ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചില്‍: 57 ല്‍ 33 പേരേയും രക്ഷപ്പെടുത്തി; 24 പുറത്തെത്തിക്കാന്‍ തീവ്രശ്രമം
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞിടിച്ചിലിനെ തുടർന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തില്‍പ്പെട്ട 57 പേരില്‍ 33 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇനി 24 പേരെയാണ് രക്ഷപ്പെടുത്താനുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റേയും ഇന്തോ ടിബറ്റന്‍ ബോർഡർ പൊലീസിന്റേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
ഉത്തരാഘണ്ഡ് ദുരന്ത നിവാരണ സേനാ മേധാവിയുടെ നിര്‍ദ്ദേശപ്രകാരം എസ് ഡി ആർ എഫും, ഗര്‍വാള്‍ സ്‌കൗട്ടുകളും നാട്ടൂകാരും രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഉത്തരാഖണ്ഡിലെ മനയ്ക്കും ബദരീനാഥിനും ഇടയിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (ബി ആ ർഒ) തൊഴിലാളി ക്യാമ്പിലേക്ക് രൂക്ഷമായ മഞ്ഞുവീഴ്ചയുണ്ടാകുന്നത്. ബദരീനാഥ് ധാമിൽ നിന്ന് 52 കിലോമീറ്റർ വടക്കും ഡെറാഡൂണിൽ നിന്ന് 310 കിലോമീറ്ററിലധികം അകലെയുമായ സ്ഥിതി ചെയ്യുന്ന മേഖലയാണ് മന പാസ്.

കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഐ ടി ബി പിയുടെയും മറ്റ് വകുപ്പുകളുടെയും സഹായം സ്വീകരിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. ഞങ്ങളുടെ ദുരന്തനിവാരണ വകുപ്പും മുഴുവൻ ഭരണകൂടവും പൂർണ്ണമായും ജാഗ്രതയിലാണെന്നും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരം ദുരന്ത നിവാരണ കൺട്രോൾ റൂം സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 33 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, മറ്റുള്ളവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ധാമിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്നും അമിത ഷാ വ്യക്തമാക്കി.
ചമോലി ജില്ലയിൽ നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ മീഡിയം-ലിഫ്റ്റ് ചോപ്പർ എം ഐ -17 വി 5 ഉം ലൈറ്റ് ഹെലികോപ്റ്ററുകളും തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എ എൻ ഐയും റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ടാലുടൻ, പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേന തങ്ങളുടെ ഉപകരണങ്ങൾ വിന്യസിക്കാൻ തയ്യാറാകുമെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications