താലിബാൻ കൊലപ്പെടുത്തിയ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് അന്ത്യ വിശ്രമം ജാമിയ മിലിയയിൽ
ദില്ലി: കൊല്ലപ്പെട്ട റോയിട്ടേഴ്‌സ് ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് അന്ത്യ വിശ്രമം ഒരുക്കുക ദില്ലി ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ ശ്മശാനത്തില്‍. പുലിസ്റ്റര്‍ പുരസ്‌ക്കാര ജേതാവായ സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ വെച്ച് താലിബാന്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഡാനിഷ് സിദ്ദിഖി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.
ജാമിയ മിലിയ ശ്മശാനം പൊതുവേ ഉപയോഗിക്കാറുളളത് സര്‍വ്വകലാശാല ജീവനക്കാരോ അവരുടെ പങ്കാളികളോ പ്രായപൂര്‍ത്തിയാകാത്ത മക്കളോ മരണപ്പെടുമ്പോള്‍ ശവസംസ്‌ക്കാരം നടത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി അതില്‍ മാറ്റം വരുത്തുകയാണെന്ന് ജാമിയ മിലിയ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ഡാനിഷ് സിദ്ദിഖിയുടെ കുടുംബം ആണ് അദ്ദേഹത്തിന്റെ മൃതദേഹം ജാമിയ മിലിയ ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതെന്ന് സര്‍വ്വകലാശാല പിആര്‍ഒ അഹമ്മദ് അസീം അറിയിച്ചു. ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തിന് ജാമിയയുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. ജാമിയയിലെ ഫാക്കല്‍ട്ടി ഓഫ് എഡ്യുക്കേഷനിലെ പ്രൊഫസര്‍ ആയിരുന്നു ഡാനിഷ് സിദ്ദിഖിയുടെ അച്ഛന്‍ മുഹമ്മദ് അക്തര്‍. ഇവര്‍ താമസിക്കുന്നതും ജാമിയ നഗറിലാണ്.
Recommended Video
ഡാനിഷ് സിദ്ദിഖിയുടെ വിദ്യാഭ്യാസ കാലം ജാമിയയില്‍ ആയിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും ഡാനിഷ് നേടിയത് ജാമിയ സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു. ശനിയാഴ്ച വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ ഡാനിഷ് സിദ്ദിഖിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഡാനിഷ് സിദ്ദിഖിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി ചൊവ്വാഴ്ച സര്‍വ്വകലാശാല പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണ്ഡഹാര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.












Click it and Unblock the Notifications