ആരോഗ്യവകുപ്പിലെ 15% ശതമാനം ജീവനക്കാർക്കും കൊറോണയെന്ന് റിപ്പോർട്ട്: 47 പേർക്ക് രോഗം? സത്യാവസ്ഥ..
ഭോപ്പാൽ: മധ്യപ്രദേശ് ആരോഗ്യവകുപ്പിലെ 15 ശതമാനത്തോളം ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ 47 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നാണ് മധ്യപ്രദേശിലെ ഇൻഡോർ. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 36 കൊറോണ മരണങ്ങളിൽ 27 എണ്ണവും ഇൻഡോറിലാണ്. 11 ശതമാനം മരണങ്ങളാണ് ഇൻഡോറിലേത് ദേശീയ ശരാശരിയേക്കാൾ അധികമാണ്. മധ്യപ്രദേശിൽ 541 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ഭൂരിഭാഗം കേസുകളും ഇൻഡോറിൽ നിന്നാണ്. 11 ശതമാനം മരണങ്ങളാണ് ഇൻഡോറിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മഹാരാഷ്ട്രയും ലോക്ക് ഡൗണ് നീട്ടി; കഴിയുന്നവര് വീട്ടിലിരുന്ന് ജോലി ചെയ്യട്ടെ എന്ന് ഉദ്ധവ് താക്കറെ

45 പേർക്ക് കൊറോണ
മുൻ പ്രിൻസിപ്പൽ സെക്രട്ടറി പല്ലവി ജയിൻ, ഹെൽത്ത് ഡയറക്ടർ ജെ വിജയ് കുമാർ, അഡീഷണൽ ജയറക്ടർ കൈലാഷ് ബുണ്ടേല, ജോയിന്റ് ഡയറക്ടർ ഉപേന്ദ്ര ദുബേ, അഡീഷണൽ ഡയറക്ടർ ഡോ. വീണ സിൻഹ, ഡെപ്യൂട്ടി ഡയറക്ടർമാരായ പ്രമോദ് ഗോയൽ, ഡോ. റൂബി ഖാൻ, ഡോ. സൌരഭ് പുരോഹിത്, ഡോ. ഹിമാൻഷു ജയസ്വർ, ഡയറക്ടർ ഡോ. രഞ്ജന ഗുപ്ത എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്യൂൺമാർ, ഗൺമാൻ എന്നിവരുൾപ്പെടെയുള്ളവരാണ് രോഗം ബാധിച്ച മറ്റുള്ളവർ. ജീവനക്കാരുടെ ബന്ധുക്കളിൽ ചിലർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷന് നോട്ടീസ്
ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യസഭാ എംപി വിവേക് തങ്ക മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. രോഗം ബാധിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വിവരങ്ങൾ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. കത്തിന് മറുപടിയായി ആരോഗ്യ വകുപ്പിലെ 47 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അധികൃതരുമായി അടുത്ത് ഇടപഴകിയിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മാനദണ്ഡങ്ങൾ പാലിച്ചു
എന്നിരുന്നാലും രോഗം ബാധിച്ച ജീവനക്കാരെ ചികിത്സിക്കുന്നതിൽ നിർദേശിക്കപ്പെട്ട മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും അശ്രദ്ധ സംഭവിച്ചതിന് ഒരു തെളിവുകളുമില്ലെന്നും ജില്ലാ അധികൃതർ വ്യക്തമാക്കിയിരുന്നു. ഭോപ്പാലിലെ സത്പുരയിൽ സ്ഥിതി ചെയ്യുന്ന ഹെൽത്ത് ഡയറക്ടറേറ്റിൽ 50 ഓളം ഉദ്യോഗസ്ഥരും 250 ഓളം ജീവനക്കാരുമാണുള്ളത്. മധ്യപ്രദേശിലെ മുസ്ലിം ആധിപത്യമുള്ള പ്രദേശങ്ങളായ ഖജ് രാന, തട്ട്പട്ടി ഭഖൽ, സിലാവട്ട്പുര, ചന്ദണ്ണ നഗർ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഏറ്റവുമധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആശുപത്രിയിലെത്തിക്കാൻ വൈകി ?
കൊറോണ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെന്നും ചില സർക്കാർ ഉദ്യോസ്ഥരുടെ ഇടപെടലോടെ മാത്രമാണ് ഇവരെ ആശുപത്രിയിലെത്തിച്ച് നിരീക്ഷണത്തിലാക്കിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് രാത്രി 8. 47 ഓടെ മാത്രമാണ് ജില്ലാ ഭരണകൂടത്തിൽ നിന്ന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതെന്നാണ് മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷനും പഠിച്ച് വരികയാണ്.

7000 കടന്ന് ഇന്ത്യ
ഇന്ത്യയിൽ ഇതിനകം 7,447 പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 239 പേർക്കാണ് വൈറസ് ബാധയെത്തുടർന്ന് ജീവൻ നഷ്ടമായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 40 പേരും രാജ്യത്ത് മരിച്ചിട്ടുണ്ട്. അതേ സമയം 643 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 1547 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴിൽ ഒന്ന് കേസുകളും സംസ്ഥാനത്താണ്. രോഗം ബാധിച്ച് മരിച്ചവരുടെ കാര്യത്തിലും മഹാരാഷ്ട്രയാണ് മുമ്പിലുള്ളത്.