യുകെയിലെ ബജറ്റ് ഇത്തവണ അവതരിപ്പിക്കുന്നത് ഇന്‍ഫോസിസ് നാരായണ മൂര്‍ത്തിയുടെ മരുമകന്‍ റിഷി സുനക്
ലണ്ടന്‍: മാര്‍ച്ച് 11ന് യുകെയിലെ ബജറ്റ് അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ റിഷി സുനക്. പാക് വംശജനായ സാജിദ് ജാവിദ് രാജി വെച്ചതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ കൂടിയായ റിഷി ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്‌സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ജാവിദിന്റെ പെട്ടെന്നുള്ള രാജി. ഇതോടെ ഇത്തവണത്തെ ബജറ്റ് വൈകുമെന്ന തരത്തിലുള്ള ഊഹോപോഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ നേരത്തെ നിശ്ചയിച്ചത് പോലെ മാര്‍ച്ച് 11ന് തന്നെ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുമെന്ന് റിഷി ട്വീറ്റ് ചെയ്തു. നേരത്തെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു സുനക്.
ബജറ്റിലെ പദ്ധതികള്‍ വളരെയധികം പുരോഗമനപരമാണെന്നും എന്നിരുന്നാലും സുനകിന് സമയം ആവശ്യമാണെന്നും കഴിഞ്ഞയാഴ്ച ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുനകിന് കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും അതിനാല്‍ തിയതി അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. വിശദമായ ബജറ്റ് ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി ജോണ്‍സണും ചാന്‍സലര്‍ സുനക്കും ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയിച്ച ഡിസംബറിലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സുനക് ട്വീറ്റ് ചെയ്തിരുന്നു. ''മാര്‍ച്ച് 11ന് അവതരിപ്പിക്കുന്ന എന്റെ ആദ്യ ബജറ്റിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. ബ്രിട്ടീഷ് ജനതയ്ക്ക് ഞങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള ഒരു ബജറ്റായിരിക്കും അത്''. ഇതായിരുന്നു സുനകിന്റെ ട്വീറ്റ്. യോര്‍ക്ക് ഷെയറിലെ റിച്ച്മണ്ടില്‍ നിന്നുള്ള എംപിയായ സുനക് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെയാണ് വിവാഹം കഴിച്ചത്. 2015ലാണ് അദ്ദേഹം ആദ്യമായി യുകെ പാര്‍ലമെന്റില്‍ അംഗമാകുന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ജോണ്‍സന്റെ തന്ത്രത്തെ പിന്തുണച്ച ശക്തമായ ബ്രെക്‌സൈറ്റര്‍ എന്ന നിലയിലാണ് അദ്ദേഹം പാര്‍ട്ടിയില്‍ അതിവേഗം ഉയര്‍ന്നു വന്നത്.












Click it and Unblock the Notifications