പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ
പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ രീതിയിലാണ് ബാങ്കിന്റെ പ്രവർത്തനമെന്നും, ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടുവെന്നും ആർബിഐ ഏ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ നടപടി ബാങ്കിന്റെ ഭാവി പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
'1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 22(4) പ്രകാരം, 2026 ഏപ്രിൽ 24-ലെ ഉത്തരവിലൂടെ പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിംഗ് ലൈസൻസ് ആർബിഐ റദ്ദാക്കി. 2026 ഏപ്രിൽ 24-ന് പ്രവർത്തനസമയം അവസാനിക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തിൽ വരും. ഇതോടെ, ആക്ടിലെ സെക്ഷൻ 5(ബി) അല്ലെങ്കിൽ സെക്ഷൻ 6 പ്രകാരം നിർവചിച്ചിട്ടുള്ള ഒരു ബാങ്കിംഗ് ബിസിനസ്സും നടത്താൻ പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്കിന് ഇനി അനുവാദമില്ല. ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഹൈക്കോടതിയിൽ അപേക്ഷ നൽകും', ആർബിഐ പത്രക്കുറിപ്പിൽ വിശദീകരിച്ചു. ബാങ്ക് മാനേജ്മെൻ്റിൻ്റെ പൊതുവായ സ്വഭാവം നിക്ഷേപകരുടെയും പൊതു താൽപ്പര്യങ്ങൾക്ക് എതിരായിരുന്നുവെന്നും ബാങ്കിനെ തുടർന്നു പ്രവർത്തിക്കാൻ അനുവദിക്കുന്നത് പൊതുതാൽപര്യങ്ങൾക്കോ മറ്റോ ഉപകരിക്കില്ലെന്നും ലൈസൻസ് വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ആർബിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ചൈനയിലെ ആൻ്റ് ഗ്രൂപ്പ്, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് എന്നിവയുൾപ്പെടെയുള്ള പ്രമുഖ നിക്ഷേപകരെ ഒരു കാലത്ത് ആകർഷിച്ചിരുന്ന വൺ 97 കമ്മ്യൂണിക്കേഷൻസിന്റെ പിന്തുണയോടെയാണ് പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. 2015 ഓഗസ്റ്റിൽ ആയിരുന്നു പേടിഎമ്മിന് പരിമിതമായ ബാങ്കിംഗ് ലൈസൻസ് ലഭിച്ചത്. ഈ ലൈസൻസ് പ്രകാരം ചെറിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ബാങ്കിന് അനുമതി ഉണ്ടായിരുന്നെങ്കിലും, വായ്പകൾ നൽകുന്നതിന് വിലക്കുണ്ടായിരുന്നു.
പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ആർബിഐയുടെ ഉത്തരവ് 2024 ജനുവരിയിൽ വന്നിരുന്നു. ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരശേഖരണം (customer due diligence), ഫണ്ടുകളുടെ ഉപയോഗം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിലെ ചട്ടലംഘനങ്ങളാണ് ഇതിന് കാരണമായി അന്ന് ചൂണ്ടിക്കാട്ടിയത്. അതിനു മുൻപ്, 2022 മാർച്ച് 11 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് നിർത്താനും ആർബിഐ ബാങ്കിന് നിർദേശം നൽകിയിരുന്നു.
നിലവിൽ പേടിഎം പേയ്‌മെൻ്റ്‌സ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിലവിലുള്ള നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ബാങ്കിംഗ് കറസ്പോണ്ടന്റുകൾ വഴി വായ്പാ റഫറലുകൾ സുഗമമാക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ബാങ്കിന് അനുവാദമില്ല. ലൈസൻസ് റദ്ദാക്കിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഏപ്രിൽ 24-ന് പേടിഎം ഓഹരികൾ 0.5% ഇടിഞ്ഞ് 1,153 രൂപയിൽ ക്ലോസ് ചെയ്തു.












Click it and Unblock the Notifications