'നിരുപാധികം മാപ്പ്..'; കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസ്വാമി
ന്യൂഡല്‍ഹി: 2016 ലെ കോടതിയലക്ഷ്യക്കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടിവി മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ മേധാവിയുമായ ആര്‍ പച്ചൗരി നല്‍കിയ ഹര്‍ജിയിലാണ് അര്‍ണബ് ഗോസ്വാമി നിരുപാധികം മാപ്പ് പറഞ്ഞത്.
പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തിലാണ് അര്‍ണബ് ഗോസ്വാമി മാപ്പ് പറഞ്ഞിരിക്കുന്നത്. 2016 ല്‍ ആണ് പച്ചൗരി കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്തത്. ഈ സമയത്ത് ടൈംസ് നൗവില്‍ ആയിരുന്നു അര്‍ണബ് ഗോസ്വാമി.

ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍, എന്‍ഡിടിവി മുന്‍ പ്രൊമോട്ടര്‍ പ്രണോയ് റോയ് എന്നിവര്‍ക്കെതിരെയും പച്ചൗരി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തിരുന്നു. തന്നെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണ് എന്ന് പച്ചൗരി പറഞ്ഞിരുന്നു. കേസ് സംബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തനിക്ക് അപകീര്‍ത്തികരവും മുന്‍വിധി നിറഞ്ഞതാണെന്നും ആര്‍ പച്ചൗരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഏപ്രില്‍ 28 ന് ആണ് അര്‍ണബ് ഗോസ്വാമി മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. കോടതിയോട് താന്‍ മാപ്പപേക്ഷിക്കുന്നു എന്നും ഇത് സ്വീകരിക്കണം എന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അര്‍ണബ് ഗോസ്വാമി പറയുന്നു. തനിക്കെതിരായ നടപടികള്‍ ഉടനടി അവസാനിപ്പിക്കണം എന്നും മാപ്പപേക്ഷയില്‍ അര്‍ണബ് ഗോസ്വാമി ആവശ്യപ്പെട്ടു. താന്‍ നിയമം അനുസരിക്കുന്ന വ്യക്തിയാണെന്നും എല്ലാ കോടതികളെയും ബഹുമാനിക്കുന്നതായും സത്യവാങ്മൂലത്തിലുണ്ട്.
ഞാന്‍ കോടതിയുടെ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാതിരുന്നതല്ല. അത്തരത്തിലുള്ള ഒരു പ്രവൃത്തിയും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. കോടതി ഉത്തരവിന്റെ പരിധിയില്‍ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാര്‍ത്ത താന്‍ സംപ്രേക്ഷണം ചെയ്തത് എന്നും അര്‍ണബ് ഗോസ്വാമി സത്യവാങ്മൂലത്തില്‍ പറയുന്നു. അഭിഭാഷകന്‍ അമന്‍ അവിനാവ് മുഖേനയാണ് അര്‍ണബ് ഗോസ്വാമി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അതേസമയം ദി ഇക്കണോമിക് ടൈംസിന് വേണ്ടിയും സമാനമായ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് അറോറ അറിയിച്ചു. 2020 ല്‍ ആണ് പച്ചൗരി അന്തരിക്കുന്നത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നപ്പോള്‍ ആണ് അര്‍ണബ് ഗോസ്വാമി പ്രസ്തുത വാര്‍ത്ത പ്രസിദ്ധീകരിച്ചത്.












Click it and Unblock the Notifications