അച്ചടിച്ച 88032.5 കോടി രൂപയുടെ നോട്ടുകള്‍ കാണാതായോ? റിസര്‍വ് ബാങ്കിന്റെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: അച്ചടിച്ച 500 രൂപയുടെ നോട്ടുകള്‍ കാണാതായി എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്. നേരത്തെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് 88032.5 കോടി രൂപയുടെ 500 രൂപാ നോട്ടുകള്‍ നഷ്ടപ്പെട്ടു എന്നുള്ള വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. എന്നാല്‍ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അതിനാലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതെന്നും ആര്‍ ബി ഐ പ്രസ്താവനയില്‍ പറഞ്ഞു.
പ്രിന്റിംഗ് പ്രസ്സുകളില്‍ നിന്ന് ആര്‍ ബി ഐക്ക് വിതരണം ചെയ്ത എല്ലാ നോട്ടുകളും കൃത്യമായി രേഖപ്പെടുത്താറുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രസ്സുകളില്‍ അച്ചടിക്കുന്ന നോട്ടുകളുടെ വിതരണം ഉറപ്പാക്കുന്നതിന് ശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും ആര്‍ ബി ഐ വ്യക്തമാക്കി. നോട്ടുകളുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവ നിരീക്ഷിക്കുന്നതിന് കര്‍ശനമായ പ്രോട്ടോക്കോളുകളാണ് പാലിക്കേണ്ടതെന്നും ആര്‍ ബി ഐ ചൂണ്ടിക്കാട്ടി.

ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ യഥാസമയം പ്രസിദ്ധീകരിക്കുന്ന വിവരങ്ങളെ ആശ്രയിക്കണം എന്നും ആര്‍ ബി ഐ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2016 - 17 കാലത്ത് പുതിയ 500 രൂപ നോട്ടിന്റെ 8810.65 ദശലക്ഷം കോപ്പികള്‍ പ്രിന്റ് ചെയ്തെങ്കിലും ആര്‍ ബി ഐക്ക് ലഭിച്ചത് 7260 ദശലക്ഷം കോപ്പികള്‍ മാത്രമാണ് എന്നായിരുന്നു ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയ് സമര്‍പ്പിച്ച വിവരാവകാശ രേഖയിലെ മറുപടിയില്‍ ഉണ്ടായിരുന്നത്.
ദി മിന്റ് ആയിരുന്നു ഇത് റിപ്പോര്‍ട്ട് ചെയ്തത്. 88032.5 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ കാണാതായി എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 2015 ഏപ്രിലിനും 2016 മാര്‍ച്ചിനും ഇടയില്‍ നാസിക്കിലെ പ്രസില്‍ അച്ചടിച്ച 210 ദശലക്ഷം കോപ്പികള്‍ കാണാതായില്‍ ഉള്‍പ്പെടുമെന്നായിരുന്നു വിവരാവകാശ രേഖയില്‍ ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇ ഡിക്കും മനോരഞ്ജന്‍ റോയ് കത്തയച്ചിരുന്നു.
നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ദേവസിലെ ബാങ്ക് നോട്ട് പ്രസ്, മൈസൂരിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കറന്‍സി അച്ചടിക്കുന്നത്. 2016 - 2017 കാലത്ത് ഈ മൂന്ന് പ്രസുകളിലുമായി 176 കോടി എണ്ണം പുതിയ 500 നോട്ടുകളാണ് പ്രിന്റ് ചെയ്തിട്ടുള്ളത് എന്നാണ് വിവരം.












Click it and Unblock the Notifications