ബജറ്റ് സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍? ജനുവരിയില്‍ തന്നെ സജ്ജമായേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പുതിയ മന്ദിരം ജനുവരി അവസാനത്തോടെ പ്രവര്‍ത്തന സജ്ജമായേക്കും എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി അവസാനത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരം സജ്ജമാകാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ചില്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനവും ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗവും പുതിയ കെട്ടിടത്തില്‍ നടത്തും എന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ എടുക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2021 ജനുവരിയില്‍ ആണ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 2022 നവംബറിലെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലായിരിക്കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

നിലവില്‍, കെട്ടിടം ഏതാണ്ട് പൂര്‍ത്തിയായെങ്കിലും ലോക്സഭ, രാജ്യസഭാ സെക്രട്ടറിയേറ്റുകള്‍ നിലവിലുള്ള കെട്ടിടത്തില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ കുറച്ച് സമയമെടുത്തേക്കുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കിടയിലുള്ള ഇടവേളയില്‍ ലോക്സഭ, രാജ്യസഭാ സെക്രട്ടറിയേറ്റുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധ്യത ഉണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ലോക്സഭാ, രാജ്യസഭാ ചേമ്പറുകള്‍ പൂര്‍ത്തിയാകുമ്പോഴും ചില ജോലികള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച് സി പി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്മെന്റ് രൂപകല്പന ചെയ്ത പുതിയ കെട്ടിടം ടാറ്റ പ്രോജക്ട്സാണ് നിര്‍മ്മിക്കുന്നത്. 2020 ല്‍ 861.90 കോടി രൂപയുടെ ബിഡ്ഡുമായി ടാറ്റ പ്രോജക്ട്‌സ് കരാര്‍ നേടിയിരുന്നു.
എന്നാല്‍ നിലവില്‍ ഇതിന്റെ ചെലവ് ഇപ്പോള്‍ 1,200 കോടി രൂപയായി ഉയര്‍ന്നതായാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. കെട്ടിടത്തിന്റെ കലാസൃഷ്ടികള്‍ക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഫണ്ട് നല്‍കുന്നുണ്ട്. പുതിയ പാര്‍ലമെന്റിന് കൂടുതല്‍ എം പിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി പുതിയ കെട്ടിടത്തിന് മുകളില്‍ 6.5 മീറ്റര്‍ ഉയരമുള്ള ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തിരുന്നു.
2020 ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടുന്നത്. പുതിയ മന്ദിരത്തില്‍ ജനാധിപത്യ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഭരണഘടനാ ഹാള്‍, പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള വിശ്രമമുറി, ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികള്‍, ഡൈനിംഗ് ഏരിയകള്‍, വിശാലമായ പാര്‍ക്കിംഗ് സ്ഥലം എന്നിവ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications