മരണകാരണം തലയിലേറ്റ മുറിവ്, വാണി ജയറാമിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കരിച്ചു

തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ്. തലയിലേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ചെന്നൈയിലെ വസതിയില്‍ വാണി ജയറാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ വാണി ജയറാം വീണ് തല മേശയില്‍ ഇടിച്ചത് മൂലമുണ്ടായ മുറിവാണ് മരണ കാരണം എന്നാണ് പോലീസ് പറയുന്നത്.
വാണി ജയറാമിന്റെ മൃതദേഹം ചെന്നൈ ബസന്ത് നഗറിലെ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം. ഉച്ചയ്ക്ക് ഒരു മണി വരെ വാണി ജയറാമിന്റെ മൃതദേഹം നുങ്കപ്പാക്കത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, സിനിമാ, സംഗീത രംഗത്ത നിരവധി പ്രമുഖര്‍ വാണി ജയറാമിന് അന്ത്യാജ്ഞലി അര്‍പ്പിച്ചു. സംഗീത ലോകത്തിന് തീരാനഷ്ടമാണ് വാണി ജയറാമിന്റെ മരണമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.
നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുളള വീട്ടില്‍ വാണി ജയറാം തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷമായിരുന്നു തനിച്ചുളള താമസം. സഹായത്തിന് ഒരു സ്ത്രീ ഉണ്ടായിരുന്നു. ഇവര്‍ രാവിലെയാണ് ജോലിക്കായി എത്താറുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇവര്‍ ജോലിക്കെത്തിയെങ്കിലും വാണി ജയറാം വാതില്‍ തുറന്നില്ല. തുടര്‍ന്ന് ജോലിക്കാരി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കിടപ്പുമുറിയില്‍ നിലത്ത് മരിച്ച് കിടക്കുന്ന നിലയില്‍ വാണി ജയറാമിനെ കണ്ടെത്തിയത്.












Click it and Unblock the Notifications