മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ ആവശ്യം; സര്‍ക്കാരിനോട് നിര്‍ദേശം തേടി ഹൈക്കോടതി
മുംബൈ: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിനോട് നിര്‍ദേശം തേടി ബോംബെ ഹൈക്കോടതി. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പരിമിതമായ രീതിയില്‍ ഭക്തരെ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഒരു എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദീപങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അഡ്വക്കറ്റ് ജനറല്‍ അശുതോഷ് കുംഭകോണിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരാധാനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലായെന്ന നിലപാട് ആഗസ്റ്റ് 12 ന് അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിരുന്നു. പര്യൂഷന്‍ ഉത്സവങ്ങള്‍ നടത്തുന്നതിനായി ജൈനക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട ഹരജിയിലായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്നാല്‍ എല്ലാ ആരാധനാലയങ്ങളും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ നിലപാട് തുടരുമെന്ന് കുംഭകോണി പറഞ്ഞു.
കൊവിഡ്-19 വ്യാപനം നിലനില്‍ക്കുമ്പോളും ആന്ധ്രപ്രദേശില്‍ തിരുപതി ക്ഷേത്രം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. ' മഹാരാഷ്ട്രയിലെ ഏതൊരു ക്ഷേത്രത്തിനേക്കാളും വലുതാണ് ആന്ധ്രപ്രദേശിലെ തിരുപതി ക്ഷേത്രം. അവിടെ വലിയ തോതില്‍ ഭക്തരും എത്തുന്നുണ്ട്. ഇപ്പോഴും അത് പൊതുജനങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണം.' എന്നായിരുന്നു എന്‍ജിഒയുടെ ഹരജിയില്‍ പറയുന്ന കാര്യം.
ഹരജിക്കാരന്‍ സൂചിപ്പിച്ചിട്ടുള്ള തിരുപതി ക്ഷേത്രത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. അവിടുത്തെ പൂജാരിക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും അടക്കം നിരവധി പേര്‍ക്ക് ഇതിനകം രേഗം സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാല്‍ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നതെന്നാണ് ക്ഷേത്ര അധികാരികളുടെ വാദം.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 8493 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. 228 പേര്‍ കൊവിഡ് സ്ഥിരീകരിച്ച 24 മണിക്കൂറിനിടെ മരണപ്പെട്ടിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 20265 ആയി.












Click it and Unblock the Notifications