റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ: ലോണ്‍ എടുത്തവർക്ക് ആശ്വാസം; പലിശ നിരക്കുകള്‍ കുറയും
മുംബൈ: റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് റിസ്സർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ). റിസര്‍വ്വ് ബാങ്കിന്റെ പണനയാവലോകന സമിതി യോഗത്തിന് ശേഷം റിസര്‍വ്വ് ബാങ്ക് ചെയര്‍മാനായ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഇതോടെ 6.25 ശതമാനം ഉണ്ടായിരുന്ന റിപ്പോ നിരക്ക് 6 ശതമാനത്തിലേക്ക് എത്തി. രാജ്യത്ത് പണലഭ്യത കൂട്ടാന്‍ ഇത്തരമൊരു നീക്കത്തിലേക്ക് ആർ ബി ഐ തിരിഞ്ഞേക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങള്‍ ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആർ ബി ഐയുടെ ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്. സഞ്ജയ് മല്‍ഹോത്ര ആർ ബി ഐ ഗവർണ്ണർ പദവി ഏറ്റെടുത്തതിന് ശേഷം തുടർച്ചയായ രണ്ടാം തവണയാണ് റിപ്പോ നിരക്ക് കുറയുന്നത്. രാജ്യത്തെ പണപ്പെരുപ്പ കുറഞ്ഞതും റിപ്പോ നിരക്കില്‍ കുറക്കുന്നതില്‍ നിർണ്ണായകമായി.

റിപ്പോ നിരക്ക് കുറക്കാന്‍ പണനയസമിതി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്നും ആർ ബി ഐ ഗവർണ്ണർ പറഞ്ഞു. ഏപ്രില്‍ ഏഴിന് ആരംഭിച്ച ആർ ബി ഐയുടെ പണനയാവലോകന സമിതി യോഗം ഇന്ന് അവസാനിച്ചു. വിപണിയില്‍ പണലഭ്യത ഉറപ്പ് വരുത്തുന്നതോടെ ആഭ്യന്തര വളർച്ച ത്വരിതപ്പെടുത്തുമെന്നാണ് പ്രതീക്ഷ. റിപ്പോ നിരക്ക് കുറയുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയും. സാധാരണക്കാരെ സംബന്ധിച്ച് ഇത് വലിയ ആശ്വാസകരമാകും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇ എം ഐ) കുറയുന്നതോടെ വായ്പാ ഇടപാടുകാർക്ക് ഓരോ മാസവും കൂടുതൽ തുക വരുമാനത്തില്‍ മിച്ചം പിടിക്കാന്‍ സാധിക്കും.
റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നിന്ന് ആർബിഐ ഫണ്ട് കടമെടുക്കുന്നതിനുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ എന്നും അറിയപ്പെടുന്നു. ഒരു സാമ്പത്തിക വർഷത്തിൽ ആറ് ദ്വൈമാസ യോഗങ്ങളാണ് ആർ ബി ഐ നടത്തുക. ഈ യോഗത്തിലാണ് രാജ്യത്ത് നടപ്പിലാക്കേണ്ട പലിശ നിരക്കുകൾ, പണ വിതരണം, പണപ്പെരുപ്പ അവലോകനം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുക.
അഞ്ച് വർഷത്തിന് ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചത് കഴിഞ്ഞ യോഗത്തിലായിരുന്നു. 6.50% ശതമാനം ഉണ്ടായിരുന്ന റിപ്പോ നിരക്ക് 6.25 ശതമാനത്തിലേക്ക് കുറയ്ക്കാനായിരുന്നു ഫെബ്രുവരിയിലെ യോഗത്തിലെ തീരുമാനം.












Click it and Unblock the Notifications