കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് കനാലിൽ എറിഞ്ഞു; ഭാര്യയയും കൂട്ടാളികളും പിടിയിൽ
പൂനെയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ സമാനമായ സംഭവം ഹരിയാനയിലെ രേവാരിയിലും റിപ്പോർട്ട് ചെയ്യുന്നു. കാണാതായ 21-കാരൻ മോനുവെന്ന യുവാവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതമെന്ന് കണ്ടെത്തൽ. കൊലയ്ക്ക് പിന്നിൽ ഭാര്യയും കാമുകനുമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ക്രൂരകൃത്യത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ തന്നു, ഇവരുടെ കൂട്ടാളി ഹരിഓം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയും ഭാര്യയുടെ കാമുകനുമായ സോനു, ഇയാളുടെ സുഹൃത്ത് അമൻ എന്നിവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ബവാൽ ഡിഎസ്‌പി സുരേന്ദ്ര ഷിയോറാൻ വ്യക്തമാക്കുന്നതനുസരിച്ച്, ജർത്ഥാൽ ഗ്രാമവാസിയായ മോനു എന്ന 21-കാരൻ ജൂൺ 8-ന് രാത്രി തന്റെ സ്കൂട്ടറിൽ മരുന്ന് വാങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. എന്നാൽ പിന്നീട് ഇയാൾ തിരിച്ചെത്തിയില്ല. തുടർന്ന് ജൂൺ 9-ന് മോനുവിന്റെ പിതാവ് രത്തൻ ലാൽ കസോല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ 10-ന് അസൽവാസ് കനാലിൽ നിന്നും മോനുവിന്റെ മൃതദേഹം കണ്ടെത്തുകയും സ്കൂട്ടർ കനാലിന്റെ കരയിൽ ഉപേക്ഷിച്ച നിലയിൽ ലഭിക്കുകയുമായിരുന്നു. ഫോറൻസിക് സംഘം സ്ഥലം പരിശോധിച്ചപ്പോൾ മൃതദേഹത്തിൽ പുറമേക്ക് പരിക്കേറ്റ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കനാലിൽ വീണ് അബദ്ധത്തിൽ മുങ്ങിമരിച്ചതാകാം ഇതെന്നാണ് ആദ്യ ഘട്ടത്തിൽ കരുതിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.

കേസിൽ വഴിത്തിരിവായത് സാങ്കേതിക നിരീക്ഷണം
മോനുവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്ന് കേസിൽ കൊലപാതകക്കുറ്റം ചുമത്തി, സൈബർ സെല്ലിന്റെയും രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. മോനുവിന്റെ വിവാഹം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു. എന്നാൽ ഈ വിവാഹത്തിൽ തന്നു ഒട്ടും സന്തുഷ്ടയായിരുന്നില്ല. അവൾക്ക് മുൻപ് തന്നെ സോനു എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. വിവാഹശേഷവും ഇവർ ബന്ധം തുടർന്നു. ഒടുവിൽ തങ്ങളുടെ പ്രണയത്തിന് തടസ്സമായി നിൽക്കുന്ന ഭർത്താവിനെ ഇല്ലാതാക്കാൻ ഇവർ പദ്ധതിയിടുകയായിരുന്നു.
കൊലപാതകം നടത്തിയത് ഇങ്ങനെ
ജൂൺ 8-ന് രാത്രി തന്നു തന്ത്രപൂർവ്വം മോനുവിനെ കസോലി ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി. കാമുകനായ സോനു ഏർപ്പാടാക്കിയ ഹരിഓമും അമനും അവിടെ നേരത്തെ തന്നെ ഒളിച്ചിരിപ്പുണ്ടായിരുന്നു. മോനു സ്ഥലത്തെത്തിയ ഉടൻ ഇവർ മൂന്നുപേരും ചേർന്ന് അയാളെ പിടികൂടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. മോനു മരിക്കുകയോ പൂർണ്ണമായും അബോധാവസ്ഥയിലാകുകയോ ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷം ഇവർ അയാളെ കനാലിലേക്ക് എറിയുകയായിരുന്നു.
ശ്വാസം മുട്ടിയാണോ അതോ വെള്ളത്തിൽ വീണ ശേഷമാണോ മോനു മരിച്ചതെന്ന് വ്യക്തമാകാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ തന്നുവിനെയും ഹരിഓമിനെയും കോടതി രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പെൺകുട്ടിയുടെ കുടുംബത്തിനും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications