ഡികെ ശിവകുമാറിന്റെ അറസ്റ്റിൽ ഭിന്നിച്ച് കോൺഗ്രസ്; പ്രതിഷേധം നയിച്ച് ജെഡിഎസ്, സിദ്ധരാമയ്യ ചൈനയ്ക്ക്
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന പ്രതിഷേധങ്ങൾ ഇതുവരെ കെട്ടടിങ്ങിയിട്ടില്ല. പി ചിദംബരത്തിന് പിന്നാലെ മറ്റൊരു പ്രമുഖ നേതാവ് കൂടി അറസ്റ്റിലായത് കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. ശിവകുമാറിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതേസമയം ശിവകുമാർ അറസ്റ്റിലായതോടെ കോൺഗ്രസിനുള്ളിലും പൊട്ടിത്തെറികൾ രൂക്ഷമാവുകയാണ്.
പി ചിദംബരത്തിന് വീണ്ടും തിരിച്ചടി: മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി, അറസ്റ്റ് ചെയ്തേക്കും
കോൺഗ്രസ്-ജെഡിഎസ് ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു. ശിവകുമാറിന്റെ അറസ്റ്റ് ബിജെപിക്കെതിരെയുള്ള ആയുധമാക്കി പ്രതിഷേധങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത് ജെഡിഎസാണ്. ജെഡിഎസിന്റെ അമിതാവേശത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എത്തിയതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വന്നത്. അതേ സമയം പരസ്പരം കലഹിച്ച് നിൽക്കേണ്ട സമയമല്ലിതെന്ന് ഒരു വിഭാഗം നേതാക്കൾ ഓർമിപ്പിക്കുന്നു.

പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഡികെ ശിവകുമാറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിന് പിന്നാലെ ശിവകുമാറിനെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് ജെഡിഎസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി രംഗത്ത് എത്തിയിരുന്നു. അറസ്റ്റിനെതിരെ വൊക്കലിംഗ സമുദായ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശിവകുമാറിന്റെ അറസ്റ്റ് വൊക്കലിംഗ സമുദായത്തിന് നേരെ നടക്കുന്ന ആക്രമണമായി ചിത്രീകരിക്കുകയും പ്രതിഷേധങ്ങൾ ഹൈജാക്ക് ചെയ്യാൻ ജെഡിഎസ് ശ്രമിക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ചാണ് സിദ്ധരാമയ്യ പൊട്ടിത്തെറിച്ചത്.

പ്രതിഷേധം
അഞ്ച് മാസത്തെ ഭരണത്തിന് ശേഷം കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാർ താഴെ വീണതിന് കാരണം സിദ്ധരാമയ്യയാണെന്ന ആരോപണവുമായി ജെഡിഎസ് നേതാവ് ദേവഗൗഡ രംഗത്ത് എത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് നിലവിലെ പ്രതിഷേധങ്ങളും. യെഡിയൂരപ്പയെ മുഖ്യമന്ത്രിയായി കാണാനും തനിക്ക് പ്രതിപക്ഷ നേതാവാകാനും വേണ്ടിയാണ് സിദ്ധരാമയ്യ സർക്കാരിനെ അട്ടിമറിച്ചതെന്നാണ് ദേവഗൗഡ ആരോപിച്ചത്. ലോകത്തിൽ ആരെങ്കിലും പ്രതിപക്ഷ നേതാവാകാൻ സർക്കാരിനെ താഴെയിറക്കുമോ? എത്ര നിസാരമായ ആരോപണങ്ങളാണിതെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

അധികാര യുദ്ധം
അതേസമയം പാർട്ടിക്കുളളിൽ അധികാര വടംവലികൾ നടക്കുന്നുണ്ടെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. കെപിസിസി അധ്യക്ഷ പദവിയോ, പ്രതിപക്ഷ നേതാവ് സ്ഥാനമോ ലഭിക്കണമെന്ന് ശിവകുമാർ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പ്രതിപക്ഷ നേതാവ് പദവി ശിവകുമാറിന് വിട്ടുനൽകാൻ സിദ്ധരാമയ്യ തയ്യാറല്ല. ബിജെപിക്കെതിരെ ഒന്നിച്ച് പൊരുതേണ്ട സമയമാണിതെന്നും അധികാര രാഷ്ട്രീയത്തെക്കുറിച്ചും ജാതി സമവാക്യങ്ങളെക്കുറിച്ചും തർക്കിച്ച് സമയം കളയുന്നത് ദൗർഭാഗ്യകരമാണെന്നും മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി പറഞ്ഞു. ടീം വർക്കാണ് ബിജെപിയുടെ വിജയമെന്നും എന്നാൽ കോൺഗ്രസിൽ ടീം വർക്കില്ലെന്നും രാമലിംഗ റെഡ്ഡി ആരോപിച്ചു.

പ്രശ്നം ഗുരുതരം
അതേസമയം ശിവകുമാറിന്റെ അറസ്റ്റിൽ ജെഡിഎസിന്റെ ഇടപെടലുകൾക്കെതിരെ കോൺഗ്രസ് ക്യാമ്പിൽ അതൃപ്തി പുകയുന്നുണ്ട്. വൊക്കലിംഗ സമുദായംഗങ്ങൾ കൂടുതലുള്ള മൈസൂർ മേഖലയിൽ ജെഡിഎസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജെഡിഎസ് പ്രതിഷേധങ്ങൾക്ക് വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്നതും കോൺഗ്രസ് ക്യാംപിനെ അസ്വസ്ഥ്യമാക്കുന്നുണ്ട്.

സിദ്ധരാമയ്യ ചൈനയ്ക്ക്
ശിവകുമാറിന്റെ അറസ്റ്റ് ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന് ഉദാഹരണമാണെന്നാണ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും ആരോപിക്കുന്നത്. അതേസമയം സിദ്ധരാമയ്യ മുൻ നിശ്ചയിച്ച പ്രകാരം 10 ദിവസത്തെ ചൈനാ സന്ദർശനത്തിനായി പോവുകയാണ്. കോൺഗ്രസ് ഒറ്റക്കെട്ടല്ല, പക്ഷെ ഞങ്ങൾക്ക് ഭയമില്ല, ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പോരാട്ടം തുടരുമെന്ന് ജെഡിഎസ് ദേശീയ വക്താവ് രമേശ് ബാബു വ്യക്തമാക്കി.
തൃപ്പൂണിത്തുറയില്‍ ബിജെപി നേതാവിന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു