റിപ്പബ്ലിക് ദിനാഘോഷം; അണിനിരക്കുക 31 ടാബ്ലോകൾ, നൃത്താവിഷ്‌കാരത്തില്‍ 5000 കലാകാരന്മാര്‍
ഡൽഹി: 75-ാമത് റിപബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇത്തവണയും വിപുലമായ സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. 300 ഓളം കലാകാരൻമാർ വ്യത്യസ്തമായ സംഗീതോപകരണങ്ങൾ വായിച്ചുകൊണ്ടായിരിക്കും റിപബ്ലിക് ദിന പരേഡിന് തുടക്കം കുറിക്കുക. ഷെഹ്നായി, സുന്ദരി, നാദസ്വരം, ബീൻ, മഷക് ബീൻ, രൺസിംഗ - രാജസ്ഥാൻ, പുല്ലാങ്കുഴൽ, കരടി മജലു, മോഹുരി, ശംഖ്, തുതാരി, ഡോൾ,ഗോങ്, നിഷാൻ, ചാങ്, താഷ, സാമ്പൽ, ചെണ്ട, ഇടക്ക, ലെസിം, തവിൽ, ഗുഡും ബസ, താലം മോൻബ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് 'സാരെ ജഹാം സെ അച്ചാ' എന്ന ഗാനമാണ് കലാകാരൻമാർ ആലപിക്കുക. തുടർന്ന് 5000 പേർ പങ്കെടുക്കുന്ന നൃത്താവിഷ്കാരം നടക്കും.

'ജയതി മമ ഭാരതം' എന്ന പേരിൽ 11 മിനിറ്റോളം നീണ്ടുനിൽക്കുന്നതായിരിക്കും കലാപ്രകടനം. സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45-ലധികം നൃത്തരൂപങ്ങൾ പ്രകടനത്തിൽ അവതരിപ്പിക്കും. ആദ്യമായി, എല്ലാ അതിഥികൾക്കും ഒരേ കാഴ്ചാനുഭവം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി വിജയ് ചൗക്ക് മുതൽ സി ഷഡ്ഭുജം വരെയുള്ള കർത്തവ്യപഥിലായിരിക്കും പ്രകടനം നടക്കുക.
റിപബ്ലിക് ദിന പരേഡിന്റെ ഭാഗമായി ഇത്തവണ 31 ടാബ്ലോകളാണ് അവതരിപ്പിക്കുക. 'സുവര്‍ണ ഭാരതം: പാരമ്പര്യവും വികസനവും' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടാബ്ലോകൾ. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുമുള്ള 16 ടാബ്ലോകൾ, കേന്ദ്രസർക്കാർ വകുപ്പുകളുടെ 15 ടാബ്ലോകൾ എന്നിവയായിരിക്കും ഉണ്ടാകുക. ഇന്ത്യൻ ഭരണഘടനയുടെ 75 വർഷങ്ങൾ പ്രതിപാദിക്കുന്ന രണ്ട് ടേബ്ലോകൾ ഉണ്ടാകും. ഭഗവാൻ ബിർസ മുണ്ടയുടെയും സർദാർ വല്ലഭായ് പട്ടേലിന്റേയും 150-ാം ജന്മവാർഷികമാണ് ടാബ്ലോയിലെ മറ്റ് ഹൈലൈറ്റുകൾ.
10,000 ത്തോളം അതിഥികൾ- രാജ്യത്തിന് സമഗ്ര സംഭാവനകൾ നൽകിയ 34 വിഭാഗങ്ങളിൽ നിന്നുള്ള 10,000ത്തോളം അതിഥികളെയാണ് ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷങ്ങൾക്കായി ക്ഷണിച്ചരിക്കുന്നത്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാൻ്റോ ആണ് ഈ വർഷത്തെ മുഖ്യാതിഥി.
'ബീറ്റിങ് റിട്രീറ്റോട്' കൂടിയായിരിക്കും റിപബ്ലിക് ദിനാഘോഷങ്ങൾക്ക് അവസാനം കുറിക്കുക. ആഘോഷങ്ങളുടെ കൊട്ടികലാശമായിട്ടാണ് ഈ ചടങ്ങിനെ കണക്കാക്കുന്നത്. വിജയ് ചൗക്കില്‍ ജനുവരി 29ന് വൈകീട്ടാണ് ബീറ്റിങ് റിട്രീറ്റ് ചടങ്ങ് നടക്കുക. സംഗീത സാന്ദ്രമായിരിക്കും ഈ ചടങ്ങ്. ഇന്ത്യൻ ഗാനങ്ങളാണ് ഈ സമയത്ത് ആലപിക്കുക.












Click it and Unblock the Notifications