റിപ്പോ നിരക്കിൽ മാറ്റാം വരുത്താതെ ആർബിഐ; ഭവന, വാഹന വായ്പക്കാർ അറിയേണ്ടത്
റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . ഇന്ന് ചേർന്ന ധനനയ സമിതി യോഗത്തിലാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ആർബിഐ തീരുമാനിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരിക്കുന്നത്.
പണപ്പെരുപ്പ സാഹചര്യം, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ആഭ്യന്തര വളർച്ചാ സാധ്യതകൾ എന്നിവ വിലയിരുത്തിയാണ് ആർബിഐയുടെ തീരുമാനം. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ക്രൂഡ് ഓയിൽ വിലയിലെ വർധനയും രാജ്യത്ത് ആശങ്ക ഉയർത്തുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എണ്ണവില ഉയർന്നതോടെ ഗതാഗതച്ചെലവും ഉൽപ്പാദനച്ചെലവും ഉയരുകയാണ്. ഇത് സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ വലിയ തോതിലാണ് ബാധിക്കുന്നത്. രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വവും രാജ്യത്തിന് വെല്ലുവിളി തീർക്കുന്നുണ്ട്.

അതേസമയം 2025 ഫെബ്രുവരി മുതൽ റിപ്പോ നിരക്കിൽ ആകെ 125 ബേസിസ് പോയിന്റിന്റെ കുറവാണ് ആർബിഐ പ്രഖ്യാപിച്ചിരുന്നത്. ഇതോടെ പല ബാങ്കുകളും വായ്പാ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തിയതിനാൽ ഇഎംഐയിൽ കൂടുതൽ ഇളവ് പ്രതീക്ഷിച്ചവർക്ക് തിരിച്ചടിയായി.
റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതിനാൽ നിലവിലുള്ള വായ്പകളുടെ ഇഎംഐയിലും മാറ്റമുണ്ടാകില്ല. ഉദാഹരണത്തിന്, 30 വർഷ കാലാവധിയുള്ള 50 ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് 8.20 ശതമാനം പലിശ നിരക്കാണെങ്കിൽ നിലവിലെ ഇഎംഐയായ 37,346 രൂപ തന്നെ തുടരും. അതുപോലെ, അഞ്ച് വർഷത്തേക്കുള്ള 5 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്ക് 12 ശതമാനം പലിശ നിരക്കാണെങ്കിൽ നിലവിലെ ഇഎംഐയായ 11,122 രൂപ തന്നെയാണ് നൽകേണ്ടത്.
ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?
റിപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) അടിസ്ഥാനത്തിലുള്ള വായ്പകളുള്ളവർക്ക് റിപ്പോ നിരക്കിലെ മാറ്റങ്ങൾ താരതമ്യേന വേഗത്തിൽ ബാധകമാകും. എന്നാൽ എംസിഎൽആർ (MCLR) അടിസ്ഥാനത്തിലുള്ള വായ്പകളിലുള്ളവർക്ക് പലിശ നിരക്കുകളിലെ മാറ്റങ്ങൾ ഉടൻ പ്രതിഫലിക്കണമെന്നില്ല.
നിലവിൽ അടയ്ക്കുന്ന പലിശ നിരക്ക് വിപണിയിലെ നിരക്കുകളേക്കാൾ കൂടുതലാണെങ്കിൽ വായ്പ മറ്റൊരു പദ്ധതിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്. പല ബാങ്കുകളും ബാലൻസ് ട്രാൻസ്ഫർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്.












Click it and Unblock the Notifications