റിങ്കു സിങിന്റെ നിശ്ചയം കഴിഞ്ഞു; വധു പ്രിയ സരോജ് ആരെന്ന് അറിയാമോ? പങ്കെടുത്ത് പ്രമുഖര്‍
ന്യുഡല്‍ഹി: ക്രിക്കറ്റ് താരം റിങ്കു സിങും പാര്‍ലമെന്റ് അംഗം പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ലഖ്‌നൗവിലെ ഹോട്ടലില്‍ വച്ച് ആഡംബരമായിട്ടായിരുന്നു ചടങ്ങ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ക്രിക്കറ്റ് താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹറിലെ ചൗധേര വാലി വിചിത്ര ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് റിങ്കു കുടുംബത്തിനൊപ്പം ഹോട്ടലിലെത്തിയത്.
മുന്‍ ക്രിക്കറ്റ് താരങ്ങളായ പ്രവീണ്‍ കുമാര്‍, പീയൂഷ് ചൗള എന്നിവരെ കൂടാതെ ഉത്തര്‍ പ്രദേശ് രഞ്ജി ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എംപിമാരായ ജയ ബച്ചന്‍, ഡിംപിള്‍ യാദവ്, ഇഖ്‌റ ഹസന്‍, മുതിര്‍ന്ന എസ്പി നേതാക്കളായ രാം ഗോപാല്‍ യാദവ്, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു.

ആരാണ് പ്രിയ സരോജ്?
സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച പാര്‍ലമെന്റ് അംഗമാണ് പ്രിയ സരോജ്. രാജ്യത്തെ പ്രായം കുറഞ്ഞ എംപിമാരില്‍ ഒരാളാണ് ഇവര്‍. ഉത്തര്‍ പ്രദേശിലെ മച്‌ലിഷഹര്‍ മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റിലെത്തിയത്. വരാണസിയിലെ കര്‍ഖിയാവോണ്‍ ഗ്രാമത്തിലാണ് പ്രിയ ജനിച്ചതും വളര്‍ന്നതും. പിതാവ് തുഫാനി സരോജിന്റെ പാത പിന്തുടര്‍ന്നാണ് പ്രിയ രാഷ്ട്രീയത്തിലെത്തിയത്.
കേരാകത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് തുഫാനി സരോജ്. നേരത്തെ മൂന്ന് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. ഒരു വര്‍ഷമായി റിങ്കുവും പ്രിയയും തമ്മില്‍ പരിചയമുണ്ടെന്നും ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്നും തൂഫാന്‍ സരോജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണ് പ്രിയ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ സജീവമായത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബിപി സരോജിനെ 35000ത്തില്‍ അധികം വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതിന് മുമ്പ് 2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിതാവിന് വേണ്ടി പ്രചാരണം നടത്തി ശ്രദ്ധേയയായിരുന്നു.
സ്ഥാനാര്‍ഥിയാണ് എന്നറിഞ്ഞത് ഇങ്ങനെ
അഭിഭാഷകയാകണം എന്നായിരുന്നു പ്രിയയുടെ ആഗ്രഹം. ഡല്‍ഹിയിലെ എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് ബിരുദം നേടിയ ശേഷം നോയിഡയിലെ അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. ശേഷം സുപ്രിംകോടതിയില്‍ അഭിഭാഷകയായി. ജഡ്ജിമാരുടെ പരീക്ഷ എഴുതാനുള്ള ഓണ്‍ലൈന്‍ പഠനത്തിനിടെയാണ് ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ സമാജ്‌വാദി പാര്‍ട്ടി തീരുമാനിച്ച കാര്യം അറിയുന്നത് എന്ന് പ്രിയ പറയുന്നു.
ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയാണ് റിങ്കു സിങ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന താരമാണ്. 2023ലെ ഐപില്‍ മല്‍സരത്തില്‍ അവസാന ഓവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തിയതോടെയാണ് റിങ്കു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രിയയുടെ സുഹൃത്ത് റിങ്കുവിന്റെയും സുഹൃത്താണ്. ഇതാണ് ഇരുവരും പരിചയപ്പെടാന്‍ കാരണം.












Click it and Unblock the Notifications