'മോദിയും അമിത് ഷായും ആവശ്യപ്പെട്ടാൽ ചാവേർ ബോംബ് ധരിച്ച് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാർ'; കർണാടക മന്ത്രി
ബംഗ്ലൂർ; ചാവേർ ബോംബ് ധരിച്ച് പാക്കിസ്ഥാനിലേക്ക് പോകാൻ തയ്യാറാണെന്ന് കർണാടക മന്ത്രി ബിഎസ് സമീർ ഖാൻ. പാക്കിസ്ഥാനെതിരെ പൊരുതാൻ തന്നെ രാജ്യത്തിന് ആവശ്യമാണെങ്കിൽ അതിന് താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിനിടെയാണ് വിവാദ പരാമർശം.
' നമ്മൾ ഇന്ത്യക്കാരാണ്, ഹിന്ദുസ്ഥാനികൾ, നമ്മളും പാക്കിസ്ഥാനികളും തമ്മിൽ ഒരു ബന്ധവുമില്ല. അവർക്കെതിരെ യുദ്ധം ചെയ്യണമെങ്കിൽ ആ യുദ്ധത്തിന് ഞാൻ തയ്യാറാണ്', ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ സമീർ ഖാൻ പറഞ്ഞു. 'ഒരു മന്ത്രിയെന്ന നിലയിൽ അവർ എന്നെ അയക്കുകയാണെങ്കിൽ ഞാൻ മുൻനിരയിൽ തന്നെ നിൽക്കും, ആവശ്യമെങ്കിൽ ഞാൻ ചാവേർ ബോംബ് ധരിക്കും. തമാശ പറയുകയല്ല, പെട്ടെന്നുള്ള പ്രതികരണവുമല്ല. എന്നെ രാജ്യത്തിന് ആവശ്യമാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എനിക്ക് ചാവേർ ബോംബ് തരട്ടെ. ഞാൻ അത് ധരിക്കും, പാക്കിസ്ഥാനിലേക്ക് പോകും', സമീർ പറഞ്ഞു. പാക്കിസ്ഥാനുമായി ഒരു യുദ്ധത്തിന് താത്പര്യമുല്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് സമീറിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു പാക്കിസ്ഥാനുമായി ഒരു യുദ്ധത്തിന് താത്പര്യമില്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചത്. ' അതിർത്തിയിൽ ശക്തമായ സുരക്ഷ നടപടികളാണ് കൈക്കൊള്ളേണ്ടത്. അല്ലാതെ ഒരു യുദ്ധത്തിന് തങ്ങൾക്ക് താത്പര്യമില്ല. എപ്പോഴും സമാധാനം ഉണ്ടാകണം. ആളുകൾക്ക് സുരക്ഷിതമായി കഴിയാൻ സാധിക്കണം. കേന്ദ്രസർക്കാർ ആവശ്യമായ സുരക്ഷ നടപടികൾ കൈക്കൊള്ളണം', സിദ്ധരാമയ്യ പറഞ്ഞു. അതേസമയം പരാമർശം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. രാജ്യത്തെ സംബന്ധിച്ചെടുത്തോളം യുദ്ധം എന്നത് അവസാനത്തെ ആയുധം മാത്രമായിരിക്കണമെന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.
'ശത്രിവിനെ പരാജയപ്പെടുത്താനുള്ള എല്ലാ വഴികളും അവസാനിക്കുമ്പോൾ മാത്രമേ രാജ്യം യുദ്ധം എന്ന വഴി തിരഞ്ഞെടുക്കാൻ പാടുള്ള. ഇതിനോടകം തന്നെ കേന്ദ്ര സർക്കാർ നിരവഝി നയതന്ത്ര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. സിന്ധു നദീ ജല കരാർ മരവിപ്പിച്ചത് അടക്കമുള്ള നടപടികൾ സ്വീകരിച്ച് കഴിഞ്ഞു. ഇത്തരം നടപടികളൊക്കെ പൂർണ മനസോടെ അംഗീകരിക്കുന്നു. ഇനിയും കടുത്ത നടപടികൾ ഉണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. രാജ്യം കൈക്കൊള്ളുന്ന എല്ലാ നടപടികളും ലോകത്തോട് വിളിച്ച് പറയണമെന്നില്ല. ഏത് ശക്തവും കൃത്യവുമായ നടപടിയിലും രാജ്യം ഒറ്റക്കെട്ടായി ഉറച്ച് നിൽക്കണം', അദ്ദേഹം പറഞ്ഞു.
'ഇപ്പോഴത്തെ അവസ്ഥയിൽ ലോകത്തെ പല രാജ്യങ്ങളും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭീകരാവാദത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയ്ക്കൊപ്പം ഉറച്ച് നിൽക്കുന്നുണ്ട. ഈ അഭൂതപൂർവമായ പിന്തുണ നമ്മൾ ഉപയോഗപ്പെടുത്തണം. പാക്കിസ്ഥാനെ പാഠം പഠിപ്പിക്കണം',സിദ്ധരാമയ്യ പറഞ്ഞു.












Click it and Unblock the Notifications