ദേശീയ പാതകളിലെ സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാകും; വാർഷിക, ലൈഫ്ടൈം ടോൾ പാസ് നടപ്പാക്കാൻ കേന്ദ്രം
ദേശീയപാതകളിലെ യാത്രക്കായി വാർഷിക, ദീർഘകാല ടോൾ പാസുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. വാർഷിക ഫീസായി ഒറ്റത്തവണ 3000 രൂപയും അല്ലെങ്കിൽ ലൈഫ് ടൈം പാസായി (15 വർഷത്തേക്ക്) 30,000 രൂപയും യാത്രക്കാർക്ക് അടക്കം. ദേശീയപാതകളിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് നടപടി ആശ്വാസമാകും.
അധിക പാസുകൾ ഇതിനായി വാങ്ങേണ്ടതില്ല. മറിച്ച് ഇവ ഫാസ്ടാഗുകളിൽ ഉൾപ്പെടുത്തും. നിലവിൽ 340 രൂപയുടെ പ്രതിമാസ പാസുകൾ മാത്രമാണ് ഉള്ളത്. അതായത് വർഷത്തിൽ 4080 രൂപ വരുമിത്. 3000 രൂപ വാർഷിക ഫീസ് അടച്ചാൽ ദേശീയ പാതകളിലൂടെ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിൽ പദ്ധതി അവതരിപ്പിക്കാനാണ് കേന്ദ്ര മന്ത്രാലയം ആലോചിക്കുന്നത്. അതേസമയം ഇത് നിർബന്ധമാക്കില്ല. ഓരോ കിലോ മീറ്ററിനും ടോൾ നിരക്ക് കുറക്കുന്നതിനെ കുറിച്ചും കേന്ദ്ര ഗതാഗത മന്ത്രാലയം ആലോചന നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കാർ യാത്രക്കാർക്ക് പാസ് നൽകുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ടെന്ന് നേരത്തേ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി സൂചിപ്പിച്ചിരുന്നു. മുനിസിപ്പൽ പരിധിയിലുള്ള ടോൾ പ്ലാസകൾ സംബന്ധിച്ചുള്ള പരാതികൾ, 60 കിലോമീറ്റർ ഇടവിട്ടുള്ള ടോൾ ഗേറ്റുകൾ, കൂടാതെ ടോൾ പ്ലാസകളിലുള്ള സംഘർഷങ്ങൾ എന്നിവയെല്ലാം പരിഹരിക്കാനുള്ള നടപടി കേന്ദ്രം തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ടോൾ വരുമാനം
2023-2024 കാലഘട്ടത്തിൽ മൊത്തം ടോൺ വരുമാനം 55,000 കോടി ആയിരുന്നു. ഇതിൽ സ്വകാര്യ കാറുകളിൽ നിന്നും ഈടാക്കിയത് 8,000 കോടിയാണ്. സ്വകാര്യ കാറുകളുടെ ടോൾ ഇടപാടുകൾ 53 ശതമാനമായിരുന്നു, മൊത്തം ടോൾ വരുമാനത്തിന്റെ 21 ശതമാനം വരുമിത്. ടോൾ പ്ലാസകളിൽ രാവിലെ 6 മുതൽ രാത്രി 10 വരെയുള്ള ട്രാഫിക്കിൽ 60 ശതമാനവും സ്വകാര്യ വാഹനങ്ങളാണ്. രാത്രിയായാലും പകലായാലും വാണിജ്യ വാഹനങ്ങളുടെ എണ്ണം തുല്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പുതിയ പാസ് സംവിധാനം തുടക്കത്തിൽ കേന്ദ്രസർക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുമെങ്കിലും ദീർഘകാലയളവിൽ ഇതൊരു നഷ്ടമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications