വിമതര്‍ പറഞ്ഞത് പച്ചക്കള്ളം! ഇവരുടെ മണ്ഡലങ്ങള്‍ക്ക് ലഭിച്ചത് ഇരട്ടിയിലധികം ഫണ്ട്
ബെംഗളൂരു: 15 എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയത്. സര്‍ക്കാരില്‍ തൃപ്തരല്ലെന്നും തങ്ങളുടെ മണ്ഡലങ്ങളില്‍ ആവശ്യത്തിന് ഫണ്ട് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാരില്‍ പലരും രാജിവെച്ചത്. എന്നാല്‍ ഇവരുടെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

ആദ്യം രാജിവെയ്ക്കുകയും പിന്നീട് കോണ്‍ഗ്രസ് കാമ്പിനൊപ്പം നിലയുറപ്പിക്കുകയും ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ ആര്‍ രാമലിംഗ റെഡ്ഡി ഉള്‍പ്പെടെയുള്ള ബെംഗളൂര്‍ മേഖലയിലെ അഞ്ച് എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്കും ആവിശ്യത്തിന് അധികം ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ബെംഗളൂരു മേഖലയിലെ 28 അസംബ്ലി മണ്ഡലങ്ങളില്‍ രാമലിംഗ റെഡ്ഡി (ബിടിഎം ലേ ഔട്ട്), എസ്ടി സോമശേഖര്‍ (യശ്വന്ത്പൂര്‍), ഭൈരതി ബസവരാജ് (കെആര്‍ പുരം), കെ ഗോപാലയ്യ (മഹാലക്ഷ്മി ലേ ഔട്ട്), മുനിരത്ന (ആര്‍ആര്‍ നഗര്‍) എന്നിവരുടെ മണ്ഡലങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫണ്ടുകള്‍ ലഭിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2013-2018 സാമ്പത്തിക വര്‍ഷം യശ്വന്ത്പൂരില്‍ ലഭിച്ചത് 924.14 കോടിയാണ്. കെആര്‍ പുരം 908.68 കോടിയും ബിടിഎം ലേ ഔട്ടില്‍ 868.53 കോടിയും മഹാലക്ഷ്മി ലേ ഔട്ടില്‍ 619.56 കോടിയുമാണ് ലഭിച്ചത്.
ബെംഗളൂര്‍ മേഖലയില്‍ ബൃഹത് ബംഗളൂരു മഹാനഗര പാലികയ്ക്ക് (ബിബിഎംപി) വരുമാനം ഉയര്‍ത്താന്‍ സാധിക്കാത്തതിനാല്‍ മേഖലയിലെ വികസനങ്ങള്‍ക്ക് കൂടുതലും സര്‍ക്കാര്‍ ഫണ്ടുകളെയാണ് ആശ്രയിക്കുന്നത്. നഗര ഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന മണ്ഡലങ്ങളായതിനാലും പുതുതായി രൂപീകരിച്ച മണ്ഡലമായതിനാലുമാണ് ഈ അഞ്ചിടങ്ങളിലും കൂടുതല്‍ ഫണ്ടുകള്‍ ലഭിച്ചത്. അതേസമയം 2013 മുതല്‍ 2018 വരെ മേഖലയിലെ ബിജെപി ഭരിക്കുന്ന മണ്ഡലമായ മഹാദേവപുരയില്‍ ലഭിച്ച ഫണ്ടുകള്‍ വളരെ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications