റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അധിക സുരക്ഷ ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കാന്‍
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ അതീവ ജാഗ്രതയോടെയുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലും കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നീണ്ട അവധി ദിനങ്ങളാണ് വരുന്നത്. അതിനാല്‍ യാത്രക്കാരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. അതിനാല്‍ ബെംഗളൂരു വിമാനത്താവള പരിസരം അതീവ ജാഗ്രതയിലാണ്. സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ യാത്രക്കാര്‍ സാധാരണ സമയത്തേക്കാള്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

സംശയാസ്പദമായ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ കമാന്‍ഡോകളെയും ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ പല ഘട്ടങ്ങളിലായി പരിശോധിക്കുന്നതിനാല്‍ സുരക്ഷാ ക്ലിയറന്‍സിന് സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുത്തേക്കാം. ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന്റെ ഓരോ പ്രവേശന കവാടങ്ങളിലും കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. ഈ വര്‍ഷം ജനുവരി 21-ന് പുറത്തിറക്കിയ പ്രത്യേക നിര്‍ദേശ പ്രകാരം ചെക്ക്-ഇന്‍ നടപടികള്‍, സെക്യൂരിറ്റി പരിശോധന എന്നിവയ്ക്കായി കൂടുതല്‍ സമയം എടുക്കും. അതിനാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര മുന്‍കൂട്ടി പ്ലാന്‍ ചെയ്യണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വരും ദിവസങ്ങളില്‍ ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കാരണം വിമാനങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ സമയക്രമം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സുഗമമായ യാത്രയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കുമായി വിമാനത്താവള ജീവനക്കാരുമായി സഹകരിക്കണമെന്ന് യാത്രക്കാരോട് കെമ്പഗൗഡ എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications