ബിജെപി-അണ്ണാഡിഎംകെ സഖ്യത്തില്‍ പോര്; പാലംവലിച്ചെന്ന് നടി ഖുശ്ബു, എടപ്പാടിയെ നേരില്‍ കണ്ടു
തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് പിന്നാലെ നടി ഖുശ്ബു എടപ്പാടി പളനിസാമിയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചതായി റിപ്പോർട്ട്. മധുര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ് ഖുശ്ബു മുൻ മുഖ്യമന്ത്രിയെ അറിയിച്ചത്. വിവരമറിഞ്ഞ ഉടൻ തന്നെ എടപ്പാടി പളനിസാമി മുൻ മന്ത്രി ആർ.ബി. ഉദയകുമാറുമായി ഫോണിൽ സംസാരിച്ച് വിഷയത്തിൽ ഇടപെടാൻ നിർദേശിച്ചു.
എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ പുതിയ നീതി പാർട്ടിക്കാണ് മധുര സെൻട്രൽ മണ്ഡലം അനുവദിച്ചിരുന്നത്. ഇവിടെ ഖുശ്ബുവിൻ്റെ ഭർത്താവും സിനിമാ സംവിധായകനുമായ സുന്ദർ സി അണ്ണാ ഡിഎംകെയുടെ 'രണ്ടില' ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്. സുന്ദർ സിക്ക് വേണ്ടി ഖുശ്ബു മണ്ഡലത്തിൽ സജീവമായി പ്രചാരണം നടത്തിയിരുന്നു.

മധുര സെൻട്രലിൽ മന്ത്രി പിടിആർ പളനിവേൽ ത്യാഗരാജനും സുന്ദർ സിയും തമ്മിൽ ശക്തമായ വാക്പോര് നടന്നിരുന്നു. മണ്ഡലത്തിലെ വികസനത്തെയും ശുചിത്വത്തെയും കുറിച്ചുള്ള സുന്ദർ സിയുടെ വിമർശനങ്ങൾക്ക്, ഒരു എംഎൽഎയുടെ കടമകൾ പോലും അറിയാതെയാണ് സുന്ദർ സി സംസാരിക്കുന്നതെന്ന് പിടിആർ മറുപടി നൽകി. വാശിയേറിയ പോരാട്ടമായിരുന്നു മധുരയില്‍.
പ്രചാരണം അവസാനിച്ച ബുധനാഴ്ച രാത്രിയാണ് ഖുശ്ബു എടപ്പാടി പളനിസാമിയുമായി ബന്ധപ്പെട്ടത്. അണ്ണാ ഡിഎംകെ പ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കുന്നില്ലെന്ന് അവർ പരാതിപ്പെട്ടു. മണ്ഡലം തങ്ങൾക്ക് ലഭിക്കാത്തതിനാൽ അണ്ണാ ഡിഎംകെ ഇവർക്ക് വേണ്ടി പ്രവർത്തിക്കാൻ താൽപ്പര്യം കാണിക്കുന്നില്ലെന്നും ഖുശ്ബു ആരോപിച്ചു.
പണം വാങ്ങുന്നതിൽ മാത്രമാണ് അവർക്ക് താൽപ്പര്യമെന്നും പാർട്ടി പ്രവർത്തകർ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ഖുശ്ബു പരാതിപ്പെട്ടു. അതുകൊണ്ടുതന്നെ പ്രചാരണം താളംതെറ്റി. ഇത് മുന്നണിയുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് ഖുശ്ബു പറയുന്നത്. ഡിഎംകെ പ്രവർത്തകർ എഐഎഡിഎംകെയെ സ്വാധീനിച്ചിട്ടുണ്ടോയെന്നും അവർ സംശയം പ്രകടിപ്പിച്ചു.
ഖുശ്ബുവിന്റെ പരാതിയില്‍ ഉടൻ തന്നെ നടപടിയെടുക്കാമെന്ന് എടപ്പാടി പളനിസാമി ഉറപ്പ് നൽകി. തുടർന്ന് മുൻമന്ത്രി ആർബി ഉദയകുമാറിനെ വിളിച്ച്, മധുര സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥി സുന്ദർ സി ആണെങ്കിലും യഥാർത്ഥത്തിൽ മത്സരിക്കുന്നത് 'രണ്ടില' ചിഹ്നമാണെന്ന് ഓർമ്മിപ്പിച്ചു. വിജയ സാധ്യത കൂടുതലുള്ളിടത്ത് പാർട്ടി പ്രവർത്തകർ വിഭാഗീയത ഉണ്ടാക്കുന്നത് എന്താണെന്ന് അന്വേഷിച്ച് നടപടിയെടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
തമിഴ്‌നാട്ടിലെ ബിജെപിയുടെ സംസ്ഥാന നേതാവാണ് ഖുശ്ബു. ഭര്‍ത്താവ് സുന്ദര്‍ പ്രവര്‍ത്തിക്കുന്ന പുതിയ നീതി പാര്‍ട്ടി രൂപീകരിച്ചത് ബിജെപിയുടെ പിന്തുണയോടെയാണ് എന്ന് ആരോപണമുണ്ട്. ആദ്യമായിട്ടാണ് സുന്ദര്‍ മല്‍സരിക്കുന്നത്.












Click it and Unblock the Notifications