റിലയൻസിന്റെ വമ്പൻ സോളാർ പ്രൊജക്ട്;ഒരുങ്ങുന്നത് 5,50,000 ഏക്കറിൽ,സിംഗപ്പൂരിന്റെ വലുപ്പത്തിന്റെ മൂന്നിരട്ടി
അഹമ്മദാബാദ്: രാജ്യത്തിന്റെ ഊർജമേഖലയിൽ വമ്പൻ വിപ്ലവത്തിന് വഴിയൊരുക്കുന്ന സോളാർ പ്രൊഡക്ട് നടപ്പാക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്. ഗുജറാത്തിലെ കച്ചിൽ 5,50,000 ഏക്കറുകളിലായാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സെറ്റ് സോളാർ പ്രൊജക്ട് സജ്ജമാക്കുന്നത്. സിംഗപ്പൂർ എന്ന രാജ്യത്തിന്റെ വലുപ്പത്തിന്റെ മൂന്നിരട്ടിയോളം വരുന്ന ബൃഹത്ത് പദ്ധതിയാണിത്.ഇന്ത്യയുടെ വൈദ്യുത ആവശ്യകതയുടെ 10 ശതമാനം നൽകാൻ ശേഷിയുള്ളതായിരിക്കും പ്രൊജക്ട്.
ഒരു മെഗാവാട്ടിന് ഏകദേശം നാല് ഏക്കർ സ്ഥലം എന്ന കണക്കിൽ ഈ പദ്ധതിക്ക് ഏകദേശം 137.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക യോഗത്തിൽ മുകേഷ് അംബാനി വ്യക്തമാക്കി.
പ്രതിദിനം 55 മെഗാവാട്ട് സൗരോർജ്ജ മൊഡ്യൂളുകളും 150 മെഗാവാട്ട് ബാറ്ററി കണ്ടെയ്‌നറുകളും കച്ച് സോളാർ പാർക്കിൽ സ്ഥാപിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടു.

റിലയൻസിന്‌റെ അതിവേഗ പദ്ധതിയായിരിക്കും ഇത്. പദ്ധതി എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ലെങ്കിലും 2026 അവസാനത്തോടെ പദ്ധതി ഘട്ടം ഘട്ടമായി ആരംഭിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ഊർജ്ജ ഭാവിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അടുത്ത ദശകത്തിനുള്ളിൽ ഇന്ത്യയുടെ വൈദ്യുതി ആവശ്യകതയുടെ ഏകദേശം 10 ശതമാനം കച്ച് സൈറ്റിൽ നിന്ന് നിറവേറ്റാൻ കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു.
സോളാർ പിവി നിർമ്മാണ രംഗത്തും റിലയൻസ് മുന്നേറ്റം നടത്തുന്നുണ്ട്. ജാംനഗറിലെ ജിഗാ കോംപ്ലക്സിൽ ഇതിനോടകം ഉത്പാദനം ആരംഭിച്ച കമ്പനി 200 മെഗാവാട്ട് അഡ്വാൻസ്ഡ് ഹെറ്ററോജംഗ്ഷൻ ടെക്നോളജി (എച്ച് ജെ ടി ) സോളാർ മൊഡ്യൂളുകൾ വിതരണം ചെയ്തു.
കമ്പനി പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഈ പുതിയ പാനലുകൾക്ക് സാധാരണ പാനലുകളെ അപേക്ഷിച്ച് 10 ശതാനം അധിക ഊർജ്ജ ഉത്പാദന ശേഷി ഇവയ്ക്കുണ്ട്. ചൂടേറിയ സാഹചര്യങ്ങളിൽ ഇവ 20 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. കൂടാതെ, കാലക്രമേണ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ 25 ശതനാനം കുറവാണെന്നും കമ്പനി വ്യക്തമാക്കുന്നു. പ്രതിവർഷം 10 ജിഗാ വാട്ട് ഉത്പാദന ശേഷിയിലേക്ക് ഉയർത്താനും പിന്നീട് 20 ആയി വർദ്ധിപ്പിക്കാനും റിലയൻസ് ലക്ഷ്യമിടുന്നുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സെറ്റ് സോളാർ പിവി നിർമ്മാണ കേന്ദ്രമായി ഇത് മാറും.












Click it and Unblock the Notifications