സച്ചിന്‍: 5000 ടിക്കറ്റ് വാങ്ങാന്‍ 2 കോടി പേര്‍!
മുംബൈ: സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍ക്കാന്‍ വെച്ച വെബ്‌സൈറ്റ് തകര്‍ന്നതായിരുന്നു ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നുള്ള തിങ്കളാഴ്ചത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. എങ്ങനെ തകരാതിരിക്കും എന്നൊന്ന് ആലോചിച്ചുനോക്കിക്കേ. വില്‍ക്കാന്‍ വെച്ചത് വെറും 5000 ടിക്കറ്റുകള്‍. ഇത്രയും ടിക്കറ്റ് വാങ്ങാനെത്തിയതോ ഏകദേശം 2 കോടി ആളുകള്‍.
11 മണിക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങും എന്നാണ് അറിയിച്ചിരുന്നത് എങ്കിലും അതിനും എത്രയോ മുന്‍പ് തന്നെ സൈറ്റിലേക്ക് ആരാധകരുടെ പ്രവാഹം തുടങ്ങി. ഫലമോ സൈറ്റ് തകരാറാകുകയും ചെയ്തു. സൈറ്റ് വീണ്ടും സജ്ജീകരിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞില്ല എന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് മുംബൈയിലെ വാങ്കഡേ സ്‌റ്റേഡിയത്തിന് പുറത്ത് ആളുകള്‍ തടിച്ചുകൂടി.

ഓണ്‍ലൈനില്‍ ടിക്കറ്റ് കിട്ടാത്തതിനെത്തുടര്‍ന്നാണ് ആരാധകര്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തിയത്. പോളി ഉമ്രിഗര്‍, വിനു മങ്കാദ് ഗെയ്റ്റുകളില്‍ ബഹളം വെച്ച ആരാധകരെ പോലീസെത്തിയാണ് നീക്കം ചെയ്തത്. നവംബര്‍ 12 മുതല്‍ മുംബൈ ഹോക്കി അസോസിയേഷന്‍ വഴി ടിക്കറ്റ് വില്‍പന ആരംഭിക്കുമെന്നാണ് എം സി എ പറയുന്നത്.
19.7 മില്യണ്‍ ആളുകളാണ് ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ കരസ്ഥമാക്കാനായി എത്തിയിരുന്നത്. ആകെയുള്ള 33,000 ടിക്കറ്റുകളില്‍ 5000 ടിക്കറ്റുകള്‍ മാത്രമാണ് നെറ്റിസന്‍മാര്‍ക്ക് വേണ്ടി നീക്കിവെച്ചിരുന്നത്. ഇതിലും ആരാധകര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. kyazoonga.com എന്ന സൈറ്റാണ് സച്ചിന്‍ ടെസ്റ്റിനുള്ള ഓണ്‍ലൈന്‍ വില്‍പന പ്രഖ്യാപിച്ചിരുന്നത്. സൈറ്റ് അധികൃതര്‍ പിന്നീട് ട്വിറ്ററില്‍ ക്ഷമാപണം നടത്തി.












Click it and Unblock the Notifications