തെറ്റുകള്‍ക്ക് മാപ്പു പറയാം: മുസ്ലീങ്ങളോട് ബിജെപി
ദില്ലി: തിരഞ്ഞെടുപ്പടുക്കുമ്പോള്‍ അത് വേണം. ന്യൂനപക്ഷം സമുദായങ്ങളുടെ പിന്തുണകൂടെ ഉണ്ടെങ്കിലേ ഇനി പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബി ജെ പി മനസ്സിലാക്കിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ മുസ്ലീങ്ങളോട് ഒരു കുമ്പസാരമൊക്കെ നടത്തി അവരെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ബി ജെ പി. മുസ്ലീം സമുദായത്തോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു.
മുമ്പ് എന്തെങ്കിലും പിഴയോ കുറവോ സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു. തിരഞ്ഞെടുപ്പില്‍ ഒരു തവണ ഞങ്ങളെ പരീക്ഷിക്കൂ എന്നാണ് ബി ജെ പിയുടെ അപേക്ഷ. ദില്ലിയില്‍ സംഘടിപ്പിച്ച മുസ്ലീം കൂട്ടായ്മയിലായിരുന്നു ഈ കുമ്പസാരവും അപേക്ഷയുമൊക്കെ. കോണ്‍ഗ്രസ് വ്യാജ പ്രചാരണത്തില്‍ ആരും വീണുപോകരുതെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.

ദയവായി നിങ്ങള്‍ കേള്‍ക്കുക, എവിടെയെങ്കിലും എപ്പോഴെങ്കിലും ഞങ്ങളുടെ ഭാഗത്തു നിന്ന് തെറ്റുകളോ കുറവുകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ കുനിഞ്ഞ ശിരസ്സോടെ മാപ്പപേക്ഷിക്കാന്‍ തയ്യാറാണ്. എല്ലാവര്‍ക്കും തുല്യതയാണ് ബി ജെ പി ആഗ്രിക്കുന്നത്. മറിച്ചുള്ള കോണ്‍ഗ്രസ് പ്രചാരണത്തില്‍ നിങ്ങള്‍ വീണുപോകരുതെന്നും രാജ്യത്തിന്റെ നന്മയെ കരുതി നിങ്ങള്‍ ബി ജെ പിയ്ക്ക് വോട്ട് നല്‍കണമെന്നുമാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.
ഇത്രയും കാലം കോണ്‍ഗ്രസിന് ഭരണം നല്‍കിയില്ലേ. ഇനിയൊന്ന് ബിജെപിയെ പരീക്ഷിച്ചു നോക്കൂ. നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ബി ജെ പിയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയൊരിക്കലും ബി ജെ പിയെ തിരിഞ്ഞു നോക്കേണ്ടതില്ല. കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുകയല്ല ബി ജെ പിയുടെ ലക്ഷ്യം. സംശുക്തമായ ഒരു ഇന്ത്യ കെട്ടി പടുക്കുക എന്നതാണ്- രാജ്‌നാഥ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications