ഡോ. ഉമർ ഒരു പുസ്തകപ്പുഴു, കുടുംബത്തിന്റെ ഏക പ്രതീക്ഷ, 2 മാസമായി വീട്ടിൽ വന്നില്ലെന്ന് സഹോദരഭാര്യ
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിലെ ചാവേര്‍ ഡോക്ടര്‍ മുഹമ്മദ് ഉമര്‍ ഫരീദാബാദ് ഭീകരസംഘത്തിലെ അംഗമാണെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയിരിക്കുന്നത്. കശ്മീരിലെ ഉമറിന്റെ വീട്ടിലെത്തിയ അമ്മയേയും സഹോദരന്മാരായ ആഷിഖ് അഹമ്മദിനേയും സഹൂര്‍ അഹമ്മദിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആഷിഖ് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും സഹൂര്‍ വിദ്യാര്‍ത്ഥിയുമാണ്.
ഉമര്‍ ഇത്തരമൊരു കാര്യം ചെയ്തു എന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് സഹോദരന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമറിനോട് അവസാനമായി സംസാരിച്ചത്. വീട്ടില്‍ വളരെ ശാന്തസ്വഭാവക്കാരന്‍ ആയിരുന്നുവെന്നും സഹോദരഭാര്യ പറയുന്നു.
ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്ക് സമീപത്ത് പൊട്ടിത്തെറിച്ച ഹ്യൂണ്ടായി ഐ20 കാര്‍ ഓടിച്ചിരുന്നത് ഡോ. ഉമര്‍ ആയിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തില്‍ വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂളിലേക്കാണ് അന്വേഷണം നീളുന്നത്.

ഉയര്‍ന്ന നിലയിലുളള പ്രൊഫഷണലുകളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്നതാണ് വൈറ്റ് കോളര്‍ ടെറര്‍ മൊഡ്യൂള്‍. ഡല്‍ഹി ഭീകരാക്രമണത്തിന് പിന്നില്‍ ഡോ. ഉമറിനെ കൂടാതെ ഉളളവരും ഡോക്ടര്‍മാര്‍ ആണെന്നാണ് സംശയിക്കുന്നത്. അടുത്തിടെ ശ്രീനഗറില്‍ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണച്ച് കൊണ്ടുളള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് ഡോക്ടര്‍മാരായ അദീല്‍ അഹമ്മദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ്. ഡോ. ഉമറിന് ഇവരുമായി ബന്ധമുളളതായി പോലീസ് സംശയിക്കുന്നു.
പുല്‍വാമയിലെ കോയില്‍ ഗ്രാമത്തിലാണ് ഡോ. ഉമറും കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ഉമര്‍ വന്നിട്ട് രണ്ട് മാസമായെന്ന് സഹോദര ഭാര്യ ഇന്ത്യ ടുഡെയോട് പ്രതികരിച്ചു. ഉമര്‍ ഒരു പുസ്തകപ്പുഴു ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിളിച്ചപ്പോള്‍ പറഞ്ഞത് ലൈബ്രറിയില്‍ ഇരുന്ന് പഠിക്കുകയാണ് പരീക്ഷയുണ്ട് എന്നാണ്. വീട്ടില്‍ വരുമ്പോള്‍ എപ്പോഴും തങ്ങളോട് പഠിക്കാന്‍ പറയുമെന്നും സഹോദര ഭാര്യ പറയുന്നു.
ഭീകരാക്രമണ വാര്‍ത്തയറിഞ്ഞ് കുടുംബം ഞെട്ടലിലാണ്. ഉമറിന്റെ ഉമ്മ വളരെ കഷ്ടപ്പെട്ടിട്ടാണ് കുടുംബത്തെ പോറ്റിയിരുന്നത്. ദാരിദ്രത്തില്‍ നിന്നും രക്ഷപ്പെടാനുളള കുടുംബത്തിന്റെ ഏക പ്രതീക്ഷ ഉമര്‍ ആയിരുന്നുവെന്നും ഇവര്‍ പറയുന്നു. പൊട്ടിത്തെറിച്ച കാര്‍ ഓടിച്ചിരുന്നത് ഉമര്‍ തന്നെ ആണെന്ന് ഉറപ്പാക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് അന്വേഷണ സംഘം. അതിനിടെ ഡോ. ഉമറിന്റെ സുഹൃത്ത് പുല്‍വാമ സ്വദേശിയായ ഡോ. സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നു.












Click it and Unblock the Notifications