വിജയ് ദേവരകൊണ്ടയും രശ്മികയും തെലുങ്ക് ശൈലിയില്‍ വിവാഹിതരായി: ഇനി കൂര്‍ഗ് ശൈലിയില്‍
ആരാധകര്‍ വിറോഷ് എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇനി ജീവിതത്തിലും ഒന്നിച്ച്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കൊട്ടാരസദൃശ്യമായ വേദിയില്‍ ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണെങ്കിലും അതീവ രഹസ്യമായിട്ടാണ് ചടങ്ങുകള്‍ എന്നതിനാല്‍ വിവാഹചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ആഡംബര ഹോട്ടലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നത്.
ഉദയ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഐടിസി മെമന്റോസ് എന്ന ആഡംബര ഹോട്ടലിലാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് രണ്ട് വ്യത്യസ്ത ആചാരങ്ങളിലായാണ് വിവാഹം നടന്നത്. പരമ്പരാഗത തെലുങ്ക് രീതിയിലും കൂര്‍ഗ് ശൈലിയിലും. രാവിലെ വിജയ് ദേവരകൊണ്ടയുടെ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് വിവാഹം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇനി വൈകിട്ട് നാലരയ്ക്ക് രശ്മിക മന്ദാനയുടെ കൂര്‍ഗ് പൈതൃകം വിളിച്ചോതുന്ന കൊടവ ആചാരപ്രകാരമുള്ള വിവാഹവും നടക്കും. കര്‍ണാടകയിലെ കുടക് ജില്ലയിലുള്ള വിരാജ്‌പേട്ട സ്വദേശിനിയാണ് രശ്മിക.

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും പേരുകള്‍ ചേര്‍ത്ത് ആരാധകര്‍ വിളിക്കുന്ന 'വിറോഷ്' എന്ന പേര് തന്നെയാണ് ഈ വിവാഹത്തിനും അവര്‍ നല്‍കിയത്. ഭ്രമിപ്പിക്കുന്ന തിളക്കത്തിനു പകരം പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന ഇളം നിറങ്ങളാണ് വിവാഹ വേദി അലങ്കരിക്കാന്‍ തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിവാഹവേദിക്കു പുറത്ത് കാത്തുനില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കായി നവദമ്പതികള്‍ മധുര പലഹാരങ്ങള്‍ കൊടുത്തയച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഫെബ്രുവരി 22-ന് സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫെബ്രുവരി 23 മുതല്‍ ഉദയ്പൂരിലെ ഹോട്ടലില്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ക്രിക്കറ്റ് മത്സരം, ജാപ്പനീസ് അത്താഴ വിരുന്നുകള്‍, മെഹന്തി, ഹല്‍ദി, സംഗീത് തുടങ്ങി വിപുലമായ ആഘോഷങ്ങള്‍ ഉദയ്പൂരില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദമ്പതികള്‍ക്ക് ഹൃദ്യമായ ആശംസകള്‍ നേര്‍ന്ന് കത്തയച്ചത് ഈ വിവാഹത്തെ കൂടുതല്‍ ശ്രദ്ധേയമാക്കി.
സന്ദീപ് റെഡ്ഡി വംഗ, കല്യാണി പ്രിയദര്‍ശന്‍, തരുണ്‍ ഭാസ്‌ക്കര്‍ തുടങ്ങിയ സിനിമാ പ്രമുഖരും ചടങ്ങില്‍ സാക്ഷികളായി. വിവാഹത്തിന് ശേഷമുള്ള സല്‍ക്കാരം മാര്‍ച്ച് നാലിന് വൈകുന്നേരം ഏഴു മണിക്ക് ഹൈദരാബാദില്‍ താജ് കൃഷ്ണ ഹോട്ടലില്‍ നടക്കും. സിനിമ, രാഷ്ട്രീയം, ബിസിനസ് മേഖലകളിലെ നിരവധി പ്രമുഖര്‍ക്ക് ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018-ല്‍ 'ഗീതാ ഗോവിന്ദം' എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയ ഇവരുടെ സൗഹൃദമാണ് ഒടുവില്‍ മനോഹരമായ വിവാഹത്തിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഹൈദരാബാദില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സിനിമാ ലോകത്ത് നിന്നും ആരാധകരില്‍ നിന്നും ആശംസകളുടെ ഒഴുക്കാണ് നവദമ്പതികള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications