കോലിയും കൂട്ടരും കപ്പടിച്ചു, ആരാധകർ ഫുള്‍ അടിച്ചു: ഒറ്റ ദിവസം വിറ്റഴിച്ചത് 157 കോടിരൂപയുടെ മദ്യം
അങ്ങനെ 18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐ പി എല്ലിലെ കന്നികിരീടം ചൂടിയിരിക്കുകയാണ്. കാത്തുകാത്തുകിട്ടിയ കിരീട വിജയം ബാംഗ്ലൂർ ആരാധകർ ശരിക്കും ആഘോഷിച്ചു. പുലർച്ച വരേയും നഗരവീഥികളില്‍ ആളുകള്‍ തടിച്ചുകൂടി സന്തോഷം പങ്കിട്ടു. വർഷങ്ങളായി ആർ സി ബിയെ എതിരാളികള്‍ പരിഹസിച്ചുകൊണ്ടിരുന്ന 'ഈ സാല കപ്പ് നംദു'(ഈ വർഷം കപ്പ് നമ്മുടേത്) എന്ന മുദ്രാവാക്യവുമായിട്ടാണ് ആരാധകർ തെരുവില്‍ ഇറങ്ങിയത്.
ആർ സി ബിയുടെ വിജയം മദ്യവില്‍പ്പനയിലും പുതിയ റെക്കോർഡുകള്‍ തീർത്തു. ഒറ്റ ദിവസം കൊണ്ട് 157 കോടിരൂപയുടെ മദ്യവില്‍പ്പനയാണ് കർണാടകയിലുണ്ടായത്. ജൂണ്‍ 3 ന് സംസ്ഥാനത്ത് 1.48 ലക്ഷം ബോക്സ് ബോട്ടിൽഡ് ബിയർ മാത്രം വിറ്റഴിഞ്ഞുവെന്നാണ് കണക്ക്. ഇതിലൂടെ മാത്രം 30.66 കോടി രൂപയുടെ വരുമാനം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ ദിവസം 0.36 ലക്ഷം ബോക്സ് ബിയർ മാത്രമായിരുന്നു വിറ്റത്. അതായത് 6.29 കോടി രൂപയുടെ വരുമാനം.

മറ്റ് മദ്യങ്ങളുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 1.28 ലക്ഷം ബോക്സുകള്‍ വിറ്റതിലൂടെ 127.88 കോടി രൂപയുടെ വരുമാനവും ഉണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ ദിവസം 19.41 കോടി രൂപ മാത്രമായിരുന്നു മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം എന്നതാണ് ഇവിടെ ശ്രദ്ധേയമാകുന്നത്. എല്ലാ കണക്കുകളും ചേർത്ത് ആകെ ഒരു ദിവസം കൊണ്ട് സംസ്ഥാനം 157.94 കോടി രൂപയുടെ മദ്യവിൽപ്പന കർണാടക നടത്തി. സമയ പരിധി കഴിഞ്ഞിട്ടും റെസ്റ്റോബാറുകളിലും പബ്ബുകളിലും വൻതോതിൽ ആളുകള്‍ ഒത്തുകൂടിയിരുന്നു. മറ്റ് വില്‍പ്പന ശാലകള്‍ വഴിയും വലിയ തോതില്‍ വില്‍പ്പന നടന്നു.
അതേസമയം, കിരീട ജേതാക്കള്‍ക്ക് ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാന്‍സൗധയില്‍ സ്വീകരണം നല്‍കും. "18 വർഷത്തെ കാത്തിരിപ്പിന് ശേഷം RCB-യുടെ വിജയം കർണാടകയിൽ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. വൈകിട്ട് 4 മണിക്ക് ഞാൻ ടീമിനെ ആദരിക്കും," കടുത്ത ക്രിക്കറ്റ് ആരാധകനായ സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
വിജയാഘോഷങ്ങളുടെ ഭാഗമായി വിക്ടറി പരേഡും തീരുമാനിച്ചിരുന്നു വിധാന്‍സൗധയില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ 1.14 കിലോമീറ്റർ ദൂരം പിന്നിട്ട് എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം. അതേസമയം, സുരക്ഷാ കാരണങ്ങള്‍ മുന്‍നിർത്തി പരേഡിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. വിക്ടറി പരേഡിന് പകരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 5 മുതൽ 6 വരെ നടക്കുന്ന ഔപചാരിക സ്വീകരണ ചടങ്ങ് മാത്രമായി പരിപാടി ഒതുക്കണമെന്നാണ് പൊലീസ് നിർദേശം. എന്നാല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ ടിക്കറ്റോ പാസോ ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാകുകയുള്ളു.
വിക്ടറി പരേഡിനായി വലിയ രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളും പൊലീസും തയ്യാറാക്കിയിരുന്നു. മൂന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ (DCPs), ഒൻപത് അസിസ്റ്റന്റ് കമ്മീഷണർമാർ (ACPs), 12 ഇൻസ്‌പെക്ടർമാർ, പ്രത്യേക ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെയായിരുന്നു സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. പരേഡ് പൂർണ്ണമായും റദ്ദാക്കുകയാണെങ്കില്‍ ഇവരെ പൂർണ്ണമായും സ്റ്റേഡിയത്തിലെ പരിപാടികളിലേക്ക് മാറ്റും.
ആഘോഷ പരിപാടികളുടെ ഭാഗമായി സി ടി ഒ ജംഗ്ഷൻ, കോഫി ബോർഡ് ജംഗ്ഷൻ, വിധാനസൗധ, രാജ്ഭവൻ റോഡ്, ക്യൂൻസ് റോഡ്, കബ്ബൺ റോഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രകള്‍ക്കായി നമ്മ മെട്രോ, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കാൻ പൊതുജനങ്ങളോട് ബെംഗളൂരു പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications