എല്ലാ വിദ്യാർത്ഥികളേയും ബാധിച്ചെന്ന് വ്യക്തമായാൽ മാത്രം പുനഃപരീക്ഷ; നീറ്റിൽ സുപ്രീം കോടതി
ഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി. എല്ലാ വിദ്യാർത്ഥികളേയും ബാധിച്ചെന്ന് വ്യക്തമായാൽ മാത്രമേ നീറ്റ് പുനഃപരീക്ഷ നടത്താനാകാവൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി. നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പ്രതികരണം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആശങ്ക നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇന്നുതന്നെ വ്യക്തത വരുത്തുമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
വിഷയത്തിൽ 40 ഓളം ഹർജികളാണ് സുപ്രീം കോടതിയുടെ മുൻപിലെത്തിയത്. എത്ര വിദ്യാർഥികളാണ് സുപ്രീം കോടതിയിൽ ഹർജിയുമായി എത്തിയതെന്ന് അറിയിക്കാൻ ദേശീയ പരീക്ഷ ഏജൻസിയോട് കോടതി നിർദ്ദേശിച്ചു. ഉച്ചയോടെ തന്നെ ഇത് സംബന്ധിച്ച കണക്ക് നൽകണമെന്നും കോടതി പറഞ്ഞു. ചോദ്യ പേപ്പർ ചോർച്ച മുഴുവൻ പരീക്ഷയേയും ബാധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ഹർജികൾ പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു. എന്നാൽ മാത്രമേ പരീക്ഷ റദ്ദാക്കാൻ നിർദ്ദേശിക്കാനാകൂവെന്നും കോടതി വിശദീകരിച്ചു.

അതേസമയം നിലവിലെ പട്ടിക പ്രകാരം മെഡിക്കൽ പ്രവേശനത്തിനു യോഗ്യത നേടിയ 1.08 ലക്ഷം വിദ്യാർഥികളിൽ പെടുന്ന 254 പേരും സ്വകാര്യ കോളേജുകളിലേക്കുള്ള പ്രവേശനത്തിനായി തിരഞ്ഞെടുക്കപ്പെട്ട 131 പേരുമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
നീറ്റ് പരീക്ഷാഫലം സംബന്ധിച്ചു ഐഐടി മദ്രാസ് നടത്തിയ പഠനം സംബന്ധിച്ച് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളിൽ ക്രമക്കേടില്ലെന്നാണ് മനസിലാക്കാൻ സാധിച്ചതെന്ന് കോടതി പറഞ്ഞു. എന്നാൽ
ഐഐടിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നം കണ്ടെത്താൻ സാധിക്കില്ലെന്നായിരുന്നു നരേന്ദ്ര ഹൂഡ ചൂണ്ടിക്കാട്ടിയത്. കുറേയേറെ ഡാറ്റകൾ വെച്ച് നടത്തിയ പഠനമായതിനാൽ തന്നെ ചെറിയ പിഴവുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു.
'ഐഐടി മദ്രാസ് ഉപയോഗിക്കുന്ന പൈത്തൺ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ക്രമക്കേടുകളുടെ എണ്ണം കണ്ടെത്താൻ സാധിക്കില്ല. 23 ലക്ഷം വിദ്യാർത്ഥികളുടെ അല്ല, 1.8 ലക്ഷം വിദ്യാർഥികളുടെ ഫലത്തിന്റെ കാര്യത്തിലാണ് ഡേറ്റ അനാലിസിസ് വേണ്ടത്. ബഹദൂർഗഡിലെ ഹർദയാൽ സ്കൂളിൽ ചോദ്യപേപ്പർ എടുത്തത് എസ്ബിഐയിൽ നിന്നല്ല, കാനറ ബാങ്കിൽ നിന്നാണ്. രാജ്യത്ത് മുഴുവൻ എസ്ബിഐയിൽ നിന്നാണ് പേപ്പറുകൾ എടുത്തത്.വിദ്യാർഥികൾ കാനറ ബാങ്ക് പേപ്പർ ചെയ്യട്ടെയെന്നായിരുന്നു നിർദേശം ലഭിച്ചതെന്നാണ് സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചത്.ആ സ്കൂളിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും ഗ്രേസ് മാർക്ക് നൽകി', ഹൂഡ പറഞ്ഞു.
അതേസമയം ആദ്യ റാങ്കിൽ ഉൾപ്പെട്ടവർ ഒരിടത്ത് നിന്ന് മാത്രമാണെന്ന് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ആന്ധ്രയിൽ നിന്നും ഏഴ് , ബിഹാർ ഏഴ്, ഗുജറാത്ത് ഏഴ്, ഹരിയാന നാല്, ഡൽഹി മൂന്ന്, കർണാടക 6, കേരളം 5, മഹാരാഷ്ട്ര 5, തമിഴ്നാട് 8, ഉത്തർപ്രദേശ് 6, പശ്ചിമ ബംഗാൾ 5 എന്നിങ്ങനെയാണ് ആദ്യ റാങ്കുകാരുടെ പട്ടിക', കോടതി പറഞ്ഞു.ആദ്യ 100 റാങ്കുകാർ രാജ്യത്തെ 95 കേന്ദ്രങ്ങളിൽ നിന്നാണെന്ന് സോളിസിറ്റർ ജനറലും പറഞ്ഞു.
പരീക്ഷ എഴുതിയ ആകെ 23 ലക്ഷം പേരിൽ എത്ര പേർ പരീക്ഷാകേന്ദ്രം മാറ്റിയെന്നു സുപ്രീം കോടതി ചോദിച്ചു. 15000 പേർ എന്നായിരുന്നു എൻടിഎ വ്യക്തമാക്കി. ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഉച്ചയ്ക്ക് ശേഷം അറിയിക്കാൻ കോടതി എൻടിഎയെ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ഹർജികൾ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.












Click it and Unblock the Notifications