ഹിമാചലിൽ കോൺഗ്രസിന് ആശ്വാസം;രാജി പിൻവലിച്ച് മന്ത്രി വിക്രമാദിത്യ സിംഗ്
ഡൽഹി: രാജിയുമായി മുന്നോട്ട് പോകില്ലെന്ന് ഹിമാചല്‍പ്രദേശ് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ്. കോണ്‍ഗ്രസ് നിരീക്ഷകരായ ഡികെ ശിവകുമാര്‍, ഭൂപീന്ദര്‍ സിങ് ഹൂഡ, ഭൂപേഷ് ബഘേല്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. പാര്‍ട്ടിയുടെ വിശാല താത്പര്യം കണക്കിലെടുത്താണ് രാജി പിന്‍വലിക്കുന്നതെന്ന് വിക്രമാദിത്യ സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'സംഘടനയെ ശക്തിപ്പെടുത്തേണ്ടത് ഓരോ പ്രവർത്തകന്റേയും കടമയാണ്. പാർട്ടിയുടെ താൽപ്പര്യവും ഐക്യവും കണക്കിലെടുത്ത്, രാവിലെ ഞാൻ നൽകിയ രാജി മുഖ്യമന്ത്രി സ്വീകരിക്കാൻ വിസമ്മതിച്ചു.ഇതിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. സർക്കാരിന് യാതൊരു ഭീഷണിയിമില്ല. ഇതൊക്കെ അനാവശ്യമായി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമാണ്', വിക്രമാദിത്യ സിംഗ് പറഞ്ഞു.

അതേസമയം രാജി പിൻവലിക്കുന്നതും രാജിയുമായി മുന്നോട്ട് പോകില്ലെന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിക്രമാദിത്യ സിംഗ് പ്രതികരിച്ചു. രാജി പിൻവലിക്കാൻ വിക്രമാദിത്യയ്ക്ക് സർക്കാർ മറ്റെന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടോയെന്നത് വ്യക്തമല്ല. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ മകനാണ് വിക്രമാദിത്യ.
ബുധനാഴ്ച രാവിലെയോടെയായിരുന്നു വിക്രമാദിത്യ സിംഗ് രാജി പ്രഖ്യാപിച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു കോൺഗ്രസിനെ വെട്ടിലാക്കി വിക്രമാദിത്യയുടെ രാജി. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയായിരുന്നു വിക്രമാദിത്യ രാജിവെച്ചത്.
പിതാവിന്റെ പ്രതിമ സ്ഥാപിക്കാനായി സര്‍ക്കാരിനോട് സ്ഥലം ആവശ്യപ്പെട്ടിട്ട് അനുവദിച്ചില്ലെന്നായിരുന്നു വിക്രമാദിത്യ കുറ്റപ്പെടുത്തിയത്. 'പാര്‍ട്ടിക്ക് സര്‍ക്കാരുണ്ടാക്കി കൊടുത്ത വ്യക്തിയുടെ പ്രതിമ സ്ഥാപിക്കാന്‍ മാല്‍ റോഡില്‍ ഭൂമി അനുവദിക്കാൻ അഭ്യർത്ഥിച്ചിട്ടും അത് അംഗീകരിക്കാൻ നേതൃത്വം തയ്യാറായില്ല', എന്നായിരുന്നു വിക്രമാദിത്യയുടെ വാക്കുകൾ. അതേസമയം വിക്രമാദിത്യ സിംഗിന്റെ രാജി മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു അംഗീകരിച്ചിരുന്നില്ല. ഹൈക്കമാന്റും രാജി സ്വീകരിക്കില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
അതിനിടെ ഇന്ന് ഹിമാചൽ നിയമസഭയിൽ ബജറ്റ് പാസാക്കാനായത് കോൺഗ്രസിന് ആശ്വാസമായി. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പിൽ ആറ് എം എൽ എമാർ ക്രോസ് വോട്ട് ചെയ്തതോടെയായിരുന്നു ഹിമാചലിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. എം എൽ എമാൽ ബി ജെ പിയിൽ ചേരുമെന്നും സർക്കാർ താഴെവീഴുമെന്നും ഇതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു.












Click it and Unblock the Notifications