Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ പരസ്യകലയില്‍ സര്‍ഗാത്മകതയുടെ ഇന്ദ്രജാലം തീര്‍ത്ത പീയൂഷ് പാണ്ഡെയെ അനുസ്മരിക്കുമ്പോള്‍

ഇന്ത്യന്‍ പരസ്യകലയിലെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെയുടെ വേര്‍പാടില്‍ ഇപ്പോഴും അനുശോചന പ്രവാഹങ്ങള്‍ തുടരുകയാണ്. പരസ്യ മേഖലയിലെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിനൊപ്പമുള്ള ഹൃദ്യമായ ഓര്‍മകള്‍ പങ്കിടുന്നത്. നര്‍മ്മത്തിലൂടെയും സാധാരണക്കാരെ ആകര്‍ഷിക്കുന്ന ലളിതമായ ഭാഷയിലൂടെയും ഇന്ത്യന്‍ പരസ്യ കലയുടെ ആശയവിനിമയത്തില്‍ വിപ്ലവം തീര്‍ത്ത പ്രതിഭാശാലിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ പരസ്യ സമൂഹം കടുത്ത ദുഃഖത്തിലാണ്.

ഒക്ടോബര്‍ 24 നാണ് പിയൂഷ് പാണ്ഡെ ഈ ലോകത്തോട് വിട പറഞ്ഞത്. സര്‍ഗാത്മകമായ ചിന്തയെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുന്ന സൃഷ്ടികള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് അദ്ദേഹം യാത്രയായത്.

ഒഗിള്‍വി ഇന്ത്യയുടെ മുന്‍ വേള്‍ഡ്‌വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറും എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആയിരുന്നു പിയൂഷ് പാണ്ഡെ. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സിയായി ഒഗിള്‍വി വളര്‍ന്നു. നാലു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ ആയിരത്തിലേറെ അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കി. അതില്‍ ഒന്നിലേറെ കാന്‍ ലയണ്‍സ്, എബിബിവൈ പുരസ്‌കാരങ്ങളും ഉള്‍പ്പെടും.

Piyush Pandey

കാന്‍ ലയണ്‍സ് ഫെസ്റ്റിവല്‍ ഓഫ് ക്രിയേറ്റിവിറ്റിയില്‍ ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ ജൂറി പ്രസിഡന്റായും പിയൂഷ് ചരിത്രത്തില്‍ ഇടം നേടി. എന്നാല്‍ അംഗീകാരങ്ങള്‍ക്കപ്പുറം പിയൂഷിന്റെ ഏറ്റവും വലിയ സംഭാവന പാശ്ചാത്യ സ്വാധീനങ്ങളില്‍ നിന്ന് ഇന്ത്യന്‍ പരസ്യ കലയെ വിമുക്തമാക്കി എന്നതാണ്.

പരസ്യ ചിത്രങ്ങളിലൂടെയും ടാഗ് ലൈനുകളിലൂടെയും ഹിന്ദി ഭാഷയെ ജനപ്രിയമാക്കി. ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ വരെ അദ്ദേഹത്തിന്റെ പരസ്യങ്ങളില്‍ ഒപ്പിയെടുത്തു. അതിനുദാഹരണമാണ് നര്‍മ്മത്തില്‍ ഊന്നിയ പീയൂഷിന്റെ ഫെവികോള്‍ പരസ്യം. കാഡ്ബറി ഡയറി മില്‍ക്കിന്റെ കുച്ച് ഖാസ് ഹേ സിന്ദഗി മേ എന്ന വരികളും ഇന്ത്യയുടെ നൊസ്റ്റാള്‍ജിക് ഓര്‍മ്മയായി തലമുറകളോളം നിലനില്‍ക്കും.

സാംസ്‌കാരികമായ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു: ആന്‍ഡ്രെ ടിമ്മിന്‍സ്

പിയൂഷ് പാണ്ഡെയുടെ വേര്‍പാടില്‍ വിസ്‌ക്രാഫ്റ്റ് ഇന്റര്‍നാഷണല്‍ എന്റര്‍ടൈന്‍മെന്റിന്റെ സഹസ്ഥാപകനായ ആന്‍ഡ്രെ ടിമ്മിന്‍സ് ദുഃഖം രേഖപ്പെടുത്തി. അദ്ദേഹം സാംസ്‌കാരികമായ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചതായി ആന്‍ഡ്രെ അനുസ്മരിച്ചു. പിയൂഷ് പാണ്ഡെയുടെ ജീവിതത്തെയും പൈതൃകത്തെയും ഞങ്ങള്‍ ആദരിക്കുന്നു. തലമുറകളോളം അദ്ദേഹം സര്‍ഗാത്മകയുടെ പ്രേരക ശക്തിയായി നിലകൊള്ളും.

അദ്ദേഹം സൃഷ്ടിച്ചത് പരസ്യങ്ങള്‍ മാത്രമല്ല, സാംസ്‌കാരികമായ അടയാളങ്ങള്‍ കൂടിയാണ്. അദ്ദേഹത്തിന്റെ പരസ്യങ്ങളിലെ ഭാഷ ഇന്ത്യന്‍ ജീവിതത്തില്‍ വേരുന്നിയതാണ്. ലളിതവും സത്യസന്ധവും നര്‍മ്മബോധവും ആഴത്തിലുള്ള മാനുഷിക ബോധവും ഉള്‍ക്കൊള്ളുന്നതായിരുന്നു അദ്ദേഹത്തിന്റെ ഭാഷ.

ജനപ്രിയ സംസ്‌കാരത്തെ രൂപപ്പെടുത്തിയെടുത്ത പരസ്യ ക്യാമ്പയിനുകള്‍ ആണ് അദ്ദേഹം അവശേഷിപ്പിച്ചു പോകുന്നത്. വരും തലമുറകള്‍ക്ക് പ്രചോദനവും മാതൃകയും ആവുന്ന സൃഷ്ടികള്‍ സമ്മാനിച്ചാണ് അദ്ദേഹം കടന്നു പോയത്.

വൈകാരിക നഷ്ടം: നെവില്‍ ഷാ

പരസ്യ കലാ വ്യവസായത്തിന് വൈകാരിക നഷ്ടമാണ് സംഭവിച്ചതെന്ന് എഴുത്തുകാരനും സംവിധായകനും ഹാസ്യ നടനുമായ നെവില്‍ ഷാ പറയുന്നു. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ നഷ്ടം വാക്കുകളാല്‍ വിവരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കണ്ടും വാക്കുകള്‍ കേട്ടും വാത്സല്യം അനുഭവിച്ചുമാണ് നാമെല്ലാവരും വളര്‍ന്നുവന്നത്. ചില വ്യക്തികള്‍ കടന്നു പോകുമ്പോള്‍ ഒരു തലമുറയുടെ മുഴുവന്‍ ഓര്‍മ്മകളും അവര്‍ക്കൊപ്പം കൊണ്ടുപോകുന്നു. പിയൂഷ് പാണ്ഡെ അത്തരത്തില്‍ ഒരു വ്യക്തിയായിരുന്നു.

ഇന്ത്യന്‍ പരസ്യകലയുടെ മനസാക്ഷി: സുജയ് റാച്ച്

ഇന്ത്യന്‍ പരസ്യകലയുടെ മനസാക്ഷിയും സാമാന്യബോധവും ആയിരുന്നു പിയൂഷ് പാണ്ഡെ എന്ന് നുവാമ ഗ്രൂപ്പിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സുജയ് റാച്ച് പറഞ്ഞു. പീയൂഷിനെ പോലുള്ളവര്‍ ഒരിക്കലും മരിക്കുന്നില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍, തത്വങ്ങള്‍, വളര്‍ത്തിയെടുത്ത സംസ്‌കാരം എന്നിവ എന്നെന്നേക്കും നിലനില്‍ക്കും. ആദരവും ആരോഗ്യകരമായ മത്സരവും തുല്യ അളവില്‍ കൊണ്ടുനടന്ന യഥാര്‍ത്ഥ മനുഷ്യനായിരുന്നു അദ്ദേഹം.

മനുഷ്യത്വമുള്ള പ്രതിഭ: ധ്രുവ് ഘനേക്കര്‍

എന്നെന്നേക്കും നിലനില്‍ക്കുന്ന ഒരു പൈതൃകമാണ് അദ്ദേഹം സൃഷ്ടിച്ചതെന്ന് സംഗീത സംവിധായകനും നിര്‍മ്മാതാവുമായ ധ്രുവ് ഘനേക്കര്‍ അനുസ്മരിച്ചു. പിയൂഷ് പാണ്ഡെയുടെ പ്രതിഭ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യത്വത്തിലും പ്രകടമായിരുന്നു. മികച്ച പരസ്യം എന്നത് വില്‍പ്പന മാത്രമല്ലെന്നും വികാരങ്ങള്‍ പങ്കുവെക്കല്‍ കൂടിയാണെന്ന് അദ്ദേഹം തന്റെ പിന്‍ഗാമികളെ പഠിപ്പിച്ചു.

ഇന്ത്യയുടെ ആശയവിനിമയത്തിന് പീയൂഷ് നല്‍കിയ അസാധാരണമായ സംഭാവനക്കുള്ള ബഹുമതിയായി അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒഗിള്‍വി എന്ന സ്ഥാപനം സര്‍ഗാത്മകയുടെ ഒരു ദീപസ്തംഭമായി മാറി. അദ്ദേഹത്തിന്റെ ആശയങ്ങളെല്ലാം പില്‍ക്കാലത്ത് ഇന്ത്യയുടെ ശബ്ദമായി മാറുകയായിരുന്നു. ഈ സമാനതകള്‍ ഇല്ലാത്തതും പരിഹരിക്കാനാകാത്തതുമായ നഷ്ടത്തില്‍ ഞങ്ങളെല്ലാം ദുഃഖിതരാണ് - ധ്രുവ് ഘനേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ഗാത്മകമായ മനസിന്റെ ഉടമയായ പിയൂഷിന്റെ ഓര്‍മ്മയ്ക്കായി സൃഷ്ടിച്ച ഡിജിറ്റല്‍ ഇടമായ എറ്റേണല്‍ ട്രിബ്യൂട്ട് പേജില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ആരാധകരും സന്ദേശങ്ങളും ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളും ആദരാഞ്ജലികളും പങ്കിടുകയാണ്.

പിയൂഷ് പാണ്ഡെയുടെ വിയോഗം നികത്താനാകാത്ത ശൂന്യതയാണ് അവശേഷിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ഇന്ത്യന്‍ സംസ്‌കാരത്തെ ആഘോഷിക്കുന്ന സൃഷ്ടികളും പാരമ്പര്യവും ചിരിയും മാര്‍ഗനിര്‍ദേശങ്ങളും ഒക്കെ വരും തലമുറകള്‍ക്ക് വഴികാട്ടിയായി തുടരും. ഇന്ത്യന്‍ അഡ്വെര്‍ടൈസിങ്ങിന്റെ ഹൃദയവും ശബ്ദവുമായ പിയൂഷ് പാണ്ഡെ, അങ്ങേയ്ക്ക് റെസ്റ്റ് ഇന്‍ പവര്‍.

ടീം വണ്‍ഇന്ത്യ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+