യുഎസ് ഉപരോധിച്ചു: അതേ റഷ്യന്‍ ക്രൂഡ് സംസ്കരിച്ച് യുഎസിലേക്ക് തന്നെ അയച്ചു; റിലയൻസ് നേടിയത് 6850 കോടി
2022 ല്‍ റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതോടെ യുദ്ധഭീതി പൊട്ടിപ്പുറപ്പെട്ടതിനോടൊപ്പം ലോകത്തിന്റെ വ്യാപാരക്രമത്തിലും വലിയ മാറ്റമാണുണ്ടായത്. പ്രധാനമായും ക്രൂഡ് ഓയില്‍ വ്യാപാരമേഖല ഈ അധിനിവേശത്തിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്താണ് റഷ്യ ഉപരോധത്തെ മറികടന്നത്.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് റഷ്യ. മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള റിഫൈനറികള്‍ വലിയ തോതില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്ത് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും റിലയൻസ് വലിയ തോതിലുള്ള ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റഷ്യൻ ക്രൂഡ് ഓയിലിൽ നിന്ന് നിർമ്മിച്ച ഇന്ധനം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ മാത്രം ഒരു വർഷത്തിനുള്ളിൽ 724 മില്യൺ യൂറോ (ഏകദേശം 6850 കോടി രൂപ) വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. '2024 ജനുവരി മുതൽ 2025 ജനുവരി അവസാനം വരെ, റഷ്യൻ ക്രൂഡ് ഓയിൽ സംസ്കരിക്കുന്ന ഇന്ത്യയിലെയും തുർക്കിയിലെയും ആറ് റിഫൈനറികളിൽ നിന്നായി യുഎസ് 2.8 ബില്യൺ യൂറോയുടെ ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി ചെയ്തു. ഇതിൽ ഏകദേശം 1.3 ബില്യൺ യൂറോ റഷ്യൻ ക്രൂഡിൽ നിന്ന് ശുദ്ധീകരിച്ചതാണ്," സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിന്റെ റിപ്പോർട്ട് പറയുന്നു.
റിലയൻസിന്റെ ഇരട്ട എണ്ണ ശുദ്ധീകരണശാലകൾ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാംനഗറിൽ നിന്നാണ് പെട്രോൾ, ഡീസൽ തുടങ്ങിയ 2 ബില്യൺ യൂറോയുടെ ഇന്ധനങ്ങൾ യു എസിലേക്ക് കയറ്റുമതി ചെയ്തത്. ഇതിൽ 724 മില്യൺ യൂറോ മൂല്യവരുന്ന വിഹിതവും റഷ്യൻ ക്രൂഡിൽ നിന്ന് ശുദ്ധീകരിച്ചതാണെന്നും സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ പറയുന്നു.
റിലയന്‍സിന് പുറമെ നയാര എനർജിയും വലിയ തോതില്‍ ഇന്ധനം യു എസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയില്‍ നിന്നും 2024 ജനുവരി മുതൽ 2025 ജനുവരി വരെ നയാര യു എസിലേക്ക് 184 മില്യൺ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്തത്. ഇതിൽ 124 മില്യൺ യൂറോയുടെ ഇന്ധനവും റഷ്യൻ ക്രൂഡിൽ നിന്ന് ശുദ്ധീകരിച്ചെടുത്തതാണ്. മാംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ഇക്കാലയളവില്‍ യു എസിലേക്ക് 42 മില്യൺ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്തത്. ഇതില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം 22 മില്യണ്‍ യൂറോയുടേതാണ്.
തുർക്കിയിലെ മൂന്ന് റിഫൈനറികളില്‍ നിന്നായി യു എസിലേക്ക് മൊത്തം 616 മില്യൺ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്യത്. ഇതില്‍ ബഹുഭൂരിപക്ഷവും അതായത് 545 മില്യൺ യൂറോയുടെ ഇന്ധനവും റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചതിൽ നിന്നാണ്. 'ഇന്ത്യയിൽ നിന്നും തുർക്കിയിൽ നിന്നും യുഎ സിലേക്കുള്ള ഈ ഇറക്കുമതിയിലുടെ റഷ്യ ഏകദേശം 750 മില്യൺ ഡോളർ നികുതിയിനത്തില്‍ സമ്പാദിച്ചു' എന്നും സി ആർ ഇ എ അഭിപ്രായപ്പെടുന്നു.
'അമേരിക്കന്‍ ഇറക്കുമതിയിൽ 294 മില്യൺ യൂറോ വിലമതിക്കുന്ന പെട്രോളാണ് മുന്നിട്ട് നില്‍ക്കുന്നത്. തങ്ങളുടെ ഏകദേശ കണക്കനുസരിച്ച്, റഷ്യൻ ക്രൂഡിൽ നിന്ന് നിർമ്മിച്ച പെട്രോളിന്റെ ഇറക്കുമതി ഫ്ലോറിഡയിലെ മിക്കവാറും എല്ലാ കാറുകളിലും നിറയ്ക്കാൻ കഴിയുന്ന അത്രയുമുണ്ട്.' സി ആർ ഇ എ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications