മേഖല അടിസ്ഥാനത്തിൽ പദ്ധതികൾ; കർണാടകം പിടിക്കാൻ വേറിട്ട നീക്കങ്ങളുമായി കോൺഗ്രസ്
ബെംഗളൂരു; 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ നേരത്തേ തന്നെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിരിക്കുകയാണ് കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിൽ കർണാടകത്തിൽ ബി ജെ പി തിരഞ്ഞെടുപ്പുകൾ വേഗത്തിലാക്കുമോയെന്ന ആശങ്കയും ഇതിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മേഖലാ അടിസ്ഥാനത്തിൽ തന്നെ പ്രത്യേക പദ്ധതികളും തന്ത്രങ്ങളും മെനയാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.

2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളായിരുന്നു കർണാടകത്തിൽ കോൺഗ്രസ് വിജയിച്ചത്. വലിയ വോട്ട് വിഹിതവും നേടാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാൽ 104 സീറ്റുകൾ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി ജെ പി സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെ എന്തുവിലകൊടുത്തും ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ബദ്ധവൈരികളായ ജെ ഡി എസുമായി കൈകോർക്കുകയും സംസ്ഥാന ഭരണം പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്ടമായ ബി ജെ പി ഒരു വർഷങ്ങൾക്കിപ്പുറം സഖ്യ സർക്കാരനെ അധികാരത്തിൽ നിന്നും താഴെയിറക്കി ഭരണം തിരിച്ച് പിടിച്ചു. സഖ്യത്തിനുള്ളിൽ ഉയർന്ന അതൃപ്തി മുതലെടുത്ത് കൊണ്ടായിരുന്നു ബി ജെ പി നേതാക്കൾ. ഇരു പാർട്ടികളിൽ നിന്നുമായി 17 ഓളം എം എൽ എമാരെയാണ് ബി ജെ പി മറുകണ്ടം ചാടിച്ചത്.

എന്തായാലും ഇക്കുറി ഭരണം തിരിച്ച് പിടിക്കുമെന്ന അവകാശവാദമാണ് കോൺഗ്രസ് നടത്തുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേടാനായ മുന്നേറ്റമാണ് കോൺഗ്രസിന് കരുത്ത്. മാത്രമല്ല ശക്തമായ പ്രവർത്തനങ്ങളും നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോൺഗ്രസ് നടത്തുന്നുണ്ടെന്ന് പാർട്ടി അധ്യക്ഷൻ കൂടിയായ ഡി കെ ശിവകുമാറും പറയുന്നു. ഓരോ മേഖലകൾ തിരിച്ചായിരിക്കും തന്ത്രങ്ങൾ മെനയുകയെന്നതാണ് ഡി കെ വ്യക്തമാക്കുന്നത്.
2023ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാദേശിക പ്രകടന പത്രികകളും പ്രവർത്തന പദ്ധതികളും കോൺഗ്രസ് ഒരുക്കും. ബെംഗളൂരു നഗര വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി ഒരുക്കും. മലനാട്, തീരദേശം, കല്യാൺ കർണാടക, കിറ്റൂർ കർണാടക എന്നിവിടങ്ങളിലക്കായി പ്രത്യേക കർമ്മ പദ്ധതി തന്നെ തയ്യാറാക്കും. എല്ലാ മേഖലകളുടെയും വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഡി കെ ശിവകുമാർ പറഞ്ഞു.

കർണാടകയിൽ ഉടനീളമുള്ള തന്റെ യാത്രയ്ക്കിടെ ബി ജെ പിക്കെതിരായ ജനവികാരമാണ് കണ്ടത്. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല, ഓരോ ദിവസവും വൈകാരിക പ്രശ്‌നങ്ങൾ ഉന്നയിച്ച് അവരെ ഭിന്നിപ്പിക്കുന്നതിലാണ് സർക്കാർ ഏർപ്പെട്ടിരിക്കുന്നത്.കാർഷിക വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു ബി ജെ പിയുടെ വാദം. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ കർഷകർക്ക് കൂടുതൽ നാശനഷ്ടം ഉണ്ടാക്കുകയാണ് ചെയ്തത്. ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കർഷകരുടെ വരുമാനത്തിലും നഷ്ടം സംഭവിക്കുകയാണ്.ഹലാൽ മാംസപ്രശ്നം ഉയർന്നതോടെ കോഴിക്കച്ചവടക്കാരായ ആളുകൾക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടി വന്നത്. അതുപോലെ ചെമ്മരിയാടിനെയും ആടിനെയും വളർത്തുന്നവർക്കും കച്ചവടം നഷ്ടപ്പെട്ടു. വോട്ടുകൾ നേടുന്നതിനായി ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ് അവരുടെ അജണ്ട. പാവപ്പെട്ട കർഷകരെ അവർ ശിക്ഷിക്കുകയാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
ഇത്തവണ കുറഞ്ഞത് 150 സീറ്റുകൾ സംസ്ഥാനത്ത് നേടിയെടുക്കണമെന്ന നിർദ്ദേശമാണ് കർണാടക നേതൃത്വത്തിന് രാഹുൽ ഗാന്ധി നൽകിയിരിക്കുന്നത്.ഇതിനായി ചിട്ടയായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും രാഹുൽ നേതാക്കളോട് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications