സുശാന്തിനായി സഹോദരൻ വഴി മയക്കുമരുന്ന് വാങ്ങി: റിയ ചക്രവർത്തി തുറന്ന് സമ്മതിച്ചെന്ന് റിപ്പോർട്ട്
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് നിർണായക വിവരങ്ങൾ. സുശാന്ത് സിംഗിന് വേണ്ടി സഹോദരൻ ഷോവിക്കിനെക്കൊണ്ട് മയക്കുമരുന്ന് വാങ്ങിപ്പിച്ചിരുന്നുവെന്നാണ് റിയ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയോട് വെളിപ്പെടുത്തിയിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്ന മാർച്ച് 15 മുതലുള്ള ചാറ്റുകൾ ശരിയാണെന്ന് റിയ നാർക്കോട്ടിക്സ് കൺട്രോൺ ബ്യൂറോയോട് തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് കേസിൽ റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ എൻസിബി നേരത്തെ ഷോവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. റിയ ചക്രവർത്തിയുടെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം റിയയുടെ സഹോദരൻ ഷോവികിനെയും സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയേയും ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച മുംബൈയിലെ മജിസ്ട്രേറ്റ് കോടതിയ്ക്ക് മുംബാകെ ഹാജരാക്കിയ ഇരുവരെയും നാല് ദിവസത്തേക്ക് എൻസിബി കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. അറസ്റ്റിലായ ബാഷിത്തിൽ നിന്ന് ഷോവിക്ക് മയക്കുമരുന്ന് വാങ്ങിയിരുന്നതിനെക്കുറിച്ച് റിയയ്ക്ക് അറിയാമായിരുന്നുവെന്നും ബാഷിത് ഒരിക്കൽ റിയയുടെ വീട് സന്ദർശിച്ചിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

മാർച്ച് 17ന് സാമുവൽ മിറാൻഡ സെയ്ദിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതായി തനിക്ക് അറിയാമായിരുന്നുവെന്ന് റിയ എൻസിബി അധികൃതരോട് വെളിപ്പെടുത്തിയതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് അറിയാമെന്നതിന് പുറമേ സൈദുമായി സഹോദരൻ ഷോവിക്കിനെ പരിചയപ്പെടുത്തിയത് റിയ ചക്രവർത്തിയായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇതിനിടെ സുശാന്ത് സിംഗിന്റെ വീട്ട് ജോലിക്കാരനായിരുന്ന് ദിപേഷ് സാവന്തിനെയും എൻസിബി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Recommended Video
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഞായറാഴ്ച മണിക്കൂറുകളോളം നടിയെ ചോദ്യം ചെയ്തെങ്കിലും തിങ്കളാഴ്ചയും ചോദ്യം ചെയ്യലിനായി ഹാജരാകാൻ എൻസിബി നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസമാണ് മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് റിയയെ എൻസിബി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ നീളുന്നതോടെ റിയയെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications