കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ യൂറോപ്യൻ യൂണിയനിൽ പ്രമേയ നീക്കം, നിർണായകം! പ്രതിച്ഛായയ്ക്ക് കോട്ടം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് മാത്രമല്ല അന്താരാഷ്ട്ര തലത്തിലും വന്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു. മുസ്ലീം ഭൂരിപക്ഷ അയല്‍രാജ്യങ്ങളില്‍ നിന്നുളള മുസ്ലീം ഒഴികെയുളള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുളള നീക്കത്തിന് എതിരെ വിദേശത്തടക്കം പ്രതിഷേധം ഉയരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമായ വിവേചനമാണ് നിയമമെന്ന് വിദേശ മാധ്യമങ്ങളടക്കം വിലയിരുത്തുന്നു.

ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കൂപ്പ് കുത്തിയിരിക്കുകയാണ്. 10 പോയിന്റെ ഇടിഞ്ഞ് 51ാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. കശ്മീരിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം കൂടി വന്നതോടെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ സാരമായി തന്നെ ബാധിക്കപ്പെട്ടിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെയും കശ്മീര്‍ വിഷയത്തിലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രമേയ നീക്കം ഈ സാഹചര്യത്തില്‍ ഏറെ നിര്‍ണായകമാണ്.

സിഎഎക്കെതിരെ പ്രമേയ നീക്കം

സിഎഎക്കെതിരെ പ്രമേയ നീക്കം

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രധാനപ്പെട്ട 5 ഗ്രൂപ്പുകളാണ് ഇന്ത്യ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രമേയ നീക്കത്തിനൊരുങ്ങുന്നത്. 751 അംഗ യൂറോപ്യന്‍ പാര്‍ലമെന്റിലെ 559 അംഗങ്ങളുണ്ട് ഈ 5 ഗ്രൂപ്പുകളില്‍. പൗരത്വ നിര്‍ണയിക്കുന്നതുമായ ബന്ധപ്പെട്ട ഏറ്റവും അപകടകരമായ നീക്കം എന്നാണ് പ്രമേയങ്ങളില്‍ സിഎഎയെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല പൗരത്വ നിയമം നടപ്പിലാക്കുന്നതിലൂടെ രാജ്യമില്ലാത്തവര്‍ എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്നും പ്രമേയങ്ങളിലൊന്നില്‍ ആശങ്ക രേഖപ്പെടുത്തുന്നു.

മുസ്ലീം വിവേചനമുളള നിയമം

മുസ്ലീം വിവേചനമുളള നിയമം

പൗരത്വ നിയമം 'സെലക്ടീവ്' ആണെന്നും മുസ്ലീംകളെ ഒഴിവാക്കുന്നതാണ് എന്നും പ്രമേയങ്ങളില്‍ പറയുന്നു. ഇന്ത്യയുടെ ആഭ്യന്തര സ്ഥിരതയേയും അന്താരാഷ്ട്ര തലത്തിലെ പ്രതിച്ഛായയേയും ബാധിക്കുന്ന തരത്തിലുളള വ്യാപകമായ ദുഷ്ഫലങ്ങള്‍ ഉണ്ടാകാമെന്നും പ്രമേയങ്ങളില്‍ പറയുന്നു. ജെഎന്‍യു സംഭവങ്ങളേയും ഉത്തര്‍ പ്രദേശിലടക്കം പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്നതുമെല്ലാം പ്രമേയങ്ങളില്‍ പരാമര്‍ശിക്കുന്നു.

ഇന്ത്യയുടെ പ്രതികരണം

ഇന്ത്യയുടെ പ്രതികരണം

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആഭ്യന്തര കാര്യമാണ് എന്നാണ് ഇന്ത്യയുടെ പ്രതികരണം. വസ്തുത അറിഞ്ഞിട്ട് മാത്രമേ തുടര്‍നീക്കങ്ങള്‍ നടത്താവൂ എന്നും ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ സമ്മേളനത്തില്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുകയും വോട്ടിനിടുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ പ്രശ്‌നത്തില്‍ ഇടപെടണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

അന്താരാഷ്ട്ര ബാധ്യതകള്‍ ലംഘിച്ചു

അന്താരാഷ്ട്ര ബാധ്യതകള്‍ ലംഘിച്ചു

യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായിട്ടുളള രാജ്യങ്ങളുമായുളള നയതന്ത്ര ബന്ധങ്ങളിലും വ്യാപാരക്കരാറുകളിലുമടക്കം ഈ നീക്കം പ്രതിഫലിക്കുമോ എന്നാണ് വരുംദിവസങ്ങളില്‍ അറിയാനുളളത്. പൗരത്വം നിര്‍ണയിക്കുന്നതില്‍ മതം അടിസ്ഥാനമാക്കുന്നതിലൂടെ പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകള്‍ ഇന്ത്യ ലംഘിച്ചു എന്ന കരട് പ്രമേയത്തിലെ ആരോപണം ഗൗരവതരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമ്മർദ്ദം ചെലുത്താനാകും

സമ്മർദ്ദം ചെലുത്താനാകും

യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രമേയങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കുകയും പാസ്സാക്കപ്പെടുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് അതെങ്ങനെ നിര്‍ണായകമാവും എന്നതാണ് പ്രധാന ചോദ്യം. കശ്മീരും പൗരത്വ നിയമവും അടക്കമുളള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ സാധിച്ചേക്കും. മാത്രമല്ല യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അവരവരുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളെക്കൊണ്ട് ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനും സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇമേജിന് ഇടിവ്

ഇമേജിന് ഇടിവ്

നിരന്തരമായ വിദേശ യാത്രകളിലൂടെയും വിദേശ രാഷ്ട്രതലന്മാരുമായുളള സുഹൃദ്ബന്ധത്തിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ശക്തമായ ഇമേജ് നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. എന്നാല്‍
കശ്മീരിനും പൗരത്വ നിയമത്തിനും ശേഷം ആ പ്രതിച്ഛായ ഇടിയുകയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രധാനമന്ത്രി ഹൗഡി മോഡി നടത്തിയ അമേരിക്കയില്‍ അടക്കം ലോകമാധ്യമങ്ങള്‍ പൗരത്വ നിയമം പാസ്സാക്കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്.

സന്ദർശനം റദ്ദാക്കി നേതാക്കൾ

സന്ദർശനം റദ്ദാക്കി നേതാക്കൾ

പൗരത്വ നിയമത്തിന് പിന്നാലെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം മാറ്റി വെച്ചിരുന്നു. ആസാമിലുണ്ടായ വന്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിന്‍സോ ആബെ യാത്ര റദ്ദാക്കിയത്. മാത്രമല്ല രണ്ട് ബംഗ്ലാദേശ് മന്ത്രിമാരും ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. മലേഷ്യല്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദ് പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ തുറന്ന വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. മലേഷ്യന്‍ പാം ഓയിലടക്കം ബഹിഷ്‌ക്കരിക്കുകയാണ് മറുപടിയായി ഇന്ത്യ ചെയ്തത്.

ഐക്യരാഷ്ട്രസഭയ്ക്കും എതിർപ്പ്

ഐക്യരാഷ്ട്രസഭയ്ക്കും എതിർപ്പ്

പൗരത്വ ഭേദഗതി നിയമത്തിലെ നിലപാട് പുനപരിശോധിക്കാന്‍ ഇന്ത്യയോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. സിഎഎ വിവേചനപരവും അന്താരാഷ്ട്ര മനുഷ്യാവകാശ നിലപാടുകള്‍ എതിരാണെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് പ്രസ്താവന ഇറക്കി. ഇന്ത്യയില്‍ മുസ്ലീംകള്‍ ദ്രോഹിക്കപ്പെടുന്നുണ്ട് എന്നുളള പാകിസ്താന്റെ നിരന്തരമായുളള വാദത്തിന് കൂടി ബലം നല്‍കുന്നതാവും പൗരത്വ നിയമത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിദേശ ഇന്ത്യക്കാർ പ്രതിഷേധത്തിൽ

വിദേശ ഇന്ത്യക്കാർ പ്രതിഷേധത്തിൽ

അമേരിക്കയിലെ മതസ്വാതന്ത്ര്യ കമ്മീഷനും വിദേശകാര്യ സമിതിയും പൗരത്വ നിയമത്തെ വിമര്‍ശിച്ച് മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലും ബ്രിട്ടണ്‍ അടക്കമുളള വിവിധ രാജ്യങ്ങളിലും ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും മറ്റുമായി വിദേശ ഇന്ത്യക്കാര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. റിപ്പബ്ലിക് ദിനത്തിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യക്കാർ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മെല്‍ബണിലെ ഇന്ത്യക്കാര്‍ പൗരത്വ നിയമത്തിന് എതിരെ ഒരു മാസം നീണ്ട് നില്‍ക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ രാഷ്ട്രപതിക്ക് ഭീമന്‍ ഹര്‍ജി നല്‍കാനുളള നീക്കത്തിലാണ്.

കശ്മീരും ചർച്ച ചെയ്യണം

കശ്മീരും ചർച്ച ചെയ്യണം

സിഎഎ മാത്രമല്ല ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ഇപ്പോഴും തുടരുന്ന അനിശ്ചിതാവസ്ഥയും യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചയാക്കുകയാണ്. കശ്മീര്‍ വിഷയത്തിലും യൂറോപ്യന്‍ യൂണിയന്‍ ഇടപെടണം എന്നാണ് പ്രമേയം കൊണ്ടുവന്ന അംഗങ്ങളുടെ ആവശ്യം. കശ്മീരില്‍ യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ സന്ദര്‍ശനം നടത്തുന്നത് ആലോചനയിലുണ്ട്. വിദേശകാര്യമന്ത്രാലയവുമായി ദില്ലിയിലെ ഇയു മിഷൻ ഇക്കാര്യം ചർച്ച നടത്തുന്നുണ്ട്.

Recommended Video

cmsvideo
Human rights Rroups Held Anti-CAA Rallies In Several US Cities | Oneindia Malayalam
ഇന്ത്യയ്ക്ക് നിര്‍ണായകം

ഇന്ത്യയ്ക്ക് നിര്‍ണായകം

പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ചില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനിരിക്കുകയാണ്. ആ സമയത്ത് വേണം സിഎഎ, കശ്മീര്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ എന്നാണ് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്‌ത്രോതസ്സും കയറ്റുമതിയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളാണ് എന്നത് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്.

English summary
resolutions in European Parliament against India's CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X