റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം: ഭരണഘടന നിർമ്മാതാക്കളെ രാജ്യം നമിക്കുന്നുവെന്നും പ്രധാനമന്ത്രി
ഡല്‍ഹി: റിപ്പബ്ലിക് ദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികളേയും രാജ്യം നമിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
"റിപ്പബ്ലിക് ദിനാശംസകൾ. റിപ്പബ്ലിക്കായതിൻ്റെ 75 മഹത്തായ വർഷങ്ങൾ നാം ഇന്ന് ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത്തായ സ്ത്രീകളേയും പുരുഷന്മാരേയും രാജ്യം നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ സന്ദർഭം ശക്തിപ്പെടുത്തട്ടെ' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

രാവിലെ 10:30 ന് ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന പ്രധാനമന്ത്രി തുടർന്ന് കർത്തവ്യ പഥില്‍ നടക്കുന്ന പരേഡ് വീക്ഷിക്കും. പരേഡില്‍ രാജ്യത്തിന്റെ സർവ്വസൈന്യാധിപയായ രാഷ്ട്രപതി വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിക്കും. പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. ഇക്കുറി പരേഡിന് ഇന്തോന്യേഷൻ കരസേനയും അണിനിരക്കും.
അതേസമയം, ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോരുത്തരുടെയും കർത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണമെന്നും നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നിൽക്കാമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവിൽ വന്നിട്ട് 75 വർഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂർത്തമാകുന്നത് ഭരണഘടനയുടെ പൂർത്തീകരണത്തോടെയാണ്.
നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോർത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നൽകാൻ ഭരണഘടനാ നിർമ്മാതാക്കൾക്ക് സാധിച്ചു. ഭരണഘടനയിൽ അന്തർലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമ്മപ്പെടുത്തുന്നത്.
സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാൻ നമുക്ക് കഴിയണമെന്നും ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ആരംഭിക്കും. ഗവർണ്ണറോടൊപ്പം മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.
മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായൂസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.












Click it and Unblock the Notifications