93% 2000 രൂപാ നോട്ടുകളും തിരിച്ചെത്തിയെന്ന് ആര്‍ബിഐ, നോട്ടുകള്‍ മാറ്റാനുള്ള അവസാന തിയതി ഈ മാസം
മുംബൈ: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ കറന്‍സികളില്‍ 93 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 ഓഗസ്റ്റ് 31 വരെ പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ച 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മേയ് 19 ന് ആണ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നത്.
0.24 ലക്ഷം കോടി രൂപയുടെ കറന്‍സികളാണ് ഇനി തിരിച്ചെത്താനുള്ളത്. 2023 സെപ്റ്റംബര്‍ 30 വരെയാണ് 2000 രൂപാ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിന് റിസര്‍വ് ബാങ്ക് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഏഴ് ശതമാനം നോട്ടുകളെ ഇനി വിപണിയിലുള്ളൂ എന്നതിനാല്‍ ഈ സമയ പരിധി റിസര്‍വ് ബാങ്ക് നീട്ടി നല്‍കാനുള്ള സാധ്യത വളരെ കുറവാണ്. 2000 രൂപ മൂല്യമുള്ള മൊത്തം നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ചതില്‍ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ്.

2023 മാര്‍ച്ച് 31 ന് 3.62 ലക്ഷം കോടി രൂപയായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 2023 മെയ് 19 ന് വ്യാപാരം അവസാനിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു. എല്ലാ ബാങ്കുകളും അവരുടെ ശാഖകള്‍ വഴി പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ലഭ്യമാക്കും എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് ഉള്ള ആളുകള്‍ക്ക് അവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച് 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്.
നോട്ടുകള്‍ മാറ്റുന്നതിന് റിക്വിസിഷന്‍ സ്ലിപ്പോ ഐഡി പ്രൂഫോ ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് പോലും ഐഡി പ്രൂഫില്ലാതെ ഏത് ബാങ്ക് ശാഖയിലും 2000 രൂപയുടെ നോട്ടുകള്‍ മാറ്റാം. അതേസമയം ഒരു വ്യക്തിക്ക് ഒരു സമയം പത്ത് 2000 രൂപ നോട്ടുകള്‍ വരെ മാത്രമെ മാറ്റാന്‍ സാധിക്കൂ. 2016 ല്‍ പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ 2000 രൂപാ നോട്ട് പുറത്തിറക്കി.
പുതിയ 500, 2000 രൂപാ നോട്ടുകളായിരുന്നു റിസര്‍വ് ബാങ്ക് വിപണിയിലെത്തിച്ചത്. നോട്ടുനിരോധനത്തെ ന്യായീകരിച്ച് കൊണ്ട് സംഘപരിവാര്‍ പ്രൊഫൈലുകള്‍ 2000 രൂപാ നോട്ടില്‍ ചിപ്പുണ്ട് എന്നെല്ലാം തട്ടിവിട്ടിരുന്നു. ഏഴ് വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായിരുന്നു 2000 രൂപാ നോട്ട്. നിലവില്‍ 500 രൂപയുടെ നോട്ടാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി.












Click it and Unblock the Notifications