ആഡംബര ഹോട്ടലില്‍ ലഹരി പാര്‍ട്ടി; സൂപ്പര്‍ സ്റ്റാറിന്റെ മകള്‍ കസ്റ്റഡിയില്‍, കൂട്ടത്തില്‍ ബിഗ് ബോസ് താരവും
ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലിലെ പബ്ബില്‍ റേവ് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ വിഐപികളുടെയും നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും മക്കള്‍ ഉള്‍പ്പെടെ 142 പേരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ബഞ്ചാര ഹില്‍സിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. കൊക്കെയ്ന്‍, അടക്കമുള്ള നിരോധിത പദാര്‍ത്ഥങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടന്‍ നാഗ ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവളുമായ നിഹാരിക കൊണിഡേലയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ തന്റെ മകള്‍ക്ക് മയക്കുമരുന്നുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ നാഗബാബു പിന്നീട് പുറത്തുവിട്ടിട്ടുണ്ട്.

ബിഗ് ബോസ് തെലുങ്ക് റിയാലിറ്റി ഷോയുടെ മൂന്നാം സെഷനിലെ വിജയിയും ഗായകനുമായ രാഹുല്‍ സിപ്ലിഗഞ്ചും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി 12 ന് ഹൈദരാബാദ് പോലീസ് മയക്കുമരുന്നിനെതിരെ പ്രചാരണം ആരംഭിച്ചപ്പോള്‍ അദ്ദേഹം തീം സോംഗ് ആലപിച്ചിരുന്നു. പാര്‍ട്ടിയിലെ മറ്റുള്ളവരില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു ഉന്നത പോലീസുകാരന്റെ മകളും തെലുങ്കുദേശം എംപിയുടെ മകനും ഉള്‍പ്പെടുന്നു.

അതേസമയം, തന്റെ മകന്‍ ഒരു പിറന്നാള്‍ പാര്‍ട്ടിക്ക് പോയിരിക്കുകയാണെന്നും നുണകളും കുപ്രചരണങ്ങളും തെറ്റായി പ്രചരിപ്പിക്കപ്പെടുകയാണെന്നും തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അഞ്ജന്‍ കുമാര്‍ യാദവ് പറഞ്ഞു. നഗരത്തിലെ എല്ലാ പബ്ബുകളും അടച്ചിടണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ബഞ്ചാര ഹില്‍സിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ് എച്ച് ഒ) ശിവചന്ദ്രയെ ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സിവി ആനന്ദ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തു. ഈ സ്റ്റേഷന്റെ പരിധിയില്‍ വച്ചായിരുന്നു ലഹരി പാര്‍ട്ടി നടന്നത്. ഖമ്മം ജില്ലയില്‍ നിന്നുള്ള ഒരു മുന്‍ എംപിയുടെ മകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് സംഭവം.

ഈ ഹോട്ടല്‍ നൈറ്റ് പാര്‍ട്ടികള്‍ക്ക് ഏറെ പ്രസിദ്ധമാണ്. മയക്കുമരുന്നിനെതിരെ പൊലീസ് നടപടി ശക്തമാക്കിയ സാഹചര്യത്തിലാണ് റെയ്ഡുമായി പൊലീസ് രംഗത്തെത്തിയത്. ഇതിനായി പുതിയ ഹൈദരാബാദ്-നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് വിംഗ് രൂപീകരിച്ചു, മയക്കുമരുന്ന് കടത്തുകയോ കഴിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications