അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് 2 മരണം; 20 അടി മുകളില്‍ നിന്നും കേബിള്‍ പൊട്ടിവീണു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അമ്യൂസ്മെൻറ് പാർക്കിൽ ഉല്ലാസറൈഡ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. 'ഡിസ്‌ക്കവറി 'യെന്ന പേരുളള ജോയ്‌റൈഡിന്റെ ലോഡ് ബെയറിംഗ് കേബിള്‍ തകര്‍ന്നതാണ് ദുരന്തം ഉണ്ടാകാന്‍ കാരണം. ഏതാണ്ട് 20 അടി ഉയരത്തില്‍ നിന്നുമാണ് ആളുകള്‍ തീഴെ വീണത്. പെന്‍ഡുലം മോഡലില്‍ ചലിക്കുന്ന ഊഞ്ഞാല്‍റൈഡില്‍ കയറിയവര്‍ക്കാണ് അപകടം സംഭവിച്ചത്. അഹഹമ്മദാബാദിലെ കനാകരിക തടാകത്തിന് അടുത്തുളള ബാല്‍വാടി അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഞായറാഴ്ച വൈകിട്ട് 5.40 നാണ് സംഭവം.
ഉല്ലാസം നിറഞ്ഞു നിന്ന പാര്‍ക്കില്‍, പ്രതീക്ഷിക്കാതെ നടന്ന ദുരന്തം ഏല്ലാവരെയും ഞെട്ടിച്ചു. ഡിസ്‌ക്കവറി എന്ന പേരുളള, ദുരന്തകാരണമായ ജോയ്‌റൈഡിന്റെ അപകട ദൃശ്യങ്ങള്‍ സംഭവത്തിന്റെ ഭയാനകത വെളിപ്പെടുത്തുന്നു. പെന്‍ഡുലം ചലിക്കുന്ന മാതൃകയിലുളള റൈഡ്കാര്യേജ് ആളുകളെയും വഹിച്ചു കൊണ്ട് താഴെനിന്നും 20 അടി ഉയരത്തില്‍ നീങ്ങുമ്പോഴായിരുന്നു അതിന്റെ ഭാരം വഹിക്കുന്ന കേബിളുകള്‍ തകരാറിലാകുന്നത്. തുടര്‍ന്നാണ് ആഹ്ലാദം ദുരന്തത്തിന് വഴിമാറിയത്.

മനാലി രാജ്‌വാഡി (24), മുഹമ്മദ് സെയ്യിദ് മെമിന്‍ (22) എന്നിവരാണ് മരിച്ചത്. സംഭവം നടന്നപ്പോള്‍ മൊത്തം 31 ആളുകളാണ് ഡിസ്‌ക്കവറി റൈഡില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 3 പേരുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ മരിക്കുകയും 29 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വഷണത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരവിട്ടു. അപകടം നടന്നതോടെ, പാര്‍ക്കിലുണ്ടായിരുന്ന ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചു. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടമുണ്ടായ ജോയ്‌റൈഡിന്റെ കരാര്‍ സൂപ്പര്‍ സ്റ്റാര്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നല്‍കിയിരുന്നത്.












Click it and Unblock the Notifications