'റിപ്പബ്ലിക് ഡേ പരേഡ് 2021' ആപ് പുറത്തിറക്കി പ്രതിരോധ മന്ത്രാലയം; പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം..
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് തലസ്ഥാനം. സൈനിക ശക്തിയും സാംസ്കാരിക പാരമ്പര്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷം നയതന്ത്രബന്ധങ്ങളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. എന്നാല്‍ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഇത്തവണ മുഖ്യാതിഥി ഉണ്ടായിരിക്കില്ല, ഇത് പക്ഷേ ആദ്യമായല്ല ഇത്തരത്തിൽ അതിഥികൾ പങ്കെടുക്കാത്ത ചടങ്ങ്.1952, 1953,1966 വര്‍ഷങ്ങളിലും മുഖ്യാതിഥി ഉണ്ടായിരുന്നില്ല.
റിപ്പബ്ലിക് ദിന പരേഡ് 2021
കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനില്‍ നിന്നും ആരംഭിച്ച് നാഷണല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന വിധത്തിലാണ് നടത്തുക. വിജയ് ചൗക്കിൽ നിന്ന് രാജ് പഥ്, അമർ ജവാൻ ജ്യോതി, ഇന്ത്യ ഗേറ്റ് പ്രിൻസസ് പാലസ്, തിലക് മാർഗ് വഴി ഒടുവിൽ ഇന്ത്യ ഗേറ്റില്‍ പരേഡ് എത്തിച്ചേരും.
പതാക ഉയര്‍ത്തല്‍
മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും ചുരുക്കിയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍ നടത്തുന്നത്. മാര്ച്ചിങ്ങും സാംസ്കാരിക പരിപാടികളും കുറവായിരിക്കും. ചൊവ്വാഴ്ച രാവിലെ 8.00 മണിക്ക് പതാക ഉയര്‍ത്തും. 9.00 മണിക്ക് ആരംഭിക്കുന്ന പരേഡ് 11.30 ന് സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ഡേ പരേഡ് കാണുവാന്‍
രജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് കാണുവാനായി പ്രതിരോധ മന്ത്രാലയം മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. 'റിപ്പബ്ലിക് ഡേ പരേഡ് 2021' അല്ലെങ്കിൽ 'ആർഡിപി 2021' എന്നതാണ് ആപ്ലിക്കേഷൻറെ പേര്. ആപ്പ് വഴി മാർച്ച്, ടാബ്ലോ, മറ്റ് പ്രകടനങ്ങൾ എന്നിവ തത്സമയം സംപ്രേഷണം ചെയ്യുക മാത്രമല്ല റൂട്ട് മാപ്പ്, പാർക്കിംഗ് എന്നിവയെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകൾ നൽകുകയും ചെയ്യും.
അതേസമയം, ഡിഡി ന്യൂസിലും അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും നിങ്ങൾക്ക് റിപ്പബ്ലിക് ദിന പരേഡ് തത്സമയം കാണാനാകും. മിക്ക സ്വകാര്യ വാർത്താ ചാനലുകളും റിപ്പബ്ലിക് ദിന പരേഡ് തത്സമയം സംപ്രേഷണം ചെയ്യും.
പങ്കെടുക്കാവുന്നവര്‍
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 25,000 ആളുകള്‍ക്ക് മാത്രമാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നേരില്‍ കാണുവാന്‍ സാധിക്കുക, കഴിഞ്ഞ വര്‍ഷം ഇത് 150,000 ആയിരുന്നു. മാധ്യമ പ്രതിനിധികളുടെ എണ്ണം 300 ല്‍ നിന്നും 200 ആയും കുറച്ചിട്ടുണ്ട്. 60 വയസില്‍ മേലെ പ്രായമായവര്‍ക്കും 15 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുന്നതിന് അനുമതിയില്ല.
സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ധീരതയ്ക്കുള്ള പുരസ്കാരം നേടിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരേഡ് ഇത്തവണ ഉണ്ടാകില്ല,
റിപ്പബ്ലിക് ദിന ടാബ്ലോ
ആക 32 ടാബ്ലോകളാണ് 72-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ഉണ്ടാവുക. 17 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചേര്‍ന്ന് 17, വിവിധ മന്ത്രാലയങ്ങളുടെ 07, പ്രതിരോധ വിഭാഗത്തിൽ നിന്ന് 06 എന്നിങ്ങനെയാണ് ടാബ്ലോകള്‍. ഇത്തവണ വ്യത്യസ്തമായി ചെങ്കോട്ടയിലേക്ക് പോകുന്നതിനു പകരം നാഷണല്‍ സ്റ്റേഡിയം വരെയായിരിക്കും ടാബ്ലോകള്‍ ഉണ്ടാവുക. പരിപാടിയിലുടനീളം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കും.
റിപ്പബ്ലിക് ദിനാഘോഷം പ്രവേശനം
ക്ഷണക്കത്തോ പ്രവേശന ടിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് കാണുവാന്‍ അനുമതിയുള്ളത്. വയസ്സിന് താഴെയുള്ളവരെ രാഥ്പഥിലെ ആർഡിസി -2021കാണുവാന്‍ അനുവദിക്കില്ല.ഡല്‍ഹി പോലീസ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
ഇത്തവണ ആഘോഷങ്ങളിലേക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബാഗുകൾ, ബ്രീഫ്കെയ്സുകൾ, പിൻ, ഭക്ഷണസാധനങ്ങൾ, ക്യാമറകൾ, ബൈനോക്കുലറുകൾ, ഹാൻഡിക്യാമുകൾ, ഇലക്ട്രോണിക് ഗാഡ്ജെറ്റുകളായ ഐപാഡുകൾ, ഐപോഡുകൾ, പാം-ടോപ്പ് കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ, പവർ ബാങ്കുകൾ, ഡിജിറ്റൽ ഡയറിക്കുറിപ്പുകൾ എന്നിവ കൊണ്ടുപോകരുതെന്ന് ക്ഷണിതാക്കൾക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.