയാണ് യോഗി സംസാരിച്ചത്.

യോഗിയും അഖിലേഷും ഇതുവരെ ലോക്‌സഭയിലേക്ക് മാത്രമാണ് മല്‍സരിച്ചിട്ടുള്ളത്. യോഗി ഗോരഖ്പൂരില്‍ നിന്നും അഖിലേഷ് അസംഗഡില്‍ നിന്നും ലോക്‌സഭയില്‍ എത്തിയവരാണ്. 2017ല്‍ ബിജെപി യുപിയുടെ ഭരണം പിടിച്ചതോടെ യോഗി ലോക്‌സഭാംഗത്വം രാജിവച്ചു. ശേഷം നിയമസഭാ കൗണ്‍സില്‍ അംഗമാകുകയായിരുന്നു. 2012ല്‍ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായപ്പോഴും നിമയസഭാ കൗണ്‍സില്‍ അംഗമാകുകയാണ് ചെയ്തത്. ഇത്തവണയാണ് രണ്ടുപേരും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ശക്തമായ വാക്ക് പോരാണ് യോഗിയും അഖിലേഷും തമ്മിലുണ്ടായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബാബ ബുള്‍ഡോസര്‍ എന്നാണ് അഖിലേഷ് വിശേഷിപ്പിച്ചിരുന്നത്. ഇതാകട്ടെ ദേശീയ തലത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയെ പരിഹസിച്ചാണ് ബുള്‍ഡോസര്‍ ബാബ എന്ന് അഖിലേഷ് വിളിക്കുന്നത്. അഖിലേഷ് ബാബുവയാണ് എന്നായിരുന്നു യോഗിയുടെ തിരിച്ചടി. ബാലിശമായ നിലപാടുകളാണ് അഖിലേഷിന് എന്നാണ് യോഗി പറയുന്നത്.
ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി 273 സീറ്റുകളാണ് യുപിയില്‍ ലഭിച്ചത്. യോഗി വീണ്ടും മുഖ്യമന്ത്രിയായി. അഖിലേഷന്റെ പാര്‍ട്ടിക്ക് 111 സീറ്റ് കിട്ടി. 2017നേക്കാള്‍ ഭേദപ്പെട്ട പ്രകടനമാണ് എസ്പി നടത്തിയതെങ്കിലും ഭരണം പിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് അഖിലേഷ് പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്. എസ്പിക്ക് ഭരണം ലഭിക്കാത്തതിനാല്‍ അഖിലേഷ് ലോക്‌സഭാംഗമായി തുടര്‍ന്നേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം നിയമസഭാംഗമായി തുടരാനാണ് തീരുമാനിച്ചത്. ഇനി യുപിയില്‍ സജീവമാകാനാണ് അഖിലേഷിന്റെ നീക്കം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഖിലേഷിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications