അഭയാര്‍ത്ഥി ക്യാംപില്‍ വെള്ളം കയറി; സിമന്റ് ചാക്കില്‍ പൊതിഞ്ഞ് നവജാതശിശുവിനെ രക്ഷപ്പെടുത്തി സുരക്ഷാ സേന
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റിന് പിന്നാലെ ഗുജറാത്തില്‍ ശക്തമായ മഴ. മഴയെ തുടര്‍ന്ന് അഭയാര്‍ത്ഥി ക്യാംപായ സ്‌കൂളിലും വെള്ളം കയറി. ഇതോടെ ദേശീയ ദുരന്ത നിവാരണ സേന ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. അതിനിടയില്‍ മുട്ടോളം വെള്ളത്തില്‍ ദേശീയ ദുരന്ത നിവാരണ സേനാ ഉദ്യോഗസ്ഥന്‍ സിമന്റ് ചാക്കില്‍ പൊതിഞ്ഞ് നവജാത ശിശുവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെ വീഡിയോ വൈറലായി.
എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥന്‍ കോരിച്ചൊരിയുന്ന മഴയില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കാനാണ് ഒഴിഞ്ഞ സിമന്റ് ചാക്കില്‍ പൊതിഞ്ഞ് സ്‌കൂളില്‍ നിന്ന് പുറത്തേക്ക് എത്തിച്ചത്. പിന്നീട് ജലനിരപ്പ് താഴ്ന്ന പ്രദേശത്ത് കാത്തുനില്‍ക്കുന്ന കുടുംബാംഗത്തിന് കുഞ്ഞിനെ കൈമാറുന്നതും വീഡിയോയില്‍ കാണാം. വെള്ളക്കെട്ടുള്ള പ്രദേശത്തുകൂടി നടന്ന് പോകുന്ന കുട്ടികളെ കൈപിടിച്ച് കൊണ്ടാണ് എന്‍ ഡി ആര്‍ എഫ് ഉദ്യോഗസ്ഥര്‍ മറവശത്തെത്തിച്ചത്.

Image Credit: NDTV Video/Screengrab
127 പേരെയാണ് ദേവഭൂമി ദ്വാരക ജില്ലയിലെ രൂപന്‍ ബന്ദര്‍ സ്‌കൂളിലെ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് ഇന്ന് ഒഴിപ്പിച്ചത്. ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ആളുകളെ ഈ സ്‌കൂളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ചുറ്റുമുള്ള പ്രദേശം വെള്ളത്തിനടിയിലാകാന്‍ തുടങ്ങിയപ്പോള്‍ അവരെ അടുത്തുള്ള മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
82 പുരുഷന്മാരും 27 സ്ത്രീകളും 15 കുട്ടികളും മൂന്ന് നഴ്സിങ് സ്റ്റാഫുകളേയുമാണ് സ്‌കൂളില്‍ നിന്ന് മാറ്റിയത്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്തിലെ ജഖാവു തുറമുഖത്തിന് സമീപം കഴിഞ്ഞ ദിവസം 125 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെ വേഗതയില്‍ ആണ് ആഞ്ഞടിച്ചത്. ശക്തമായ കാറ്റിനൊപ്പം കനത്ത മഴ കൂടി പെയ്തതോടെ ഗുജറാത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ കാറ്റില്‍ വിവിധ സ്ഥലങ്ങളിലായി 524 മരങ്ങളും വൈദ്യുത തൂണുകളും ഒടിഞ്ഞുവീണു. ഏകദേശം 1000 ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. അതേസമയം ഗുജറാത്തില്‍ നിന്ന് രാജസ്ഥാനിലെത്തിയ ബിപോര്‍ജോയ് ന്യൂനമര്‍ദ്ദമായി ദുര്‍ബലപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
രാജസ്ഥാനിലും രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ ബിപോര്‍ജോയിയുടെ സ്വാധീനത്താല്‍ ഇന്ന് ഡല്‍ഹിയിലും മഴ പെയ്തു. ഹിമാചല്‍ പ്രദേശ്, ഉത്താഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിപോര്‍ജോയ് കാറ്റിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ മഴ പെയ്യും.












Click it and Unblock the Notifications