ബെംഗളൂരുവിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍: ഇക്കുറി ഒരു പ്രധാന മാറ്റമുണ്ട്; ഗതാഗത നിയന്ത്രണവും
ബെംഗളൂരു: 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങുകയാണ്. വിപുലമായ ആഘോഷ ചടങ്ങുകളാണ് രാജ്യമെമ്പാടും നടക്കുന്നത്. ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവില്‍ മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങള്‍ക്കായി പരേഡ് ഗ്രൗണ്ട് പൂര്‍ണമായും സജ്ജമായി. രാവിലെ ഒന്‍പതു മണിക്ക് ഗവര്‍ണര്‍ പതാക ഉയര്‍ത്തുകയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയും ചെയ്യും.
ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ബെംഗളൂരു സിറ്റി പൊലീസും നഗര അധികാരികളുമായി സഹകരിച്ചാണ് ആഘോഷങ്ങള്‍ നടക്കുന്നത്. രാവിലെ 8.58-ന് പരിപാടി ആരംഭിക്കും. രാവിലെ പതിനൊന്നിന് പരിപാടികള്‍ അവസാനിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇത്തവണത്തെ പരേഡില്‍ കരസേന, വ്യോമസേന, സിആര്‍പിഎഫ് വനിതാ വിഭാഗം, തമിഴ്നാട് സ്റ്റേറ്റ് പൊലീസ്, എന്‍സിസി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സേവാദള്‍, സ്‌കൂള്‍ കുട്ടികള്‍ തുടങ്ങി 37 ഗ്രൂപ്പുകളിലായി ഏകദേശം 1,100 പേര്‍ അണിനിരക്കും. എന്നാല്‍, പരേഡിലെ പ്രധാന ആകര്‍ഷണമായ എഎസ്‌സി (ആര്‍മി സര്‍വീസ് കോര്‍പ്സ്) സെന്ററിലെ 'ടൊര്‍ണാഡോ' ബൈക്ക് സ്റ്റണ്ട് ഇത്തവണ ഉണ്ടാകില്ല.
ടീം അംഗങ്ങള്‍ ഗോവ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലായതിനാലും സമയക്രമത്തിലെ പരിമിതികള്‍ കാരണവുമാണ് ഈ മാറ്റമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരിപാടി രാവിലെ 11.45-നാണ് കഴിഞ്ഞത്. എന്നാല്‍ ഇക്കുറി 11 മണിക്ക് അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. കഴിഞ്ഞ വര്‍ഷം പരേഡില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ച പരിപാടിയായിരുന്നു ആര്‍മി സര്‍വീസ് കോര്‍പ്സ് അവതരിപ്പിച്ച 'ടൊര്‍ണാഡോ' ബൈക്ക് സ്റ്റണ്ട്.
വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 1,400 കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. പ്രവേശന പാസുകളുടെ വിതരണം പൂര്‍ത്തിയായിരുന്നു. കര്‍ശന സുരക്ഷയുടെ ഭാഗമായി 100 സിസിടിവി ക്യാമറകള്‍, ബാഗേജ് സ്‌കാനറുകള്‍ എന്നിവ സ്ഥാപിച്ചു. ആംബുലന്‍സുകളും ഫയര്‍ എന്‍ജിനുകളും സജ്ജമാണ്. ജനുവരി 26-ന് രാവിലെ 8:30 മുതല്‍ 10:30 വരെ പരേഡ് ഗ്രൗണ്ടിന് ചുറ്റും ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ 11 മണിയോടെ ചടങ്ങുകള്‍ അവസാനിക്കുമെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണര്‍ എം. മഹേശ്വര റാവു അറിയിച്ചു. സാംസ്‌കാരിക പരിപാടികള്‍ക്ക് ശേഷം, ഗവര്‍ണര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രദേശത്ത് നാളെ രാവിലെ 8.30 മുതല്‍ 10.30 വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഉണ്ടാകും.
റിപ്പബ്ലിക് ദിനാഘോഷം കാണാന്‍ വരുന്ന വിശിഷ്ടാതിഥികള്‍, മറ്റ് ക്ഷണിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക ഇരിപ്പിട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ സുരക്ഷയാണ് റിപ്പബ്ലിക് ദിനത്തില്‍ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications