കൈത്തറി ഷികാര്‍ഗ ബനാറസി സാരിയുടെ പ്രഭയില്‍ നിത അംബാനി; മസാച്യുസെറ്റ്സ് ഗവര്‍ണറുടെ ആദരം ഏറ്റുവാങ്ങി
മസാച്യുസെറ്റ്സ്: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണും സ്ഥാപകയുമായ നിത അംബാനിക്ക് മസാച്യുസെറ്റ്സ് ഗവര്‍ണറുടെ ആദരം. ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിനും മനുഷ്യസ്നേഹി, ആഗോള മാറ്റത്തിനുള്ള പ്രേരക ശക്തി എന്നീ നിലകളില്‍ സമൂഹത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്കുമുള്ള ആദരവായാണ് പുരസ്‌കാരം സമ്മാനിച്ചത്. മസാച്യുസെറ്റ്സ് ഗവര്‍ണര്‍ മൗറ ഹീലിയാണ് നിതയ്ക്ക് പ്രശസ്തിപത്രം നല്‍കിയത്.
വിദ്യാഭ്യാസം, ആരോഗ്യം, കായികം, കല, സംസ്‌കാരം, വനിതാ ശാക്തീകരണം എന്നീ മേഖലകളില്‍ ഇന്ത്യയിലും ലോകമൊട്ടാകെയും നിത അംബാനിയുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാരം. പ്രശസ്തിപത്രം ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു.

ബോസ്റ്റണില്‍ നടന്ന ചടങ്ങില്‍ നിത അംബാനി ധരിച്ച കൈത്തറി ഷിക്കാര്‍ഗ ബനാറസി സാരിയുടെ രാജകീയ പ്രൗഡിയാണ് ഏവരുടെയും ശ്രദ്ധ കവര്‍ന്നത്. ഇന്ത്യയുടെ സമ്പന്നമായ കലാ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പിങ്ക് നിറത്തിലുള്ള അതിമനോഹരമായ സാരി. അനുയോജ്യമായ ആഭരണങ്ങളും സാരിക്ക് മിഴിവേകി. സങ്കീര്‍ണമായ നെയ്ത്ത് രീതിയാണ് ഈ സാരിയുടെ പ്രത്യേകത. പരമ്പരാഗത കരകൗശല വിദഗ്ധര്‍ കൈകൊണ്ട് നെയ്‌തെടുത്ത സാരി ഇന്ത്യന്‍ കരകൗശല വിദ്യയുടെ മികവും പ്രകടമാക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് വുമണ്‍ എന്നതിനൊപ്പം നിതയുടെ ഫാഷന്‍ സെന്‍സിനും ആരാധകര്‍ ഏറെയാണ്. അത്യാഡംബര വസ്ത്രങ്ങളും ആഭരണങ്ങളും വാച്ചുകളും ബാഗുകളുമൊക്കെ നിതയ്ക്ക് സ്വന്തമായുണ്ട്. പരമ്പരാഗത നെയ്ത്തുകാരെ പ്രോല്‍സാഹിപ്പിക്കുന്നതിലും നിത മുന്നിലാണ്. പലപ്പോഴും അതിശയിപ്പിക്കുന്ന സാരികളിലാണ് നിത പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളിലൊരാളാണ് നിത അംബാനി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications