ആര്‍ബിഐ റിപ്പോ നിരക്കുകള്‍ കാല് ശതമാനം കുറച്ചു; വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറയും
ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ റിപ്പോ നിരക്കുകള്‍ വെട്ടിക്കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 25 പോയിന്റുകള്‍ താഴ്ന്ന് റിപ്പോ നിരക്ക് 6 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 5.75 ശതമാനവുമായാണ് കുറച്ചത്. ഇത് കൂടാതെ റിസര്‍വ് ബാങ്കിന്റെ നയ നിലപാട് ന്യൂട്രലില്‍ തന്നെ നിലനിര്‍ത്താനും തീരുമാനമായിട്ടുണ്ട്. 2019-20 വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാണെന്നും ഗവര്‍ണര്‍ അറിയിച്ചു.
രാജ്യത്തെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍ നിരക്കുകള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ടെന്ന് ആര് ബി ഐയുടെ ആറംഗ സമിതിയുടെ അധ്യക്ഷനായ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. 2016ല്‍ മോണിറ്ററി പോളിസി രൂപീകരിച്ച ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നത്. 18 മാസത്തെ ഇടവേളയ്ക്കു ശേഷം ഫെബ്രുവരിയില്‍ റിസര്‍വ് ബാങ്ക് റിപോ നിരക്ക് 25 ബേസിസ് പോയിന്റായി കുറച്ചിരുന്നു.
വ്യവസായ സംഘടനകള്‍, നിക്ഷേപക അസോസിയേഷന്, എം.എസ്.എം.ഇ. പ്രതിനിധികള്‍, ബാങ്കര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള ഓഹരി പങ്കാളികളുമായി ദാസ് നേരിട്ട് യോഗങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റെടുത്ത ശേഷം സാമ്പത്തിക വളര്‍ച്ചയ്ക്കും ഊര്‍ജ്ജസ്വലതയ്ക്കും വേണ്ടി നിരവധി നടപടികള്‍ ഇദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്.
രാജ്യത്ത് ഭവന, വാഹന വായ്പകള്‍ക്ക് റിപ്പോ നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് പലിശാ നിരക്കില്‍ കുറവ് വരാനുളള സാധ്യത വര്‍ധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപ വര്‍ധനയ്ക്കും ഇത് പ്രയോജനം ചെയ്യും. കാറുകള്‍, മറ്റ് വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന ഉയരാനും റിസര്‍വ് ബാങ്ക് തീരുമാനം വഴിവയ്ക്കും.
ഈ വര്‍ഷമാദ്യം അതായത് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കയറ്റുമതി വളര്‍ച്ച ദുര്‍ബലമായി തുടരുകയാണെന്നും ഇറക്കുമതിയില്‍ പ്രത്യേകിച്ച് എണ്ണയിതര സ്വര്‍ണ്ണ ഉല്പന്നങ്ങളില് ഇടിവ് തുടരുകയാണെന്നും നിരക്ക് കുറച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം ഗവര്‍ണര്‍ അറിയിച്ചു. പ്രധാന മന്ത്രി നരേന്ദ്രമോദി രണ്ടാം തവണയും ഭരണം നേടാനൊരുങ്ങുന്ന പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്ന ഏപ്രില്‍ 11ന് ഒരാഴ്ച മുന്‍പാണ് റിസര്‍വ് ബാങ്ക് തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മോണിറ്ററി പോളിസിയുടെ അടുത്ത യോഗം ജൂണ്‍ 3 മുതല്‍ 6 വരെ നടക്കാനും യോഗത്തില്‍ തീരുമാനമായി.