പ്രശസ്ത തമിഴ് ഹാസ്യതാരം മയില്‍സാമിക്ക് വിട, അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
തമിഴിലെ എല്ലാ പ്രമുഖ നായകര്‍ക്കൊപ്പവും മയിൽസാമി അഭിനയിച്ചിട്ടുണ്ട്.

ചെന്നൈ: തമിഴ് സിനിമയിലെ പ്രശസ്ത ഹാസ്യതാരം മയില്‍സാമി അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. അദ്ദേഹത്തെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വഴിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തമിഴില്‍ ഏറെ തിരക്കുളള ഹാസ്യതാരമായിരുന്നു മയില്‍സാമി.
39 വര്‍ഷമായി അഭിനയ രംഗത്തുളള മയില്‍സാമി ഇരുന്നൂറില്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 1984ല്‍ ആണ് മയില്‍സാമി സിനിമാ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെയ്ക്കുന്നത്. ഭാഗ്യരാജിന്റെ ദാവണി കനവുകള്‍ ആണ് ആദ്യ ചിത്രം. അതിന് ശേഷം ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍.

1989ല്‍ കമല്‍ഹാസനൊപ്പം അപൂര്‍വ രാഗങ്ങളിലൂടെയും 1990ല്‍ രജനീകാന്തിനൊപ്പം പന്നക്കാരനിലൂടെയും ആദ്യമായി അഭിനയിച്ചു. 2000 കാലഘടത്തില്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പരിചിത മുഖമായി മാറി. ധൂള്‍, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്തിരന്‍, വീരം, കാഞ്ചന അടക്കമുളള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2004ല്‍ മികച്ച ഹാസ്യതാരത്തിനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌ക്കാരം സ്വന്തമാക്കി. കണ്‍ഗള്‍ കൈതു എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സംസ്ഥാന പുരസ്‌ക്കാരം.
സിനിമാ താരം എന്നതിനപ്പുറം അറിയപ്പെടുന്ന തിയറ്റര്‍ ആര്‍ട്ടിസ്റ്റും ടിവി അവതാരകനും സ്റ്റാന്‍ഡ് അപ് കൊമേഡിയനും കൂടിയായിരുന്നു മയില്‍സാമി. ടെലിവിഷനിലും അദ്ദേഹം ഏറെ പ്രശസ്തനായിരുന്നു. കോമഡി ടൈം എന്ന പരിപാടിയിലൂടെ ആയിരുന്നു മയില്‍സാമിയുടെ ടെലിവിഷന്‍ രംഗപ്രവേശം. പിന്നീട് ജനപ്രിയ കോമഡി ഷോ ആയ അസത്ത്‌പോവത് യാര് എന്ന പരിപാടിയുടെ അവതാരകനും ജഡ്ജുമായി. സണ്‍ ടിവി സംപ്രേഷണം ചെയ്തിരുന്ന മര്‍മദേശം എന്ന സീരിയലിലും മയില്‍സാമി അഭിനയിച്ചിരുന്നു. 2022ല്‍ നെഞ്ചുക്ക് നീതി, വീട്ടില വിശേഷം,ദ ലെജന്‍ഡ്, ഉടന്‍പാല്‍ പോലുളള ചിത്രങ്ങളിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്.












Click it and Unblock the Notifications